ദില്ലി: സ്വകാര്യ മെഡിക്കല്‍ കോളെജ് മാനേജമെന്റുകള്‍ക്കെതിരെ സുപ്രിം കോടതിയുടെ വിമര്‍ശനം. പണം വാങ്ങി തോന്നിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് സ്വകാര്യ മാനേജുമെന്റുകളുടെ രീതിയാണെന്ന് കോടതി ആരോപിച്ചു . അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരം നിഷേധിക്കുകയാണെന്ന് കോടതി പറഞ്ഞു . നിരവധി കേസുകളില്‍ ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും കോടതി പറഞ്ഞു.
മലബാര്‍ മെഡിക്കല്‍ കോളെജിലെ പ്രവേശനം റദ്ദാക്കിയതിനെതിരെ പത്ത് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. പ്രവേശനം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ കോടതി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കും. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ഹര്‍ജിക്കാരായ ഒന്‍പത് വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേരും ഒന്നാം വര്‍ഷ പരീക്ഷയില്‍ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി.
2016-17 അധ്യയന വര്‍ഷം സ്‌പോട്ട് അഡ്മിഷനിലൂടെ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശനം ലഭിച്ച 10 വിദ്യാര്‍ത്ഥികളാണ് അഡിമിഷന്‍ സാധുവായി കിട്ടാന്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവേശനമേല്‍നോട്ട സമിതി സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. പ്രവേശനത്തിനുള്ള രേഖകള്‍ ഓണ്‍ലൈനായി അപേക്ഷിക്കാത്ത ഈ വിദ്യാര്‍ത്ഥികളും കോളെജും തമ്മില്‍ ഒത്ത് കളിക്കുക ആയിരുന്നു എന്ന് പ്രവേശന മേല്‍നോട്ട സമിതി പറഞ്ഞു.
അതേസമയം, പ്രവേശന മേല്‍നോട്ട സമിതി അംഗീകരിച്ച കോളെജിന്റെ പ്രോസ്‌പെക്ടസ് പ്രകാരമുള്ള സമയപരിധിക്ക് ഉള്ളില്‍ പ്രവേശനത്തിന് ആവശ്യമുള്ള അപേക്ഷയും രേഖകളും കോളെജിന് കൈമാറി എന്നാണ് വിദ്യാര്‍ത്ഥികളുടെ അവകാശ വാദം. സ്‌പോട്ട് അഡ്മിഷന്‍ ആയതിനാല്‍ റെഗുലര്‍ അഡ്മിഷന്‍ പോലെ ഓണ്‍ലൈന്‍ അപേക്ഷ വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു .