സര്‍ക്കാരിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാലു ദിവസമായി തുടരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്.
സായാഹ്ന ഒ.പിയുമായും ആര്‍ദ്രം പദ്ധതിയുമായും സഹകരിക്കാമെന്ന് സമരം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ എഴുതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ആര്‍ദ്രം പദ്ധതിയുമായ ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ ആശങ്കകള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കും.
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വൈകീട്ട് ആറു മണി വരെ പ്രവര്‍ത്തിക്കും. മൂന്ന് ഡോക്ടര്‍മാരെ കേന്ദ്രങ്ങളില്‍ ഉറപ്പാക്കും. ഡോക്ടര്‍മാര്‍ അവധിയെടുക്കുന്ന സാഹചര്യത്തില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി ഡിഎംഒ ജില്ലാതലത്തില്‍ റിസര്‍വ് പട്ടികയുണ്ടാക്കും.
പെട്ടെന്നുള്ള സമരം പാടില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സസ്‌പെന്‍ഷനിലുള്ള ഡോക്ടര്‍ മാപ്പപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.