പരീക്ഷയെഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ കാറ്ററിംഗ് കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കൊല്‍ക്കത്ത സ്വദേശിയായ സ്വര്ണേന്ദ് മുഖര്‍ജിയാണ് തൂങ്ങി മരിച്ചത്. കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് സ്വര്ണേന്ദ്. കോളജിന് സമീപം സ്വര്ണേന്ദും സുഹൃത്തുക്കളും ചേര്‍ന്ന് താമസിക്കുന്ന വാടക കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതേ സമയം ഹാജരില്ലാത്തതിനാല്‍ വിദ്യാര്‍ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്താണ് സ്വര്ണേന്ദ് ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് കോളജിലെ മറ്റ് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്.
സാധാരണഗതിയില്‍ പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണം, 74 ശതമാനം ഹാജര്‍ മാത്രമുണ്ടായിരുന്ന സ്വര്ണേന്ദറിനോട് പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ അഞ്ച് ശതമാനം ഹാജര്‍ പ്രിന്‍സിപ്പലിന് സ്വന്തം നിലയില്‍ നല്കാന് നിയമമുണ്ട്. ഇത് നിഷേധിച്ചതാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് കാരണമെന്ന് സഹപാഠികള്‍ ആരോപിക്കുന്നു. പ്രിന്‍സിപ്പാളിന്റെ പക്കല്‍ നിന്നും ഈ ആനുകൂല്യം നേടാനായി മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് വരെയും നിരന്തരം കോളജ് ഓഫീസുമായി സ്വര്ണേന്ദര് ബന്ധപ്പെടുമായിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു. സ്വര്ണേന്ദറിന്റെ മരണശേഷം കോളജ് തുറന്ന് പ്രവര്‍ത്തിപ്പിച്ചതും വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാക്കാന്‍ കാരണമായി. സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു. കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്.