2021 ലെ യുഫേഫ യൂറോ കപ്പ് യോഗ്യത പ്ലേ ഓഫ് മത്സരത്തില്‍ പരാജയപ്പെട്ടു നോര്‍വേ പുറത്ത്. സെര്‍ബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് നോര്‍വേ പരാജയപ്പെട്ടത്. ഇതോടെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരവും യുവ സൂപ്പര്‍ സ്റ്റാറും ആയ ഹാളണ്ട് യൂറോ കപ്പില്‍ ബൂട്ട് കെട്ടില്ല. അധികസമയത്ത് നീണ്ട മത്സരത്തില്‍ 81 മിനിറ്റില്‍ മിലന്‍കോവിച്ച് സാവിച്ചിലൂടെ സെര്‍ബിയ ആണ് ആദ്യം മുന്നില്‍ എത്തിയത്, 88 മിനിറ്റില്‍ നോര്‍മാനിലൂടെ നോര്‍വേ സമനില പിടിച്ചു. എന്നാല്‍ അധികസമയത്ത് 102 മത്തെ മിനിറ്റില്‍ ഒരിക്കല്‍ കൂടി ഗോള്‍ ലക്ഷ്യം കണ്ട സാവിച്ച് സെര്‍ബിയക്ക് ജയം സമ്മാനിച്ചു. പ്ലേ ഓഫ് ഫൈനലില്‍ ഇസ്രായേലിനെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ മറികടന്ന സ്കോട്ട്ലന്റ് ആണ് സെര്‍ബിയയുടെ എതിരാളികള്‍.
ഗോള്‍ രഹിതമായ മത്സരത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു പെനാല്‍ട്ടി ഷൂട്ട് ഔട്ട് ജയിച്ച് ആണ് ആന്‍ഡ്രൂ റോബര്‍ട്ട്സന്റെ നേതൃത്വതത്തിലുള്ള സ്കോട്ട്ലന്റ് പ്ലേ ഓഫ് ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേസമയം റൊമാനിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു ഐസ്ലാന്റും പ്ലേ ഓഫ് ഫൈനലിലേക്ക് മുന്നേറി. 16, 34 മിനിറ്റുകളില്‍ ഗില്‍ഫി സിഗൂര്ഡ്സന് നേടിയ ഇരട്ടഗോളുകള്‍ ആണ് ഐസ്ലാന്റിനു ജയം സമ്മാനിച്ചത്. പ്ലേ ഓഫ് ഫൈനലില്‍ ബള്‍ഗേറിയയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു വരുന്ന ഹംഗറിയാണ് ഐസ്ലാന്റിന്റെ എതിരാളികള്‍.
1-1 നു സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ബോസ്നിയ ഹെര്‍സഗോവിനയെ പെനാല്‍ട്ടിയില്‍ മറികടന്ന വടക്കന്‍ ഐയര്ലന്റും ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ റിപ്പബ്ലിക് ഓഫ് ഐയര്ലന്റിനെ പെനാല്‍ട്ടിയില്‍ വീഴ്ത്തിയ സ്ലൊവ്യാക്കയും തമ്മില്‍ ആണ് മറ്റൊരു പ്ലേ ഓഫ് ഫൈനല്‍. ബെലാറൂസിനെ ഒരു ഗോളിന് വീഴ്ത്തിയ ജോര്‍ജിയയും കൊസോവക്ക് മേല്‍ ഒന്നിനെതിരെ രണ്ടു ഗോളിന് ജയം കണ്ട വടക്കന്‍ മസഡോണിയയും തമ്മില്‍ ആണ് അവസാന പ്ലേ ഓഫ് ഫൈനല്‍