തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ തുക എട്ട് ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തലസ്ഥാനത്തെത്താന്‍ മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്കുന്ന വാര്‍ത്ത പുറത്താവുകയും വിവാദമാവുകയും ചെയ്തതോടെയാണ് നടപടി.മുഖ്യമന്ത്രിയുടേത് പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നതിന് സമാന നടപടിയായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു
എന്നാല്‍ തുക ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. വാര്‍ത്ത പുറത്തുവന്നയുടന്‍ റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന് ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്കി.
ഡിസംബർ 26നു തൃശൂരിലെ പാർട്ടിസമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും അവിടെനിന്നു തിരിച്ചു പാർട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റർ യാത്രയ്ക്കു ചെലവായ പണം ദുരന്തനിവാരണ ഫണ്ടിൽനിന്ന് വക മാറ്റാനാണ് നിർദേശിച്ചിരുന്നത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എം. കുര്യനാണ് പണം നൽകുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. എട്ടു ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചെലവായത്.