സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകള്‍ തുറക്കാമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ.
ലോക്ഡൌണിന് ശേഷം ബിയര്‍ പാര്‍ലറുകളും വൈന്‍ പാര്‍ലറുകളും തുറന്നിരുന്നെങ്കിലും ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കൌണ്ടറുകളിലൂടെയായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇത് വന്‍ സാമ്ബത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാറുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാമെന്ന് എക്സൈസ് കമ്മീഷ്ണര്‍ ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ യോഗം വിളിച്ചത്.
സംസ്ഥാനത്ത് 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ ഇപ്പോള്‍ തുറക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യോഗത്തില്‍ മുഖ്യമന്ത്രി എടുത്തത്. രണ്ടാഴ്ചയ്ക്ക് ശേഷം കോവിഡ് വ്യാപനം കുറയുകയാണെങ്കില്‍ എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശ ആ ഘട്ടത്തില്‍ പരിഗണിക്കാമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷ്ണറും ബെവ്കോ എംഡിയും അടങ്ങുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കോവിഡ് വ്യാപനം കുറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് തീരുമാനം.
കോവിഡ് വ്യാപനം കുറഞ്ഞ് ബാറുകള്‍ തുറന്നാലും ഇരിപ്പിടങ്ങളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുമാകും മദ്യം വിളമ്ബാന്‍ അനുമതി നല്‍കുക. പ്രവര്‍ത്തന സമയത്തിലും പുനര്‍ ക്രമീകരണം ഉണ്ടാകും. 596 ബാറുകളും 350 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് സംസ്ഥാനത്തുള്ളത്