സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരിക്കുകയാണ് 105 പേര്. അവരില്‍ ചിലര്‍ അറിയപ്പെടുന്ന എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമാണ്. ഭൂരിപക്ഷം പേരെയും സാധാരണ ജനങ്ങള്‍ക്ക് അറിഞ്ഞുകൂടാ. പ്രകാശ് രാജിനെ പോലെയുള്ള ഇതര സംസ്ഥാന നടന്മാരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മോഹന്‍ലാല്‍ പങ്കെടുത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരദാന ചടങ്ങ് ഭംഗിയാകില്ലെന്നാണ് നിവേദനം. എന്താണ് അവരുടെ പ്രശ്നമെന്ന് കത്തില്‍ വ്യക്തമല്ല. രണ്ടുതരത്തിലാണ് അതിന് ന്യായങ്ങള്‍ നിരത്തുന്നത്. ഇന്ദ്രന്‍സിനെ പോലൊരു നടന് പുരസ്കാരം ഏറ്റുവാങ്ങുമ്ബോള്‍, താരത്തിളക്കമുള്ള മോഹന്‍ലാല്‍ വേദിയില്‍ ഇരുന്നാല്‍, ആ താരത്തിളക്കം ഇന്ദ്രന്‍സിന് നഷ്ടമാവുമെന്ന തരത്തിലുള്ള നിഷ്ക്കളങ്കമായ വാദങ്ങളാണ് ചിലര്‍ നിരത്തുന്നത്. രണ്ടാമത്തേത് ഫെമിനിസ്റ്റ് വാദമാണ്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ മുഖ്യാതിഥിയാവാന്‍ യോഗ്യതയുള്ളയാള്‍ അല്ലെന്നാണ് ഈ വാദം.
ഈ വാദങ്ങള്‍ ഒന്നുംതന്നെ ജനാധിപത്യ പ്രക്രിയയില്‍ അനുവദിക്കാന്‍ കഴിയുന്നതല്ല. ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ പങ്കെടുപ്പിച്ചതിനെ ചൊല്ലി ചിലര്‍ വിട്ടുനിന്ന അതേ നാടകമാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. ആകെ വ്യത്യാസം, ആദ്യത്തേത് കേന്ദ്രസര്‍ക്കാരിനെതിരെയും രണ്ടാമത്തേത് പിണറായി സര്‍ക്കാരിനെതിരെയും ആണെന്നത് മാത്രം. സ്മൃതി ഇറാനിയോട് കാട്ടിയ അതേ നീതികേട് തന്നെയാണ് മോഹന്‍ലാലിനോടും കാട്ടുന്നത്. ഈ സമീപനം സിനിമയ്ക്കോ, ജനാധിപത്യത്തിനോ മലയാളിക്കോ നല്ലതല്ല. ഒരുപരിപാടിയില്‍ പങ്കെടുക്കുന്നവരെ ക്ഷണിക്കേണ്ടത് അതിന്റെ സംഘാടകരാണ്. ഇവിടെ സര്‍ക്കാരാണ് മോഹന്‍ലാലിനെ ക്ഷണിക്കേണ്ടത്.
മോഹന്‍ലാലിനെ പങ്കെടുപ്പിച്ചാല്‍ ഇന്ദ്രന്‍സിന്റെ ശോഭ കെടുമെന്ന് ഇന്ദ്രന്‍സ് പോലും സമ്മതിക്കുമെന്ന കരുതാനാവില്ല. ഇന്ദ്രന്‍സിന് പുരസ്കാരം ലഭിച്ച സിനിമയായ ആളൊരുക്കത്തിന്റെ സംവിധായകനായ വി സി.അഭിലാഷ് പോലും ഇക്കാര്യമാണ് പറഞ്ഞത്. ഇതുമാത്രമല്ല, മോഹന്‍ലാലിന്റെ സാന്നിധ്യം ഇന്ദ്രന്‍സിന് അംഗീകാരവും അനുഗ്രഹവുമാണ്. ദിലീപിനെ തിരിച്ചെടുത്തതിന്റെ പേരില്‍ എഎംഎംഎയില്‍ നടക്കുന്ന നാടകങ്ങള്‍ തീര്‍ച്ചയായും അപലപിക്കപ്പെടേണ്ടതാണ്. എന്നാല്‍, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംഘടനയുടെ തലപ്പെത്തിയ മോഹന്‍ലാലിനെ അതിന്റെ പേരില്‍ അപമാനിക്കേണ്ടേതോ, അവഹേളിക്കേണ്ടതോ ആയി ഒന്നുമില്ല. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ പിന്നിലെ രഹസ്യങ്ങള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.
ആര് എന്തൊക്കെ പറഞ്ഞാലും മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ള മഹാനടന് തന്നെയാണ് മോഹന്‍ലാല്‍. ഒരുവ്യവസായമെന്ന നിലയില്‍ മലയാള സിനിമ ഇങ്ങനെ നിലനില്ക്കുന്നതില് ലാലിന്റെ താരത്തിളക്കവും അഭിനയ മികവും അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്. മലയാളത്തിലെ നമ്ബര്‍ വണ്ണായ ലാലിനെ പുരസ്കാരദാന ചടങ്ങിലേക്ക് ക്ഷണിക്കുന്നത് പുരസ്കാരജേതാക്കള്‍ക്കും തീര്‍ച്ചായും അംഗീകാരം തന്നെയാണ്. മമ്മൂട്ടിയോ മോഹന്‍ലാലോ പോലെയുള്ള സൂപ്പര്‍താരങ്ങള്‍ ഇന്ദ്രന്‍സിന് പുരസ്കാരം നല്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്നാല്‍ അതായിരിക്കും വിവാദമാവുക.
കഴിഞ്ഞ വര്‍ഷം വിനായകന് പുരസ്കാരം ലഭിച്ചപ്പോള്‍ മുന്‍നിര താരങ്ങള്‍ എവിടെയെന്ന ചോദ്യം ഉയര്‍ത്തിയിരുന്നു. ലാല്‍ പങ്കെടുക്കുമെന്നായപ്പോള്, പങ്കെടുക്കരുതെന്ന വാദവുമായി അതേ ആള്ക്കാര് രംഗത്ത് വരുന്നു. വിവാദങ്ങളെ പേടിച്ച് ലാലിനെ ക്ഷണിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ പാടില്ല. അതുപോലെ തന്നെ ഇന്ദ്രന്സടക്കമുള്ളവര് ലാലിനെ ക്ഷണിക്കണമെന്ന് പരസ്യമായി ആവശ്യപ്പെടണം. വിവാദങ്ങളിലേക്ക് താനില്ല എന്നുപറഞ്ഞ് ലാല്‍ ഒഴിഞ്ഞുപോകാനും പാടില്ല. ഇത് മലയാള സിനിമയെ ഗ്രഹിച്ചിരിക്കുന്ന ഫാസിസത്തിന്റെ പുതിയ പ്രവണതയാണ്. സിനിമാ പുരസ്കാര ജേതാക്കളെ ആദരിക്കാന്‍ മോഹന്‍ലാല്‍ പങ്കെടുത്തേ മതിയാവൂ…അതായിരിക്കണം മലയാളിയുടെ നിലപാട്.
നടന് മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും ഒഴിവാക്കണമെന്ന ഹര്‍ജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ അഭിപ്രായങ്ങളുമായി താരങ്ങളും രംഗത്ത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ സ്ഥലങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിനിടയിലാണ് നടന് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ പ്രതികരണമറിയിച്ചത്. കേരളം ഇത്തരത്തിലുള്ള കപട ബുദ്ധിജീവി പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധിക്കേണ്ട സമയമായെന്നാണ് ഹരീഷ് കുറിപ്പില്‍ വ്യക്തമാക്കിയത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്ബോളാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ കാണുന്നത് …. പിന്നിടങ്ങോട്ട് T.P. ബാലഗോപാലന്, വാനപ്രസ്ഥം നാടോടിക്കാറ്റ്, പഞ്ചാഗ്നി, അമൃതംഗമയ ദേവാസുരം, കീരിടം, തൂവാനതുമ്ബികള് …. അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത മലയാളികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ സമമാനിച്ച ഒരു മനുഷ്യനെ ഒരു മഹാനടനെ ബഹിഷ്ക്കരിക്കാന്‍ സാസംക്കാരിക കേരളത്തിനാവില്ലാ…കേരളമേ ഇത്തരം കപട ബുദ്ധിജീവി പ്രസതാവനകള്‍ക്ക് നേരെ നിങ്ങള്‍ പ്രതിഷേധിക്കേണ്ട സമയമാണിത്… പ്രിയപ്പെട്ട ചലച്ചിത്ര വിദ്യാര്‍ത്ഥികളെ നിങ്ങള്‍ ഈ നടനെ ബഹിഷ്ക്കരിച്ചാല്‍ പാഠപുസ്തകം കീറി കളയുന്നതു പോലെയാവും… അന്യഭാഷകളില്‍ അഭിനയിക്കാന്‍ ചെല്ലുമ്ബോള് അവിടുത്തെ വലിയ സംവിധായകരും നടന്മാരും ഈ മനുഷ്യനെ പറ്റി വിസമയം കൊള്ളുന്നത് ഞാന്‍ നേരിട്ട അനുഭവിചിട്ടുണ്ട് …. ഇദ്ദേഹത്തെ പോലെ ഒരാളെ വിളിച്ച് വരുത്തിയിട്ട് ഊണില്ലാ എന്ന് പറഞ്ഞാല്‍ അത് നമ്മുടെ സാംസ്കാരിക നയത്തിനുള്ള വലിയ തിരിച്ചടിയാകും….
താരസംഘടനയുടെ തീരുമാനത്തിന്റെ യാഥാര്‍ഥ്യം പോലും മനസ്സിലാക്കാതെ കാളപെറ്റുവെന്ന് പറഞ്ഞ് കയറെടുത്തവരുടെ ഒപ്പുകള്‍ കൊണ്ടൊന്നും മോഹന്‍ലാലിനെ തകര്‍ക്കാനാകില്ലെന്ന് മേജര്‍ രവി. ‘മൃഷ്ടാനഭോജനത്തിനുശേഷമുള്ള നിങ്ങളുടെ ഏമ്ബക്കത്തില് ഞെട്ടിപ്പോകുന്നതല്ല, നാല്‍പ്പതുവര്‍ഷമായി ജനങ്ങള്‍ ഹൃദയത്തിലേറ്റി സ്നേഹിക്കുന്ന മോഹന്‍ലാലിന്റെ ഉറക്കം. ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചാല്‍ പങ്കെടുക്കുക തന്നെ ചെയ്യും. അതിനെ പിന്തുണയ്ക്കാന്‍ നാട്ടിലെ ജനകോടികള്‍ ഉണ്ടാകുമെന്നും’മേജര്‍ രവി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മോഹന്‍ലാലിനെ തടയാന്‍
നിങ്ങളുടെ ഒപ്പ് മതിയാവില്ല മിസ്റ്റര്‍
**********************************
കുറച്ചുനാളായി നമ്മള് കാണുകയാണ് മോഹന്‍ലാലിനെ കേന്ദ്രീകരിച്ചുള്ള ആക്രമണം.എന്തുചെയ്താലും എന്തുപറഞ്ഞാലും കുറ്റം ! പലപ്പോഴും പ്രതികരിക്കാന്‍ തോന്നിയെങ്കിലും സംയമനം പാലിച്ചു. എന്തുപറയുമ്ബോഴും അക്രമികള്‍ക്ക് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മുഖംമൂടിയുണ്ടായിരുന്നു. തുടക്കം മമ്മൂട്ടിക്കുനേരെയായിരുന്നല്ലോ. അദ്ദേഹം അഭിനയിച്ച കഥാപാത്രത്തിന്റെ പേരില്‍ ചെളി വാരിയെറിഞ്ഞു. അദ്ദേഹം കൈകൊടുത്തു വലുതാക്കിയവര്‍കൂടി അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതായിരുന്നു വേദനാജനകം. പിന്നെയായിരുന്നു മോഹന്‍ലാലിനെതിരെയുള്ള നീക്കം. താരസംഘടനയുടെ തീരുമാനത്തിന്റെ യാഥാര്‍ഥ്യംപോലും മനസ്സിലാക്കാതെ കാളപെറ്റുവെന്ന് പറഞ്ഞ് കയറെടുത്തവരാണ് ഇക്കൂട്ടം. ഇപ്പോഴിതാ ആ ശത്രുതയുടെ തുടര്‍ച്ചയായി മോഹന്‍ലാല്‍ മനസാ അറിയാത്ത കാര്യത്തിന്റെ പേരില്‍ കുറേപ്പേര് ഒപ്പുമായി ഇറങ്ങിയിരിക്കുന്നു. അതില്‍ പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങിയവരുടെ പേരുകളുമുണ്ട്. അവരൊന്നും അറിഞ്ഞിട്ടുപോലുമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. എങ്കില്‍ അവരെയൊക്കെ മോഹന്‍ലാല്‍ എന്ന മഹാനടനെതിരെ തിരിച്ചുവിടുന്നത് ആരാണ് ? അതിന്റെ ഉത്തരം സിനിമയിലുള്ളവര്‍ക്കറിയാം, ഒപ്പം പ്രേക്ഷകര്‍ക്കും. ഭരിക്കുന്നവരെ സോപ്പിട്ട്, പണിയില്ലാതെ നടക്കുന്നവരാണ് ഏറെയും. ചിലര്‍ ബോര്‍ഡ് വച്ച കാറുകളിലാണ്. അതൊക്കെയും ഞാനുള്‍പ്പെടുന്ന നാട്ടുകാരുടെ നികുതിപ്പണമാണെന്ന് നിങ്ങള്‍ ഓര്‍ത്താല്‍ നല്ലത്. മൃഷ്ടാനഭോജനത്തിനുശേഷമുള്ള നിങ്ങളുടെ ഏമ്ബക്കത്തില് ഞെട്ടിപ്പോകുന്നതല്ല, നാല്‍പ്പതുവര്‍ഷമായി ജനങ്ങള്‍ ഹൃദയത്തിലേറ്റി സ്നേഹിക്കുന്ന മോഹന്‍ലാലിന്റെ ഉറക്കം. ഇതൊക്കെയും ഇവിടുത്തെ ഭരണകൂടവും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അവരെ അനുകൂലിക്കുന്ന (കു)ബുദ്ധിജീവികള്‍ക്കും രസമായിരിക്കും. പക്ഷെ, സാധാരണക്കാര്‍ക്ക് ഇതിലെ കാപട്യം ആദ്യമേ ബോധ്യപ്പെട്ടതാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് നടക്കുന്നവര്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല, അത് എല്ലാവര്ക്കും ബാധകമാണെന്ന്. അവാര്‍ഡ് ചടങ്ങിലേക്ക് ക്ഷണം കിട്ടിയില് അത് സ്വീകരിക്കണോ വേണ്ടയോ എന്നത് മോഹന്‍ലാലിന്റെ മാത്രം സ്വാതന്ത്ര്യമാണ്. അദ്ദേഹം തീരുമാനിച്ചാല്‍ പങ്കെടുക്കുക തന്നെ ചെയ്യും. അതിെന പിന്തുണക്കാന്‍ ജാതിമതഭേദമന്യെ ഇന്നാട്ടിലെ ജനകോടികളുണ്ടാവും. അത് തടയാന്‍ നിങ്ങളുടെ ഈ ഒപ്പ് മതിയാവില്ല. അവരുടെ വികാരവും വികാരം തന്നെയാണ്. അത് വൃണപ്പെടുത്തുന്നത് നിങ്ങള്‍ക്ക് ഭൂഷണമാവില്ലെന്ന് ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തട്ടെ.
സ്നേഹപൂര്‍വം,
നിങ്ങളുടെ മേജര്‍ രവി.
കഴിഞ്ഞ ദിവസം സംസ്ഥാന പുരസ്കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നല്കിയ സംയുക്ത പ്രസ്താവനയില്‍ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല എന്ന് സംവിധായകന് ഡോക്ടര്‍ ബിജു. ഞങ്ങള്‍ ഉയര്‍ത്തിയ നിലപാട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പോലെ ഒരു സംസ്ഥാനം നല്കുന്ന ആദരവിന്റെ ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യമാണ് എന്നതാണ്. മാത്രമല്ല പുരസ്കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ് എന്നും അത് പാടില്ല എന്നുമാണ് ഞങ്ങള്‍ മുന്നോട്ട് വെച്ചത്. ആ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം വായിച്ചു നോക്കൂ അതിലെവിടെയും ഒരു താരത്തിന്റെയും പേര് എടുത്ത് പറഞ്ഞിട്ടില്ല. മുഖ്യഅതിഥി ആയി വരുന്നത് ഏത് താരമായാലും ഇതാണ് നിലപാട് . ഈ പ്രസ്താവന വായിച്ച ശേഷമാണ് അതില്‍ പേര് വെക്കാന്‍ എല്ലാവരും സമ്മതിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ആ പ്രസ്താവന തന്നെയാണ് മുഖ്യമന്തിക്കും സാംസ്കാരിക മന്ത്രിക്കും നല്‍കിയിട്ടുള്ളത്. ആ പ്രസ്താവന തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതും. ഇങ്ങനെ ഒരു പൊതു നിലപാട് പ്രസിദ്ധീകരിച്ചു കഴിയുമ്ബോള്‍ മാധ്യമങ്ങള്‍ അത് ഏതെങ്കിലും ഒരു താരത്തെ പേര് വെച്ച് വാര്‍ത്ത കൊടുക്കുകയും വിവാദമാകുകയും ചെയ്യുകയും അതെ തുടര്‍ന്ന് മോഹന്‍ലാലിനെതിരായ പ്രസ്താവനയില്‍ നിങ്ങള്‍ പേര് വെച്ചോ എന്ന് ആരോടെങ്കിലും ചോദിച്ചാല്‍ സ്വാഭാവികമായും ഇല്ല എന്നത് തന്നെയാണ് മറുപടി. കാരണം ആ പ്രസ്താവന ഒരു താരത്തിന്റെയും പേരെടുത്ത് അവര്‍ വരാന്‍ പാടില്ല എന്നതല്ല മറിച്ച് ഒരു പൊതു നിലപാട് ആണത്. ഒരു താരത്തിനെതിരെ പേരെടുത്തു പറഞ്ഞുള്ള പ്രസ്താവന അല്ല. അങ്ങനെ ഏതെങ്കിലും ഒരു താരത്തെ പേരെടുത്തു പറഞ്ഞു അവര്‍ക്കെതിരായ ഒരു പ്രസ്താവനയില്‍ ഞങ്ങള്‍ ഒരാളും ഒപ്പ് വെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒപ്പിട്ടവരോട് ആ പ്രസ്താവന പൂര്‍ണ്ണമായി വായിച്ചു കേള്‍പ്പിച്ച ശേഷം ഇത് നിങ്ങള്‍ അറിഞ്ഞിരുന്നുവോ എന്ന് ചോദിക്കൂ , അല്ലാതെ മാധ്യമങ്ങള്‍ ഫോണില്‍ വിളിച്ചു മോഹന്‍ലാലിനെതിരെ നിങ്ങള്‍ ഒപ്പിട്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നല്ലേ പറയാന്‍ സാധിക്കൂ. ആ പ്രസ്താവന ഒന്ന് കൂടി മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും വായിക്കുമല്ലോ എന്നും ബിജു പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലെ മുഖ്യഅതിഥി മുഖ്യമന്ത്രിയും പുരസ്കാര ജേതാക്കളും ആയിരിക്കണം. അതല്ലാതെ മറ്റൊരു മുഖ്യഅതിഥിയെ ക്ഷണിക്കുന്ന കീഴ്വഴക്കം ഉണ്ടാകാന്‍ പാടില്ല, ഈ വര്‍ഷവും തുടര്‍ വര്‍ഷങ്ങളിലും എന്നതാണ് ആ പ്രസ്താവന. അതില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. മാധ്യമങ്ങള്‍ തെറ്റിധാരണ പടര്‍ത്തുന്ന തരത്തില്‍ സെന്‍സേഷണല്‍ ആക്കുന്നതിനായി പ്രസ്താവനയെ ഉപയോഗിക്കരുത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ആദരവോടെ ജേതാക്കള്‍ക്ക് നല്‍കാനുള്ള വേദി ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ നിലപാട്. ഇതില്‍ വ്യക്തികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. മുഖ്യഅതിഥി ആക്കുന്നത് ആരെ ആയാലും ഇത് തന്നെയാണ് നിലപാട് എന്നും ഡോക്ടര്‍ ബിജു പറഞ്ഞു.