കോഴിക്കോട്: സ്വകാര്യ ബസ് സമരത്തില്‍ വലയുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ സൗജന്യ ബസ് സര്‍വീസ്. കോഴിക്കോട് മുക്കത്താണ് ഡി വൈ എഫ് ഐ ബസ് നിരത്തിലിറക്കിയത്.
ബസ് സമരം ദുരിതത്തിലാക്കിയ ജനങ്ങളെ കോഴിക്കോട് മുക്കം സ്റ്റാന്റില്‍ രാവിലെ വരവേറ്റത് ഡി വൈ എഫ് ഐ ഒരുക്കിയ യാത്രാ ബസ്സുകളാണ്. സ്വകാര്യ ബസ്സുകളുടെ സമരത്തിനിടയില്‍ സ്റ്റാന്റിലെത്തിയവര്‍ക്ക് വലിയ ആശ്വാസം.
യാത്രക്കായി ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. യാത്ര തീര്‍ത്തും സൗജന്യം. യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന രാവിലെ 8മുതല്‍ 10 വരെയും വൈകിട്ട് 3മുതല്‍ 6 വരെയുമാണ് 2 ടൂറിസ്റ്റ് ബസ്സുകള്‍ നിരത്തിലിറങ്ങുന്നത്. സമരം തീരുന്നത് വരെ സര്‍വീസ് നടത്താനാണ് തീരുമാനം.
സൗജന്യ യാത്രയുടെ ഫ്ലാഗ് ഓഫ് സി പി ഐ (എം) തിരുവമ്ബാടി ഏരിയ സെക്രട്ടറി ടി വിശ്വനാഥന്‍ നിര്‍വഹിച്ചു. സ്വകാര്യ ബസ്സുകള്‍ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടിലാണ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് ഡിവൈഎഫ് ഐ ഒരുക്കിയ യാത്രാ സൗകര്യത്തെ ആശ്രയിക്കുന്നത്. വിദ്യാർത്ഥികളെയും രോഗികളെയും ജീവനക്കാരെയും പരിഗണിച്ചാണ് ബസ് സർവീസ് നടത്തുന്നതെന്ന് ഡി വൈ എഫ് ഐ മുക്കം മേഖല സെക്രെട്ടറി ജാഫർ ഷെറീഫ് , പ്രസിഡണ്ട് സജി കെ കെ എന്നിവർ പറഞ്ഞു ;