സോളോ’ – review

film reviews

■ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന നാലു ചിത്രങ്ങളുടെ ആന്തോളജിയാണ് സോളോ. കേരളാ കഫേ, അഞ്ചു സുന്ദരികൾ, ഡി കമ്പനി, അവിയൽ എന്നീ ചിത്രങ്ങൾക്കുശേഷം മലയാളത്തിലിറങ്ങുന്ന ആന്തോളജി ചിത്രമാണ്‌ ഇത്‌. ദൈർഘ്യം കുറഞ്ഞ കഥാതന്തുക്കളുടെ അവതരണം ഒറ്റച്ചിത്രത്തിലൂടെ കാണാം എന്നതാണ്‌ ഈ ഗണത്തിൽപ്പെട്ട ചിത്രങ്ങളുടെ പ്രധാന ആകർഷണീയത.

●നാളുകൾ കഴിയും തോറും ഒരഭിനേതാവ്‌ എന്ന നിലയിലും നല്ല തിരഞ്ഞെടുപ്പുകളുള്ള നടൻ ഏന്ന നിലയിലുമുള്ള ദുൽഖർ സൽമാന്റെ അഭിവൃദ്ധി അത്ഭുതകരമാണ്‌. ആരാധകരും പൊതു പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സോളോ. അതിനു മറ്റ്‌ ചില കാരണങ്ങൾ കൂടിയുണ്ട്‌. നാലു വ്യത്യസ്ത കഥകൾ, നാലിലും ഒരേ ഹീറോ, നാലു ഗെറ്റപ്പുകളിൽ ഒരൊറ്റ സിനിമയിൽ – അതും തമിഴിലും മലയാളത്തിലുമായി രണ്ട് ഭാഷകളിൽ ഒരേ ദിവസം റിലീസ്..! മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇത്‌ ഏറെ അഭിമാനം പകരുന്ന ഒന്നുതന്നെയാണ്‌. മോഹൻ ലാൽ അഭിനയിച്ച നിശബ്ദ ഹ്രസ്വചിത്രമായ ‘റിഫ്ളക്ഷനി’ലൂടെ അരങ്ങേറ്റം കുറിച്ച ബിജോയ് നമ്പ്യാരുടെ ആദ്യ മലയാളചിത്രമാണ് ‘സോളോ.’ മണിരത്‌നത്തിന്റെ സംവിധാന സഹായിയായിരുന്ന അദ്ദേഹം സെയ്ത്താൻ, ഡേവിഡ്, വാസിർ എന്നീ ചിത്രങ്ങൾക്കുശേഷം മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ‘സോളോ’ ഒരു പരീക്ഷണ ചിത്രമാണ്.

 

■ഹൈന്ദവ പുരാണത്തിലെ ശിവഭഗവാന്റെ നാല് വ്യതസ്ത ഭാവങ്ങള്‍ അല്ലെങ്കിൽ അവതാരങ്ങള്‍ എന്ന് വിശേഷിപിക്കാവുന്ന പ്രവർത്തനനിരതമായ പ്രകൃതിശക്തികളെ അധിഷ്ടിതമാക്കിയാണ്‌ സോളോയിലെ ഓരോ കഥയും ആഖ്യാനിക്കപ്പെടുന്നത്‌. വേൾഡ് ഓഫ് രുദ്ര, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുന്നത്‌. ഭൂമി, വായു, ജലം, അഗ്നി എന്നിങ്ങനെ നാല് പ്രതിഭാസങ്ങളെ കേന്ദ്രീകരിച്ച്‌ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിൽ വേൾഡ് ഓഫ് ശേഖർ ജലത്തേയും വേൾഡ് ഓഫ് ത്രിലോക് വായുവിനേയും വേൾഡ് ഓഫ് ശിവ അഗ്നിയേയും വേൾഡ് ഓഫ് രുദ്ര ഭൂമിയേയും പ്രതിനിധാനം ചെയ്യുന്നു. ഈ കഥാകളിൽ പ്രണയവും പ്രതികാരവും വന്നുചേരുന്നു. ശിവ, രുദ്ര, ശേഖര്‍, ത്രിലോക് എന്നിങ്ങനെ ശിവന്‍റെ പര്യായങ്ങള്‍ പേരുകളാക്കിയ നാല് കഥാപാത്രങ്ങളെയാണ് ദുല്‍ഖര്‍ ‘സോളോ’യില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ കാർഡ്‌ പോലും ശിവമയമായിരുന്നു.

■ബിജോയ്‌ നമ്പ്യാർ തന്റെ സിനിമയുടെ തിരക്കഥയിൽ ശിവന്റെ അവതാരങ്ങളോട് ചേർന്ന് നിൽക്കുന്ന വിധത്തിലാണ്‌ കഥാപാത്രങ്ങളെ വികസിപ്പിച്ചിരിക്കുന്നത്‌. ശിവന്റെ രണ്ട്‌ ഇമോഷനുകളിലാണ്‌ സോളോ കേന്ദ്രീകരിയ്ക്കപ്പെട്ടിരിക്കുന്നത്‌. പഞ്ച ഭൂതങ്ങളിലെ നാല് ഭൂതങ്ങളുടെ വ്യാഖ്യാനം സംവിധായകൻ ഓരോ കഥയുടെയും ഭാഗമാക്കിയിട്ടുണ്ട്. ചിത്രത്തിലുൾപ്പെട്ട നാലു കഥകളിൽ രണ്ടു കഥകള്‍ പ്രണയത്തിലും മറ്റു രണ്ടു കഥകള്‍ രൗദ്രഭാവത്തിലും ഊന്നി നിൽക്കുന്നു. ശിവന്റെ ഈ രണ്ടു ഇമോഷനുകളുടെയും ഭാഗമായി അറിയപ്പെടുന്ന അവതാരങ്ങളെയാണ് സോളോയിലൂടെ സംവിധായകൻ വിശകലനം ചെയ്യുന്നത്‌. നാലു കഥാപാത്രങ്ങളെയും നാലുവിധങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്‌. നാലുപേരും പരസ്പരംബന്ധിതമായ വ്യക്തിത്വങ്ങളോ സ്വഭാവഗുണങ്ങളോ ഉള്ളവരല്ല. എന്നാൽ ഇവരെ പരസ്പരം കണക്ട്‌ ചെയ്യുന്നത്‌ ശിവന്റെ ഗുണഗണങ്ങളിലൂടെയാണ്‌.

■ശിവന്റെ നാലു വ്യത്യസ്ഥ ഭാവങ്ങളിൽ ആദ്യത്തേത്‌ ജലവുമായി താരതമ്യപ്പെടുത്തി, വേൾഡ്‌ ഓഫ്‌ ശേഖർ എന്ന കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. അന്ധയായ രാധികയെ പ്രണയിക്കുന്ന വിക്കുള്ളവനായ ശേഖറിന്റെ കഥ വളരെ സാവധാനമാണ്‌ നീങ്ങുന്നത്‌. വിക്കുള്ള കഥാപാത്രത്തെ നല്ല വിധത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ചിട്ടുണ്ട്‌. രാധികയായി അഭിനയിക്കുന്ന ധൻസിക മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. വൈകാരിക രംഗങ്ങളിലേയ്ക്ക്‌ കടക്കുമ്പോൾ ചിത്രം തെല്ല് ബോറടിപ്പിക്കുന്നു. സൗബിന്റെ ഹാസ്യസംഭാഷണങ്ങൾ ആശ്വാസകരമായിരുന്നെങ്കിലും, ഇഴഞ്ഞുനീങ്ങുന്ന ‘ശേഖറിന്റെ കഥ’ ആദ്യഭാഗത്തുതന്നെ കൂട്ടിച്ചേർത്തത്‌ പിരിമുറുക്കം സമ്മാനിച്ചു. വേൾഡ്‌ ഓഫ്‌ ശേഖറിന്റെ സംഗീതവിഭാഗം വളരെ മോശമായിരുന്നു. നാൽപ്പത്തിയഞ്ചു മിനിറ്റുകൾക്കിടയിൽ കുത്തിത്തിരുകിയ “കണ്ടു ഞാൻ പെണ്ണേ..” “തിത്തിത്താരാ തിത്തിത്തൈ” തുടങ്ങിയ ഗാനങ്ങൾ ആസാദ്യകരമല്ലായിരുന്നു. പശ്ചാത്തലസംഗീതവും മോശം. മൊത്തത്തിൽ വേൾഡ്‌ ഓഫ്‌ ശേഖർ നൽകുന്നത്‌ ശരാശരി സംതൃപ്തി മാത്രമാണ്‌.

■ശിവന്റെ ഭാവങ്ങളിൽ മറ്റൊന്നായ വായുവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വേൾഡ്‌ ഓഫ്‌ ത്രിലോക്‌ മനസ്സിൽ പതിയുന്ന ഒരു നല്ല കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നു. ഒരപകടത്തിൽ ഭാര്യയെ നഷ്ടപ്പെടുന്ന ത്രിലോക്‌ പ്രതിയോഗിയെ തേടിയെത്തുകയാണ്‌. ത്രിലോക്‌ മേനോൻ ഏന്ന വെറ്ററിനറി ഡോക്ടറായി ദുൽഖർ സൽമാനും, ഐഷ എന്ന കഥാപാത്രമായി ആർതി വെങ്കിടേഷും വേഷമിട്ടു. ആൻസൺ പോൾ, ആൻ അഗസ്റ്റിൻ, രഞ്ജി പണിക്കർ തുടങ്ങിയവർ വേഷമിടുന്ന ഈ കഥ സംഹാരത്തിലേയ്ക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. പ്രാധാന്യമുള്ള സംഭാഷണരംഗങ്ങൾ വേൾഡ്‌ ഓഫ്‌ ത്രിലോകിന്റെ പ്രത്യേകതയാണ്‌. സംഗീതവിഭാഗം തൃപ്തികരമല്ല.

■സോളോയിലെ ഏറ്റവും നല്ല കഥ എന്ന് പറയാവുന്നത്‌ ശിവയുടേതാണ്‌. അഗ്നിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ കഥയിൽ അമ്മയുടെ അസാന്നിധ്യത്തിൽ വളർന്ന ശിവ പിൽക്കാലത്ത്‌ ഗുണ്ടയായി വളരുന്നു. കൊട്ടേഷനും മറ്റുമായി ജീവിക്കുന്ന ഒരു സംഘം ശിവയ്ക്കൊപ്പമുണ്ട്‌. പരുക്കനായി എല്ലാവരോടും പെരുമാറുന്ന ശിവയ്ക്ക്‌ ഒരിക്കൽ വലിയൊരു പ്രശ്നത്തെ അഭിമുഖീകരിയ്ക്കേണ്ടതായി വരുന്നു. ശിവയുടെ ഗാങ്‌സ്റ്റർ കഥ റിയലിസ്റ്റിക്‌ ആയിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്‌. ജ്യേഷ്ടാനുജബന്ധം, ഭാര്യ-ഭർതൃ ബന്ധം ഇവയെല്ലാം വേൾഡ്‌ ഓഫ്‌ ശിവയിൽ പശ്ചാത്തലമായി വന്നുചേരുന്നുണ്ട്‌. ശിവയായി ദുൽഖർ സൽമാൻ പെർഫോം ചെയ്തപ്പോൾ, രുക്കു എന്ന കഥാപാത്രമായി ശ്രുതി ഹരിഹരൻ വളരെയധികം വെറുപ്പിച്ചു. നായികയുടെ ഡയലോഗ്‌ പ്രസന്റേഷനൊക്കെ നാടകീയമായിരുന്നു. അവസാനഭാഗങ്ങളിലേയ്ക്ക്‌ കടക്കുമ്പോൾ ചിത്രം ചടുലമാകുന്നുണ്ട്‌. ചിത്രത്തിലെ ഏറ്റവും മികച്ച കഥയും സംഗീതവിഭാഗവും വേൾഡ്‌ ഓഫ്‌ ശിവ തന്നെ. വളരെ മികച്ച പശ്ചാത്തലസംഗീതമാണ്‌ വേൾഡ്‌ ഓഫ്‌ ശിവയിലേത്‌. ഐഗിരി നന്ദിനി നന്ദിതമേദിനി’യുടെ റീമിക്സ്‌ നന്നായിട്ടുണ്ട്‌.

■ശിവന്റെ ഭാവങ്ങളിലൊന്നായ ഭൂമിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വേൾഡ്‌ ഓഫ്‌ രുദ്രയാണ്‌ ഏറ്റവുമൊടുവിൽ ചേർത്തിരിക്കുന്നത്‌. സൈനിക പരിശീലനം നടത്തുന്ന രുദ്രാ രമചന്ദ്രന്റേയും അക്ഷരയുടേയും പ്രണയകഥയാണ്‌ ചിത്രം. രസകരമായി ആരംഭിച്ചെങ്കിലും സിനിമയുടെ പ്രാഥമിക ഭംഗിയ്ക്ക്‌ ഒട്ടും ചേരാത്ത ഉപസംഹാരഭാഗങ്ങൾ അസംതൃപ്തിയുളവാക്കി. നാസർ അവതരിപ്പിച്ച അഛൻ കഥാപാത്രവുമായുള്ള ദുൽഖറിന്റെ സംഭാഷണരംഗങ്ങൾ ശ്രദ്ധേയമാണ്‌. എന്നാൽ ക്ലൈമാക്സിലേയ്ക്കെത്തുമ്പോൾ അത്‌ തികച്ചും ബാലിശമായിത്തീരുന്നു. നായികയുടെ സാഹചര്യങ്ങളെ ന്യായീകരിക്കുവാനായി സംവിധായകൻ കണ്ടെത്തിയ മാർഗ്ഗം സഹതാപകരമായിരുന്നു. എന്തുതന്നെയായാലും ഇന്നത്തെ ആധുനിക ലൈഫിന്റെ ഭാഗമായി ഇത്തരത്തിലുള്ള സംഭവങ്ങളെ നമുക്ക്‌ കാണാം. സൂരജ്‌ എസ്‌ കുറുപ്പിന്റെ ഗാനവും പശ്ചാത്തലസംഗീതവും ഗംഭീരമായിരുന്നു. (യുവസംഗീതസംവിധായകരിൽ ഏറ്റവും പ്രതീക്ഷയുള്ളതും ഇദ്ദേഹത്തിലാണെന്ന് കൂട്ടിച്ചേർക്കുന്നു.)

■ഒരു എന്റർടൈനർ ആയിട്ടല്ല സംവിധായകൻ ചിത്രമൊരുക്കിയിരിക്കുന്നത്‌. സ്ലോ ടെല്ലിംഗ്‌ രീതി പലരേയും മടുപ്പിച്ചേക്കാം. ഒരു കഥയിൽ നിന്നും അടുത്തതിലേയ്ക്കുള്ള മാറ്റം പലപ്പോഴും ഉൾക്കൊള്ളുവാൻ കഴിയാതെ വരുന്നുണ്ട്‌. ശിവ ഒരു പവർഫുൾ കഥാപാത്രമാണ്‌. സംഭാഷണത്തിന്‌ പരിമിതികളുള്ള കഥാപാത്രമാണ്‌ ശേഖർ. ശാന്തപ്രകൃതനാണെങ്കിലും പെട്ടന്ന് ഭാവഭേദങ്ങളുണ്ടാവുന്ന, ലക്ഷ്യത്തിലേക്കെത്തുവാൻ പോരാടുന്ന ഒരു കഥാപാത്രമാണ്‌ ത്രിലോക്‌. എടുത്തുചാട്ടക്കാരനായ രുദ്രയെ ആർക്കും വേഗത്തിൽ ഇഷ്ടമാകാനിടയില്ല. ഇത്തരത്തിലുള്ള നാലുകഥാപാത്രങ്ങളെ സ്വാംശീകരിച്ചുകൊണ്ട്‌, ഒരഭിനേതാവെന്ന നിലയിൽ ദുൽഖർ സൽമാൻ മികച്ച പ്രകടനം കാഴ്ചവച്ചു. നാലു കഥകളിൽ ‘വേൾഡ്‌ ഓഫ്‌ ശിവ’യാണ്‌ താരതമ്യേന മികച്ചുനിൽക്കുന്നത്‌. ഭൂതഗണങ്ങളുമായി നേർക്കുനേർ പോരാടുന്ന ശിവയിലെ ഇമോഷണൽ രംഗങ്ങളും അവസാനഭാഗങ്ങളും ശ്രദ്ധേയമാണ്‌. വേൾഡ്‌ ഓഫ്‌ ത്രിലോകും തൃപ്തികരമാണ്‌.

■മധു നീലകണ്ഠൻ, ഗിരീഷ്‌ ഗംഗാധരൻ, സെജൽ ഷാ എന്നിവർ ചേർന്ന് ഛായാഗ്രഹണം മികച്ച രീതിയിൽ നിർവ്വഹിച്ചിട്ടുണ്ട്‌. വേൾഡ്‌ ഓഫ്‌ രുദ്രയും വേൾഡ്‌ ഓഫ്‌ ത്രിലോകും വിഷ്വലൈസേഷന്റെ കാര്യത്തിൽ മുന്നിട്ട്‌ നിൽക്കുന്നു. ശ്രീകർ പ്രസാദ്‌ ചിത്രസംയോജനവും നിർവ്വഹിച്ചു. തൈക്കുടം ബ്രിഡ്ജ് ഗോവിന്ദ് മേനോൻ, മസാല കോഫി ബാന്റ് ഫിൽറ്റർ കോഫി, പ്രശാന്ത് പിള്ള, സൂരജ് എസ് കുറുപ്പ്, അഭിനവ് ബൻസാൽ അഗം എന്നിവരാണ്‌ സംഗീതനിർവ്വഹണം.

OVERALL VIEW
■ഇതൊരു ആന്തോളജിയാണ്‌. (കഥാസമാഹാരം) നാലു തലങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ നാലു കഥകളുടെ കൂടിച്ചേരൽ. ആ വിധത്തിൽ വീക്ഷിക്കുകയാണെങ്കിൽ സോളോയെ നാലു ഭാഗങ്ങളായിത്തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു. നാലുകഥകളിൽ രണ്ടെണ്ണം കൊള്ളാം. ഒരെണ്ണം ശരാശരിയും, മറ്റൊരെണ്ണം വളരെ മോശവും. ആകെത്തുകയിൽ ടിക്കറ്റെടുത്ത്‌ തിയെറ്ററിൽ കയറുന്ന പ്രേക്ഷകന്‌ സംതൃപ്തി ലഭിക്കുന്നുണ്ട്‌. അമിത പ്രതീക്ഷകളില്ലാതെ അതാത്‌ വിഭാഗങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്‌ സോളോയെ ഗൗരവപൂർവ്വം സമീപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *