നടന്‍ സുധീര്‍ കരമനയില്‍ നിന്ന് തൊഴിലാളികള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കും. നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം.
സുധീറിന്റെ വീട് നിര്‍മ്മാണത്തിനായി ഗ്രാനൈറ്റ് കൊണ്ടുവന്നപ്പോഴാണ് തൊഴിലാളികള്‍ 25,000 രൂപ നോക്കുകൂലി വാങ്ങിയത്. സി.ഐ.ടിയുവിന്റെ 14 തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്തു.
കോണ്‍ഗ്രസിന്റെ തൊഴിലാളി യൂണിയനായ ഐ.എന്‍.ടി.യു.സിയില്‍ അംഗങ്ങളായ 7 പേരെയും പുറത്താക്കി. അരുശുംമൂട് യൂണിറ്റിലെ തൊഴിലാളികളെയാണ് പുറത്താക്കിയത്. തെറ്റ് പറ്റിപ്പോയെന്ന് തൊഴിലാളികള്‍ സമ്മതിച്ചു.
സംഭവം ഇങ്ങനെ:-
തുടര്‍ച്ചയായ രണ്ടാം ദിനവും തലസ്‌ഥാനത്തു നോക്കുകൂലിയുടെ പേരില്‍ തൊഴിലാളികളുടെ കൊള്ള നടന്നത് ഏറെ വാർത്തകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു ..
ഭീഷണിക്കും അസഭ്യവര്‍ഷത്തിനുമൊടുവില്‍ നടന്‍ സുധീര്‍ കരമനയ്‌ക്കു നഷ്‌ടമായത് 25,000 രൂപയായിരുന്നു . കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് എത്തിച്ച സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലിയിനത്തില്‍ ലക്ഷം രൂപ തൊഴിലാളികള്‍ ആവശ്യപ്പെട്ടതിനുപിന്നാലെയാണു പുതിയ സംഭവം.
ചാക്ക ബൈപ്പാസില്‍ സുധീര്‍ നിര്‍മിക്കുന്ന വീട്ടിലേക്കുള്ള ടൈല്‍സും ഗ്രാനൈറ്റും ഇറക്കുന്നതിനിടയിലെത്തിയ തൊഴിലാളികളാണ് നോക്കുകൂലിയിനത്തില്‍ 25,000 രൂപ പിടിച്ചുപറിച്ചത്. ഇറക്കുകൂലിയായി 16,000 രൂപ ഉറപ്പിച്ചാണു കരാറുകാരന്‍ സുനില്‍ സാധനങ്ങള്‍ കൊണ്ടുവന്നത്. ഇതിനിടെ വിവിധ ട്രേഡ് യൂണിയനുകളില്‍ നിന്നുള്ള തൊഴിലാളികള്‍ സംയുക്‌തമായി എത്തി തടയുകയായിരുന്നു. ലോഡ് ഇറക്കാന്‍ ഒരു ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. കരാറുകാരന്‍ വഴങ്ങില്ലെന്നുകണ്ട് 50,000 രൂപയാക്കി കുറച്ചു. തങ്ങളുടെ തൊഴിലാളികള്‍ ഇറക്കിക്കൊള്ളുമെന്നു കരാറുകാരന്‍ അറിയിച്ചതോടെ അസഭ്യവര്‍ഷവും ഭീഷണിയുമായി. ഒടുവില്‍ 25,000 രൂപയ്‌ക്ക് ധാരണയായെങ്കിലും പണം വാങ്ങിയ ശേഷം സാധനങ്ങള്‍ സ്വന്തം നിലയില്‍ ഇറക്കിക്കൊള്ളാന്‍ പറഞ്ഞു തൊഴിലാളികള്‍ മടങ്ങി.സംഭവം വിവാദമായതോടെ സർക്കാർതന്നെ മുൻകൈയെടുത്തു പ്രശ്നം പരിഹരിക്കകയായിരുന്നു ;