ആകാംക്ഷ നിറക്കുന്ന “ഡ്രാമ”

film news film reviews

രഞ്ജിത്ത് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഡ്രാമാ. ചെറിയ ഒരു ഇടവേളയ്ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. സ്പിരിറ്റിന് ശേഷം രഞ്ജിത്തിന്റെ വിജയിച്ച ചിത്രങ്ങള്‍ കുറവാണ്.

ഇനി ഡ്രാമയിലേക്ക് വന്നാല്‍, ലണ്ടലില്‍ ഇളയ മകളുടെ കൂടെ താമസിക്കുന്ന റോസമ്മ ചാക്കോ അപ്രതീക്ഷിതമായി മരണമടയുന്നു. റോസമ്മയുടെ ഏറ്റവും വലിയ ആഗ്രഹം മരിച്ചാല്‍ മൃതദേഹം നാട്ടില്‍ സ്വന്തം ഭര്‍ത്താവിന്റെ തൊട്ട അപ്പുറത്തു തന്നെ അടക്കണം എന്നതായിരുന്നു. പക്ഷെ മൂത്തമകന്‍ ലണ്ടനില്‍ തന്നെ മതി അടക്കം എന്ന് തീരുമാനിക്കുന്നു. അതിനായി അവര്‍ ഡിക്സണ്‍ ലോപ്പസ് എന്ന ഫ്യൂണറല്‍ സര്‍വീസിനെ സമീപിക്കുന്നു. പല രാജ്യങ്ങളില്‍ ഉള്ള മറ്റു നാലു മക്കള്‍ വരുന്നത് വരെ റോസമ്മയുടെ ബോഡി സൂക്ഷിക്കാന്‍ ഒരിടം വേണം. മൂത്തമകള്‍ ബോഡി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. തുടര്‍ന്ന് ഫ്യൂണറല്‍ സര്‍വീസ് നടത്തുന്ന കമ്ബനി തന്നെ ബോഡി സൂക്ഷിക്കാന്‍ തയ്യാറാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥ.

ചിത്രത്തില്‍ രാജു എന്ന ഫ്യൂണറല്‍ സര്‍വീസ് നടത്തുന്ന ആളായാണ് മോഹന്‍ലാല്‍ വേഷമിട്ടിരിക്കുന്നത്. ആശാശരത്ത്, കനിഹ , രേഖ എന്നിവര്‍ അവരുടെ വേഷങ്ങള്‍ മികച്ചതാക്കി. അരുന്ധതി നാഗ് ആണ് റോസമ്മ ചാക്കോ ആയി വേഷമിടുന്നത്. ജോണി ആന്റണി അവതരിപ്പിച്ച ആന്റോ എന്ന കഥാപാത്രം എടുത്ത് പറയേണ്ടത് തന്നെയാണ്. ജോണി ആന്‍്റണിക്ക് സംവിധാനത്തേക്കാള്‍ നല്ലത് സിനിമാ അഭിനയമാണ് എന്ന് തോന്നിപോകും. ദിലീഷ് പോത്തനും മികച്ചു നിന്നു

രഞ്ജിത്ത് പറഞ്ഞതുപോലെ വല്യ പ്രതീക്ഷയൊന്നും ഇല്ലാതെ പോയികാണാന്‍ പറ്റുന്ന ചിത്രമാണ് ഡ്രാമാ, അതുപോലെ ചെറിയ ഒരു സന്ദേശവും ചിത്രം നല്‍കുന്നുണ്ട്. ഒരു ചെറിയ കഥയെ വളരെ നന്നായി ആവിഷ്കരിക്കാന്‍ രഞ്ജിത്ത് ശ്രമിച്ചിട്ടുണ്ട്. ആദ്യപകുതി അല്പം ഇഴച്ചിലുണ്ടായെങ്കിലും രണ്ടാംപകുതി ആദ്യപകുതിയേക്കാള്‍ മികച്ചുനിന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു ചെറിയ മോഹന്‍ലാല്‍ പടമാണ് ഡ്രാമാ. മുന്‍വിധികള്‍ ഇല്ലാതെ ഡ്രാമയ്ക്ക് ടിക്കറ്റെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *