നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കല്ലമ്ബലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നു. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒന്‍പത് മണിയോടെ അയല്‍ക്കാരാണ് മൃതദേഹം കണ്ടത്
കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് ഡിവൈഎസ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരികുമാര്‍ കര്‍ണാടകത്തില്‍ ആയിരുന്നുവെന്നായിരുന്നു സൂചന.ഹരികുമാര്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടിലും തറവാട്ടുവീട്ടിലും എത്താനിടയുള്ള മറ്റ് ബന്ധു വീടുകളിലും അന്വേഷണ സംഘം എത്തി പരിശോധന നടത്തിയിരുന്നു. ഹരികുമാറിന്റെ ഫോണ്നമ്ബരുകളില്നിന്നുള്ള കോള്‍ ലിസ്റ്റ് ശേഖരിച്ച് പരിശോധന നടത്തിവരികയായിരുന്നു. രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞിരുന്നു
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തോടെയാണ് നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ മണലൂര്‍ ചെങ്കോട്ടുകോണം ചിറത്തല പുത്തന്‍വീട്ടില്‍ സനല്‍ കുമാര്‍ വാഹനമിടിച്ചു മരിച്ചത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഡിവൈഎസ്പി ബി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് റോഡിലേക്ക് വീണ സനല്‍കുമാറിനെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ടു പൊലീസുകാരെ സസ്പെന്റഡ് ചെയ്തിരുന്നു.
അതേസമയം, കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.