സന്തോഷ്‌ട്രോഫി ; കേരളം ഫൈനലില്‍

football kerala sports

കേരളം എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിൽ. സൗത്ത് സോൺ ബി ഗ്രൂപ്പിൽ തങ്ങളുടെ അവസാന യോഗ്യതാ മത്സരത്തിൽ തമിഴ് നാടിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി കേരളം ഫൈനൽ റൗണ്ടിലെത്തി. . കേരളത്തിനും തമിഴ്നാടിനും ഒരേ പോയിന്റാണുള്ളതെങ്കിലും മികച്ച ഗോൾ വ്യത്യാസം അവരെ അടുത്ത റൗണ്ടിലേക്ക് നയിക്കുക യായിരുന്നു. ആദ്യ മത്സരത്തിൽ ആന്ധ്രാപ്രദേശിനെതിരെ നേടിയ 7-0 ന്റെ കൂറ്റൻ ജയമാണ് കേരളത്തിന് തുണയായത്.

ഇന്നത്തെ സമനിലയോടെ തമിഴ്നാട് ഫൈനൽ റൗണ്ടിലെത്താതെ പുറത്തായി. ആദ്യ മത്സരത്തിന്റെ തുടർച്ചയായി ആക്രമണ ഫുട്ബോളാണ് സതീവൻ ബാലന്റെ പരിശീലനത്തിന് കീഴിലിറങ്ങിയ കേരളം രണ്ടാം മത്സരത്തിലും കാഴ്ച വെച്ചത്. തുടർച്ചയായി ആക്രമിച്ചെങ്കിലും ഫിനിഷിംഗിന്റെ അഭാവമാണ് ഗോളുകൾ നേടുന്നതിൽ നിന്ന് കേരളത്തെ തടഞ്ഞത്

ആദ്യ പകുതി

കേരളത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന്റെ ആദ്യ പകുതി തുടങ്ങിയത്. നാലാം മിനുറ്റിൽ മികച്ച മുന്നേറ്റം നടത്തിയ മധ്യനിര താരം അഭിജിത്തും ആറാം മിനുറ്റിൽ എണ്ണം പറഞ്ഞൊരു ക്രോസിലൂടെ സീസനും, കേരളത്തിന്റെ കളി എങ്ങനെയായിരിക്കുമെന്ന് ആരാധകർക്ക് മുന്നറിയിപ്പ് നൽകി.

കേരളം തുടർച്ചയായി ആക്രമണങ്ങൾ കെട്ടഴിച്ച് വിട്ടപ്പോൾ തമിഴ്നാടിന്റെ വകയായും ഇടയ്ക്ക് ഒന്നു രണ്ട് മുന്നേറ്റങ്ങൾ വന്നു. എട്ടാം മിനുറ്റിൽ പ്രേം കുമാറിന്റെ ലോംഗ് റേഞ്ചറും, തൊട്ടടുത്ത മിനുറ്റിലെ വിജയനാഗപ്പന്റെ ഫ്രീകിക്കിനും പക്ഷേ കേരളത്തിന് ഭീഷണി സൃഷ്ടിക്കാനായില്ലെന്ന് മാത്രം.

മത്സരത്തിന്റെ പതിനൊന്നാം മിനുറ്റിൽ സജിത്ത് പൗലോസിനെ തമിഴ്നാട് പ്രതിരോധതാരം മൈതാനത്ത് ഫൌൾ ചെയ്ത് വീഴ്ത്തി. അതോടെ, കേരളത്തിന് അനുകൂലമായി ഫ്രീകിക്ക്. പക്ഷേ വീണ്ടും കേരളം അത് പാഴാക്കി. പതിനേഴാം മിനുറ്റിലെ വിബിൻ തോമസിന്റെ ഹെഡറും, 21 ആം മിനുറ്റിലെ അഫ്ദാലിന്റെ ഷോട്ടും കർണാടക പോസ്റ്റിനരികത്തൂടെ പുറത്തേക്ക്. മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുറ്റിൽ കേരളത്തിന്റെ വകയായി മറ്റൊരു മുന്നേറ്റം കൂടി. പക്ഷേ എതിർ ബോക്സിലെ കൂട്ടപൊരിച്ചിലിൽ ആ അവസരം കൂടി കേരളത്തിന് നഷ്ടമായി.

ഇരുപത്തിയേഴാം മിനുറ്റിൽ കേരളാ ഡിഫൻഡർ വിബിൻ തോമസെടുത്ത മനോഹരമായ ഫ്രീകിക്ക് തമിഴ്നാട് ഗോൾ കീപ്പർ  മണികണ്ടൻ അതിലും ഭംഗിയായി രക്ഷപെടുത്തി. അദ്ദേഹത്തിന്റെ ആ ഒറ്റക്കൈയ്യൻ സേവില്ലായിരുന്നെങ്കിൽ ഇരുപത്തിയേഴാം മിനുറ്റിൽ കേരളം ലീഡിലെത്തിയേനെ. മുപ്പത്തിയഞ്ചാം മിനുറ്റിൽ കേരളം തങ്ങളുടെ ആദ്യ മാറ്റം വരുത്തി. മധ്യനിരയിൽ നിന്ന് ഷംനാസിനെ പിൻ വലിച്ചപ്പോൾ പകരം ഇറങ്ങിയത് ജിതിൻ ഗോപാലൻ.

ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ഇടയ്ക്കിടയ്ക്ക് തമിഴ്നാടിന്റെ ഭാഗത്ത് നിന്ന് വന്ന് കൊണ്ടിരുന്നു. അത് കേരളത്തെ പേടിപ്പിച്ചിരുന്നുവെന്നത് തന്നെയാണ് സത്യം.  തമിഴ് നാടിന്റെ നായകനായ പ്രവീന്ദ്രൻ തന്നെയായിരുന്നു അവരുടെ മുന്നേറ്റത്തേയും നയിച്ച് കൊണ്ടിരുന്നത്. ഇടയ്ക്ക് താരം തൊടുത്ത ലോംഗ് റേഞ്ചർ ഷോട്ട് കേരളത്തെ ഒന്നു ഞെട്ടിച്ചു. നാൽപ്പത്തിയഞ്ചാം മിനുറ്റിൽ കളിയുടെ ഒഴുക്കിന് വിപരീതമായി മത്സരത്തിൽ മുന്നിലെത്താനുള്ള സുവർണാവസരം തമിഴ്നാടിന് ലഭിച്ചു. വലത് വശത്ത് കേരളാ ബോക്സിന് വെളിയിൽ നിന്ന് അവരുടെ മധ്യനിര താരം അജിത് കുമാർ നൽകിയ കിറുകൃത്യം ക്രോസ് ബോക്സിനകത്ത് മണിമാരന്റെ കാലുകളിൽ എത്തിയെങ്കിലും താരം അത് അവിശ്വസനീയമായി പുറത്തേക്കടിച്ച് കളഞ്ഞു. ആദ്യ പകുതിക്ക് പിരിയുമ്പോൾ 0-0 ആയിരുന്നു ഗോൾ നില.

രണ്ടാം പകുതി

കേരളതാരം സജിത്ത് പൗലോസ് നഷ്ടപ്പെടുത്തിയ മികച്ച അവസരത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. തൊട്ടുപിന്നാലെ രാഹുൽ കെ.പി യുടെ ഒരു കോംഗ് റേഞ്ചറിനുള്ള ശ്രമം ക്രോസ് ബാറിന് ഏറെ വെളിയിലൂടെ പറന്നു. ആദ്യപകുതിയിലെ പോലെ രണ്ടാം പകുതിയിലും കേരളം ആക്രമിക്കാൻ തുടങ്ങിയതോടെ പ്രതിരോധിക്കുക മാത്രമായി തമിഴ്നാട് താരങ്ങളുടെ ജോലി. ഇതിനിടയിൽ അൻപത്തിയഞ്ചാം മിനുറ്റിൽ അഫ്ദാലിന്റെ ശ്രമം ഗോളാകാതെ പോയത് കേരളത്തിന്റെ നിർഭാഗ്യം കൊണ്ട് മാത്രം.

അൻപത്തിയേഴാം മിനുറ്റിൽ കേരളത്തിന്റെ രണ്ടാം സബ്സ്റ്റിറ്റ്യൂഷൻ. രാഹുൽ കെ.പി ക്ക് പകരം ശ്രീക്കുട്ടൻ കളത്തിലിറങ്ങി. തമിഴ് നാടും ഉണർന്ന് കളിക്കാൻ തുടങ്ങിയതോടെ മത്സരത്തിന്റെ ആവേശം ഇരട്ടിയായി .‌പല തവണ അവർ കേരളാ ബോക്സിലേക്ക് പന്തുമായെത്തി. എന്നാൽ പ്രതിരോധ നിര രക്ഷക്കെത്തിയതിനാൽ എല്ലാത്തവണയും കേരളം രക്ഷപെടുകയായിരുന്നു. കൈയ്യും മെയ്യും മറന്ന് ഇരു ടീമും കളിക്കാൻ തുടങ്ങിയതോടെ മൈതാനത്ത് പരുക്കൻ അടവുകളും വന്ന് തുടങ്ങി. ഇതിനിടെ മത്സരത്തിന്റെ എഴുപതാം മിനുറ്റിൽ കേരളത്തിന്റെ സജിത് പൗലോസിന് എതിർ ബോക്സിൽ നിസാര പരുക്കേറ്റു.

എഴുപത്തിമൂന്നാം മിനുറ്റിൽ തമിഴ്നാട് ആദ്യ വെടി പൊട്ടിച്ചെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ അവരുടെ മലയാളി താരം അജീഷിന്റെ ഷോട്ട് പുറത്തേക്ക് പോയി. തൊട്ടടുത്ത മിനുറ്റിൽ കേരളത്തിന്റെ പ്രത്യാക്രമണം. ഒറ്റയ്ക്ക് പന്തുമായി തമിഴ്നാട് ബോക്സിലേക്ക് ഓടിക്കയറിയ ജിതിന് ഷോട്ട് തൊടുത്തതിൽ പിഴച്ചു‌. പന്ത് പുറത്തേക്ക്. എങ്ങനെയും ഗോളടിച്ചേ മതിയാവൂ എന്നായ കേരളം എഴുപത്തിയഞ്ചാം മിനുറ്റിൽ തങ്ങളുടെ മൂന്നാം മാറ്റവും വരുത്തി. അത്രയും നേരം മികച്ച കളി പുറത്തെടുത്ത് കൊണ്ടിരുന്ന സജിത് പൗലോസിന് പകരം മുഹമ്മദ് പാറൊക്കോട്ടിൽ മൈതാനത്തെത്തി.

എഴുപത്തിയേഴാം മിനുറ്റിൽ കേരളത്തിന് മറ്റൊരു സുവർണാശ്രമം കൂടി. ജിതിന്റെ ക്രോസിൽ നിന്ന് ഗോൾ നേടാനുള്ള അഫ്ദാലിന്റെ ശ്രമം പക്ഷേ തമിഴ്നാട് ഗോളിയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. എൺപത്തിയാറാം മിനുറ്റിൽ കേരളത്തിന്റെ ജിതിൻ ഗോപാലനെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് തമിഴ്നാടിന്റെ എസ് രാജേഷ് മഞ്ഞക്കാർഡ് കണ്ടു. കളിയിൽ മുന്നിലെത്താൻ ഇരു ടീമുകളും ആഞ്ഞ് ശ്രമിച്ച് കൊണ്ടിരുന്നെങ്കിലും പിന്നീടും ഗോളുകൾ അകന്ന് നിന്നു. മികച്ച മുന്നേറ്റങ്ങൾ ഇരു ടീമുകളും നെയ്തെടുത്തെങ്കിലും ഫിനിഷിംഗിന്റെ അഭാവം രണ്ട് കൂട്ടർക്കും വിനയായി. അവസാനം മൂന്ന് മിനുറ്റ് എക്സ്ട്രാ സമയത്തിന് ശേഷം റഫറിയുടെ അന്തിമ വിസിൽ മുഴങ്ങുമ്പോൾ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചതിന്റെ ആവേശം കേരളാ നിര തുടങ്ങിക്കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *