കെ പി സി സി പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിലൂടെ ‘വോട്ടെടുപ്പ് തുടങ്ങി’. മത്സരാര്‍ത്ഥികള്‍ കെ സുധാകരനും മുല്ലപ്പളളിയും. കെ മുരളീധരന്റേയും വി ഡി സതീശന്റേയും പേരുകളും കമന്റുകളായി ആളുകള്‍ നിര്‍ദേശിക്കുന്നു. കണ്ണൂര്‍ കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസാണ് രാഹുല്‍ ഗാന്ധിയുടെ പേജില്‍ വിസിറ്റേഴ്സ് പോസ്റ്റ് വഴി വോട്ടെടുപ്പു നടത്തുന്നത്.
സ്വന്തം അക്കൗണ്ടില്‍നിന്നു പേജില്‍ കയറി കെ. സുധാകരന്റെയോ, മുല്ലപ്പള്ളിയുടെയോ ചിത്രത്തില്‍ ക്ലിക്ക് ചെയ്യാം. വോട്ട് വീഴും. ഒരാള്‍ക്ക് ഒരു വോട്ട് മാത്രമേ ചെയ്യാന്‍ കഴിയൂ. ഒരു തവണ ചെയ്ത വോട്ട് മാറ്റി ചെയ്യണമെന്നു തോന്നിയാല്‍ അതിനും അവസരമുണ്ട്. അണ്‍ഡൂ വോട്ട് എന്ന ഓപ്ഷനാണ് ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ളത്. ജൂണ്‍ 15ന് അര്‍ധരാത്രി വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം.
രണ്ടുദിവസമായി നടക്കുന്ന വോട്ടെടുപ്പില്‍ ഇതുവരെ 4,600 പേര് വോട്ട് രേഖപ്പെടുത്തി. നിലവില്‍ മുന്‍തൂക്കം സുധാകരനാണെങ്കിലും വരുംദിവസങ്ങളില്‍ അത് മാറിമറിയാം. ഇവര്‍ക്കു പുറമേ, കെ. മുരളീധരന്റെയും വി.ഡി. സതീശന്റെയും പേരുകള്‍ കമന്റുകളിലൂടെ ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവരെ ആകെ ആയിരത്തോളം കമന്റുകളാണ് ഇത്തരത്തില്‍ ലഭിച്ചത്.
കേരളത്തിലെ ജനങ്ങള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെയാണ് ആഗ്രഹിക്കുന്നതെന്ന കാര്യം രാഹുല്‍ ഗാന്ധിയെ നേരിട്ട് അറിയിക്കുന്നതിനാണു രാഹുല്‍ ഗാന്ധിയുടെ പേജില്‍ വോട്ടെടുപ്പു നടത്തുന്നതെന്നു സുധീപ് ജയിംസ് പറഞ്ഞു. കെ. സുധാകരന്റെ അനുയായി കൂടിയാണു സുധീപ്.