ശബരിമല സ്ത്രീപ്രവേശം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേസിന് തുടക്കമിട്ട പ്രേരണകുമാരിയുടെ ആര്‍എസ്എസ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. കഴിഞ്ഞ ജനുവരി 14ന് ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്രസേവിക സമിതിയുടെ പ്രമുഖ നേതാക്കള്‍ക്കൊപ്പം പ്രേരണകുമാരി മകരസംക്രാന്തി ആഘോഷിക്കുന്നതിന്റെ ചിത്രം പുറത്തുവന്നു. ഡല്‍ഹിയില്‍ ആര്‍എസ്എസ് ആസ്ഥാനത്തായിരുന്നു ആഘോഷം.
ആര്‍എസ്എസ് വനിതാ ബൗദ്ധികവിഭാഗം സംഘാടകസമിതി അംഗവും ബിജെപി ഹരിയാന ലീഗല്‍സെല്‍ എക്സിക്യൂട്ടീവ് അംഗവുമായ മമത റാണിയാണ് മകരസംക്രാന്തി ആഘോഷത്തിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ ഷെയര്‍ചെയ്തിരിക്കുന്നത്. പ്രേരണകുമാരിക്കു പുറമെ രാഷ്ട്രസേവിക സമിതി പ്രവര്‍ത്തകരായ റൂബി ശര്‍മ, നിഷ റാണി എന്നിവരും ചിത്രത്തിലുണ്ട്. രാഷ്ട്രസേവിക സമിതി അധ്യക്ഷ ശാന്ത അക്കാജിയുമായി മകരസംക്രാന്തി ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.
ചിത്രത്തില്‍ പ്രേരണകുമാരിക്കൊപ്പമുള്ള നിഷ റാണി, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി എന്നിവരുമായി പൊതുചടങ്ങുകളില്‍ വേദി പങ്കിടുന്നതിന്റെ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി ദേശബന്ധു കോളേജില്‍ അധ്യാപികയായ റൂബി മിശ്രയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ സംഘപരിവാര്‍ ആശയങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ടുള്ളതാണ്.
പ്രേരണകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ് ശംഭു ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ്. ഇക്കാര്യം നേരത്തെ മാധ്യമങ്ങള്‍വഴി പുറത്തുവന്നപ്പോള്‍ ഭര്‍ത്താവിന്റെ രാഷ്ട്രീയത്തെ തന്റെ പ്രവര്‍ത്തനമേഖലയുമായി കൂട്ടിക്കലര്‍ത്തരുതെന്നും താന്‍ സ്വതന്ത്ര ചിന്താഗതിക്കാരിയാണെന്നും പ്രേരണകുമാരി അവകാശപ്പെട്ടിരുന്നു.
ഇത് ശുദ്ധനുണയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തെളിവുകള്‍. അതേസമയം, പ്രേരണകുമാരി 2018ലെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കഴിഞ്ഞദിവസങ്ങളിലായി ഡിലീറ്റ് ചെയ്തു. ഇവരുടെ ആര്‍എസ്എസ് ബന്ധം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെയാണിത്.
യങ് ലോയേഴ്സ് അസോസിയേഷന്റെ പേരില്‍ പ്രേരണകുമാരി ഉള്‍പ്പെടെ അഞ്ച് വനിതാ അഭിഭാഷകരാണ് 2006ല്‍ ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.