സ്വാമി അഗ്നിവേശിനെ ആക്രമിച്ച സംഭവം കാടത്തം: വി.എസ്

home-slider indian job kerala local

തിരുവനന്തപുരം: ജാര്‍ഖണ്ഡില്‍ സ്വാമി അഗ്നിവേശിനെ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ച സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിച്ച കാടത്തമാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ പ്രസ്‌താവിച്ചു. അങ്ങേയറ്റത്തെ നീചപ്രവര്‍ത്തിയാണിത്. രാജ്യാന്തര അംഗീകാരമുള്ള സാമൂഹ്യപ്രവര്‍ത്തകനും പണ്ഡിതനുമാണ് സ്വാമി അഗ്നിവേശ്. ഇന്ത്യയുടെ മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതില്‍ ബദ്ധകങ്കണമായി പ്രവര്‍ത്തിക്കുന്ന മഹദ് വ്യക്തിയുമാണ്.

ആക്രമണത്തിന് ഒരു പ്രകോപനവും ഉണ്ടായിരുന്നില്ല. അവിടത്തെ ആദിവാസികളുടെ ഉത്സവാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഏറ്റവും അധ:സ്ഥിതരായ ജനതയോടൊപ്പം അവരുടെ ആഘോഷത്തിനെത്തിയത് അദ്ദേഹത്തിന്റെ മാനവികതയെയാണ് കാണിക്കുന്നത്. അങ്ങനെയുള്ള അദ്ദേഹത്തെ ആക്രമിച്ചത് ഏറ്റവും മനുഷ്യത്വരഹിതമാണ്.

ആക്രമണത്തില്‍ തെറ്റില്ലെന്ന മട്ടിലുള്ള ബി.ജെ.പി വക്താവ് പ്രതുല്‍ ഷാദിയൊയുടെ പ്രതികരണം ഇത് ആസൂത്രിതമാണെന്നതിന് തെളിവാണ്. സ്വാമി താമസിച്ച ഹോട്ടലിന് മുന്നില്‍ മര്‍ദ്ദനത്തിന് മുമ്ബ് അക്രമികള്‍ ആക്രോശം മുഴക്കിയപ്പോള്‍ പൊലീസ് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മര്‍ദ്ദനം ഒഴിവാക്കാമായിരുന്നു. ഹോട്ടലിന് മുന്നിലിട്ടാണ് മര്‍ദ്ദിച്ചത്. അക്രമികളെ തത്സമയം പിടികൂടാമായിരുന്നു. ഈ ആക്രമണം തീര്‍ത്തും ആസൂത്രിതമാണെന്നതിന്റെ വ്യക്തമായ സൂചനകളാണിവ. ബി.ജെ.പിയുടെയും, സംഘപരിവാറിന്റെയും ഈ ഫാസിസ്റ്റ് പ്രവണതയ്‌ക്കെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് വി.എസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *