സ്ട്രീറ്റ് ലൈറ്റ്സ് നിരാശപ്പെടുത്തിയോ ? റിവ്യൂ വായിക്കാം –

film news movies

നവാഗതനായ ശാംദത്ത് സൈനുദ്ധീൻ സംവിധാനം ചെയ്ത ഫവാസ് മുഹമ്മദിന്റെ തിരക്കഥയിൽ തീയേറ്ററിലെത്തിയ  ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്.തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കി കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഒരേസമയം റിലീസ് ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

മലയാളത്തിൽ പലകുറി പരീക്ഷിച്ച് വിജയം കണ്ടിട്ടുള്ള ആഖ്യാനശൈലിയാണ് നോൺ ലീനിയർ ഹൈപ്പർലിങ്കിങ്ങ്.ട്രാഫിക്കും ചാപ്റ്റേഴ്സുമൊക്കെ പുതു അനുഭവങ്ങൾ സമ്മാനിച്ചത് കഥയുടെ ആഖ്യാനത്തിലുള്ള പുതുമകൊണ്ടാണ്.ഒരുപോലെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റാവുന്നതും എന്നാൽ അതുപോലെ ശ്രമകരവുമായ ഒരു ദൗത്യം കൂടിയാണ് അത്.സ്ട്രീറ്റ് ലൈറ്റിലും ഇതേ മാതൃകയാണ് പിന്തുടർന്നിരിക്കുന്നത്.

തന്റെ അങ്കിളിന്റെ വീട്ടിൽ നടന്ന ഒരു മോഷണത്തിന്റെ ചുവട് പിടിച്ച് ജയിംസ് എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ അന്വേഷണം ആരംഭിക്കുന്നു.തുടർന്ന് അദ്ദേഹത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതനുസരിച്ച് മറ്റൊരു ട്രാക്കിൽ വേറെ ചിലരുടെ ജീവിതം കൂടേ സ്ക്രീനിൽ തെളിയുന്നു.വൈകാതെ അവരും ഈ ട്രാക്കിലേക്ക് ചേക്കേറുന്നു.ഇങ്ങനെ പോവുന്നു സ്ട്രീറ്റ്ലൈറ്റിന്റെ കഥ.

ഒരു രാത്രി തുടങ്ങി പിറ്റേന്ന് രാത്രി അവസാനിക്കുന്ന കഥയാണ് ചിത്രത്തിന്റേത്.അതിനാൽ തന്നെ കഥയിലും ആഖ്യാനത്തിലും ചടുലതയും കൗതുകവും നിറക്കുക നിർബന്ധമാണ്.എന്നാൽ സ്ട്രീറ്റ് ലൈറ്റിന് നഷ്ടപ്പെട്ടതും അത് തന്നെയാണ്.തുടക്കത്തിലൊക്കെ കൗതുകം ജനിപ്പിക്കുന്നുണ്ടെങ്കിലും പിന്നീട് അത് താങ്ങി നിർത്താൻ ആയിട്ടില്ല.എന്നാൽ സഞ്ചാരത്തിന് ആവശ്യത്തിന് വേഗതയുമുണ്ട്.അതിനാൽ ബോറടിപ്പിക്കുന്നില്ല എന്ന ഘടകം മുതൽക്കൂട്ടാണ്.

കഥാപാത്രങ്ങളെ പരിചയപ്പെടുത്താൻ അധികം സമയം ഉപയോഗിച്ചിട്ടില്ല.അതിനാൽ തന്നെ കഥാപാത്രങ്ങളോട് അത്ര അടുപ്പവും തോന്നിക്കുന്നില്ല.സ്കൂളിൽ പഠിക്കുന്ന മണി എന്ന കുട്ടിയുടെ കുടുംബാന്തരീക്ഷവും സൗബിന്റെയും ലിജോമോളുടെയും പ്രണയവും തരക്കേടില്ലാതെ കാണിച്ചിട്ടുണ്ട്.ജയിംസിന്റെ കഥ തന്ത്രപരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് സിനിമയിൽ.എന്നാൽ പിഴവ് പറ്റിയത് ഇവയെല്ലാം കൂടിയോജിപ്പിച്ച പോയിന്റുകളിലാണ്.

പലപ്പോഴും വിശ്വാസയോഗ്യമല്ലാതാവുന്നുണ്ട് കണ്ണി ചേർക്കപ്പെടുന്ന പോയിന്റുകൾ.എന്നാൽ അത് കഴിഞ്ഞുള്ള രംഗങ്ങളിൽ അത് ഏറെക്കുറെ ബാലൻസ് ചെയ്യുന്നുണ്ട്.പിന്നെ കണ്ണി ചേർന്ന ശേഷമുള്ള കഥാപാത്രങ്ങളുടെ സ്പേസ് പലരുടെയും കാര്യത്തിൽ തീരെ കുറവാണ്.ചില കഥാപാത്രങ്ങളെ മാത്രമെ ഹൈലൈറ്റ് ചെയ്യുന്നുമുണ്ട് അത്തരത്തിൽ.അതൊക്കെയും പോരായമായായി നിഴലിക്കുന്നുണ്ട്.

തിരക്കഥയിൽ പറഞ്ഞിരിക്കുന്നത് ഭംഗിയായി സ്ക്രീനിൽ കാണിച്ചിട്ടുണ്ട് സംവിധായകൻ.നല്ല രീതിയിൽ തന്നെ തന്റെ ആദ്യ സംവിധാന സംരംഭത്തിൽ തന്റെ ഭാഗം ഭാഗിയാക്കിയിട്ടുണ്ട്.തന്റെ ആദ്യ ചിത്രത്തിനായി വ്യത്യസ്തതയിൽ കൈവെച്ചത് നല്ലൊരു നീക്കം ആയിരുന്നു.ഒരു പരിധി വരെ വിജയം കണ്ടിട്ടുണ്ട്.എന്നാൽ തിരക്കഥയാണ് ചിത്രത്തിൽ പോരായ്മയായി നിഴലിക്കുന്നത്.കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നല്ലൊരു ത്രില്ലറായി മാറുമായിരുന്നു ചിത്രം.ആദ്യ ദിവസങ്ങളിലെ നെഗറ്റിവ് റിവ്യൂ എന്നിലെ പ്രേക്ഷകന്റെ പ്രതീക്ഷകൾ പാടെ ഇല്ലാതാക്കിയതിനാൽ ശരാശരി ആസ്വാദനം ലഭിക്കുവാൻ ഇടയായി.

ഇനി പ്രകടനത്തിലേക്കു വരികയാണെങ്കിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്.എന്നാൽ ആ കഥാപാത്രത്തെയും സ്റ്റൈലിനെയും ഓവറായി expose ചെയ്ത് കാണിക്കുന്നത് മടുപ്പിക്കുന്ന കാഴ്ചയാവുന്നുണ്ട്.

സൗബിൻ,ലിജോ മോൾ,ആദിഷ് പ്രവീണ്,സ്റ്റണ്ട് സിൽവ,ധർമജൻ,ഹരീഷ് തുടങ്ങി വൻ താരനിരയുണ്ട് കൂടെ.എല്ലാവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ പശ്ചാത്തലസംഗീതം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.അത് സിനിമയ്ക്ക് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്.പല സന്ദർഭങ്ങളിലും ത്രില്ലടിപ്പിക്കാൻ പോന്നതായിരുന്നു അവ.എന്നാൽ പാട്ടുകൾ ഒരെണ്ണം മാത്രം ഇഷ്ടപ്പെട്ടു.മറ്റൊരെണ്ണം നിരാശ മാത്രം നൽകി.

ഒരു മോഷണവും അത് അന്വേഷിക്കാനിറങ്ങുന്ന പോലീസും സംഘവും സിനിമക്ക് തുടക്കമിടുന്നു.തുടർന്ന് അതിലേക്ക് കണ്ണികളായി ഓരോ കഥകൾ വന്ന് ചേരുന്നു.ഹൈപ്പർലിങ്കിങ്ങ് പോലെ പല കഥകൾ ഒരു പോയിന്റിൽ വന്ന് ചേരുന്നു.ഇതാണ് കഥയുടെ പൊതുരൂപം.

തിരക്കഥയുടെ ബലമില്ലായ്മയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ.മറ്റെല്ലാ ഘടകങ്ങളും മികവ് പുലർത്തുമ്പോഴും തിരക്കഥയുടെ പാളിച്ചകൾ മറക്കാൻ സാധിക്കുന്നില്ല.ലിങ്കിങ്ങിൽ വിശ്വാസയോഗ്യമല്ലാത്ത വസ്തുതകൾ ഉപയോഗിച്ചതും തിരിച്ചടിയായിട്ടുണ്ട്.എന്നിരുന്നാലും പ്രതീക്ഷയില്ലാതെ പോയാൽ ശരാശരി ആസ്വാദനം പ്രദാനം ചെയ്തേക്കും.ബോറടിപ്പിക്കുന്നില്ല ഈ ഒറ്റ ദിവസയാത്ര. ,മൊത്തത്തിൽ പറഞ്ഞാൽ ഒരു തവണ കണ്ടിരിക്കാവുന്ന സാധാരണ ചിത്രം മാത്രമാവുന്നു സ്ട്രീറ്റ് ലൈറ്സ്

my rating :- 2.75 / 5

Leave a Reply

Your email address will not be published. Required fields are marked *