കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണ ബംപറിന്റെ വിജയി ആരെന്നുള്ള സസ്പെന്‍സിന് അവസാനം. ദുബായില്‍ കഴിയുന്ന വയനാട് പനമരം സ്വദേശിയായ സെയ്തലവിയാണ് ഓണം ബംബറടിച്ച ഭാഗ്യവാന്. അബു ഹെയിലില്‍ ഒരു മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് 44 വയസ്സുകാരനായ സെയ്തലവി.
സെയ്തലവി നേരിട്ടല്ല ഈ ടിക്കറ്റെടുത്തതെന്നാണ് വിവരം. ഒരാഴ്ച മുന്‍പ് സെയ്തലവിയുടെ സുഹൃത്താണ് സമ്മാനാര്‍ഹമായി ടിക്കറ്റെടുത്തത്. ഇതിനുള്ള പണം സെയ്തലവി ഓണ്‍ലൈനില്‍ അയച്ചുകൊടുക്കുകയായിരുന്നു. ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്സ്ആപ്പ് വഴി സെയ്തലവിക്ക് അയക്കുകയും ചെയ്തു.
ഫല പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് ഭാഗ്യശാലിയെ തിരിച്ചറിയാന്‍ കഴിഞ്ഞത് മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നും വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്ബരിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
ഫലപ്രഖ്യാപനത്തിന് ശേഷം വിജയി താനാണെന്ന വാദവുമായി ടിക്കറ്റുകളില്‍ കൃത്രിമം നടത്തി പലരും ലോട്ടറി ഏജന്റ് മുരുഗേഷ് തേവറിനെ സമീപിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ടിക്കറ്റ് അല്ലെന്ന് പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചു.
ഒന്നാം സമ്മാനമായ 12 കോടി രൂപയില്‍ 7.56 കോടി രൂപയായിരിക്കും വിജയിക്ക് ലഭിക്കുക. ബാക്കി തുക സര്‍ക്കാരിലേക്ക് നികുതിയായും ഏജന്റിനുള്ള കമ്മീഷനായും പോകും. ഇത്തവണ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ലക്ഷം അധികമാണിത്. 126.57 കോടി രൂപയാണ് ഓണം ബംപര്‍ വില്പനയിലൂടെ ഭാഗ്യക്കുറി വകുപ്പിന് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്ബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറില്‍ നിന്നും വിറ്റ ടിക്കറ്റിനായിരുന്നു. “ഇത്തവണ ബമ്ബറിന് നല്ല രീതിയിലുള്ള വില്പന ഉണ്ടായിരുന്നു. ഒരുപാട് കസ്റ്റമേഴ്സ് വരുന്നത് കൊണ്ട് ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് അറിയില്ല. മീനാക്ഷി ബമ്ബറുകള്‍ക്ക് പേര് കേട്ട സ്ഥലമാണ്,” കൗണ്ടറിലെ ജീവനക്കാര്‍ പറഞ്ഞു.