ശബരിമലയിൽ ഒരു സ്ത്രീ വിരുദ്ധതയും ഇല്ല ആചാരമേ ഉള്ളു… വിശ്വാസികൾ “യുവതികളെ” ശബരിമലയിൽ കയറുന്നതിനെ എതിർക്കുന്നതിന്റെ ഏതാനും കാരണങ്ങൾ ? വായിക്കാം ; പങ്കുവെക്കാം ;

home-slider kerala news

ശബരിമലയിൽ യുവതികളെ കയറ്റാത്തതിന്റെ കാരണം ചോദിച്ചാൽ നമുക്ക് കൃത്യമായി കാരണം പറയാൻ ആവുന്നില്ല എന്നുള്ളതാണ് ഹിന്ദുമത വിശ്വാസി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. എല്ലാവരും ഇത് വായിക്കണം. ഇനി ആര് നമ്മോടു ഇതെ പറ്റി ചോദിച്ചാലും വ്യക്തമായി മറുപടി കൊടുക്കണം. എന്നിട്ടു തല ഉയർത്തി നിന്ന് പറയണം ശബരിമലയിൽ ഒരു സ്ത്രീ വിരുദ്ധതയും ഇല്ല ആചാരമേ ഉള്ളു എന്ന്. ആചാരങ്ങൾ എന്ത് വില കൊടുത്തും ഞങ്ങൾ സംരക്ഷിക്കുമെന്നും. ഈ വിഷയത്തിൽ ഇനി സംശയം ഉണ്ടാവരുത്. ഓരോ ക്ഷേത്രങ്ങളും നിർമ്മിക്കപ്പെടുന്നതിന് പിന്നിൽ കൃത്യമായ ആസൂത്രങ്ങളും ആചാരപദ്ധതികളും ഉണ്ട്. വിവിധ ആചാര സമ്പ്രദായങ്ങളെ വിശദീകരിക്കുന്ന ആയിരക്കണക്കിന് തന്ത്ര ഗ്രന്ഥങ്ങൾ നമ്മുടെ ഭാരതത്തിൽ ഉണ്ട്. താന്ത്രിക ദൃഷ്ടിയിൽ ഭൂപ്രകൃതി അനുസരിച്ചു ഭാരതത്തെ 3 ആയി തരം തിരിച്ചിരിക്കുന്നു. അശ്വക്രാന്ത,വിഷ്ണുക്രാന്ത, രഥക്രാന്ത എന്നിങ്ങനെയാണത്. വിന്ധ്യന് തെക്ക് ഭാഗമുള്ള കേരളവും അനുബന്ധ പ്രദേശങ്ങളും രഥക്രാന്തയിൽ പെടുന്നു. അശ്വക്രാന്തയെയും വിഷ്ണുക്രാന്തയെയും അപേക്ഷിച്ചു നമ്മുടെ രഥക്രാന്തക്ക് ഒരുപാട് വിശേഷതകൾ ഉണ്ട്. നമ്മൾ പിന്തുടരുന്നത് തന്ത്ര സമുച്ചയം എന്നൊരു ഗ്രന്ഥത്തെ ആണ്. അത് ഒട്ടനവധി തന്ത്ര ഗ്രന്ഥങ്ങളുടെ സംക്ഷിപ്ത രൂപം ആണ്താനും. ഏതൊരു ക്ഷേത്രത്തിലും ബിംബം പ്രതിഷ്ഠിക്കുന്നതിന് അനവധി സങ്കീർണ്ണ പ്രക്രീയകൾ പറഞ്ഞു വച്ചിട്ടുണ്ട്. ബിംബം പണിയാനുള്ള ശില തിരഞ്ഞെടുക്കുന്ന വിധം മുതൽ ബിംബം ഉപേക്ഷിക്കുന്നതിനുള്ള വിധി വരെ അതിൽ സവിസ്തരം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഒരു ദേവനെ എല്ലായിടത്തും ഒരേ ധ്യാനത്തിലോ ഭാവത്തിലോ അല്ല പ്രതിഷ്ഠിക്കാറ്. ഉദാഹരണം ശിവൻ തന്നെ പഞ്ചാക്ഷരം, ഉമാമഹേശ്വരൻ, മൃത്യുഞ്ജയൻ, അഘോരം, കിരാതൻ എന്നിങ്ങനെ പലതുണ്ട്. അതിലെ ഒരു മൃത്യുഞ്ജയനെ എടുത്താൽ പോലും ത്ര്യക്ഷരി, മഹാമൃത്യുഞ്ജയം, ത്രയമ്പകാനുഷ്ടുപ്പ് എന്നിങ്ങനെ ധ്യാനവും വിധാനങ്ങളും വേറെ വേറെ വരും. ഇനി ശബരിമലയിലേക്ക് വരാം…. ശാസ്താവ് തന്നെ പല ധ്യാനത്തിൽ ഉണ്ട് രണ്ട് ഭാര്യമാരോട് കൂടിയത് (ശ്രീ പൂർണ്ണാപുഷ്കലാഭ്യാം), ഭാര്യയോടും മകനോടും കൂടിയത് (പ്രഭാ സത്യക), തലയോട്ടി/താമരപ്പൂ/കലശം കയ്യിൽ വച്ചത് എന്നിങ്ങനെ പല വക… ശബരിമലയിൽ ഇതൊന്നും അല്ല പ്രതിഷ്ഠ, ബ്രഹ്മചാരിയായി ജീവിച്ച അവതാര മൂർത്തിയെ ആണ് പ്രതിഷ്ഠിച്ചത്. താപസൻ ആണ് ഭാവം, ധ്യാനവും അപ്രകാരം തന്നെ, ജ്ഞാന മുദ്രയും യോഗ പട്ടവും അണിഞ്ഞ്… ഓരോ ദേവതയുടെ ധ്യാനവും ഭാവവും അനുസരിച്ചാണ് പടിത്തരവും മറ്റ് വ്യവസ്ഥകളും നിശ്ചയിക്കുന്നത്. അത് പ്രതിഷ്ഠിക്കുന്ന നാളിൽ ആണ് സങ്കല്പിക്കുന്ന ത്. അതിന് “ഉക്ത വാസര വ്യവസ്ഥ” എന്നാണ് പറയാറ്. ശബരിമലയിൽ യോഗി ആയതുകൊണ്ടാണ് ഭസ്മാഭിഷേകം, ഭസ്മസഞ്ചി വച്ച ശേഷം നട അടയ്ക്കൽ എന്നിങ്ങനെ ഉള്ള ആചരണങ്ങൾ നിശ്ചയിക്കപ്പെട്ടത്. ഒരു യോഗിയുടെ നിയമങ്ങൾക്ക് കോട്ടം തട്ടാതെ ഉള്ള ആചാരങ്ങൾ ആണ് അവിടെ ഉള്ളത്. കാമ്യ കർമ്മങ്ങൾക്ക് പകരം മുക്തി ഇച്ഛിക്കുന്നവർക്ക് വേണ്ടത് ആണ് അവിടെയുള്ള എല്ലാം. നെയ്യാകുന്ന ആത്മാവ് അയ്യനിൽ അഭിഷേകിക്കുകയും ശരീരം ആകുന്ന നാളീകേരത്തെ ആഴിയിൽ ദാഹിപ്പിക്കുന്നതും ഒക്കെ വളരെ ഗഹനമായ അർത്ഥതലങ്ങൾ ഉള്ള ആചാരങ്ങൾ ആണ്. യോഗിക്ക് യമം, നിയമം എന്ന് തുടങ്ങി സമാധി വരെ അനവധി നിയമങ്ങൾ ഉണ്ട്, അതിൽ ഒരു ഭാഗത്ത് “അഷ്ട വിധ മൈഥുന ത്യാഗം” എന്നൊരു കാര്യം പറയുന്നു..ഒറ്റക്കിരിക്കുമ്പോൾ യൗവനയുക്തയായ സ്ത്രീയെ പറ്റി ചിന്തിക്കുന്നത് മുതൽ കാണുന്നത് മുതൽ അങ്ങേയറ്റം ലൈംഗിക ബന്ധം വരെ 8 കാര്യങ്ങൾ യോഗയ്ക്ക് നിഷിദ്ധമായി പറയുന്നു. ഈ ഒരു നിയമത്തെ അടിസ്ഥാനപെടുത്തിയാണ് യൗവ്വന യുക്തകളായ സ്ത്രീകൾ അവിടേക്ക് വരരുത് എന്ന് നിശ്ചയിക്കപ്പെട്ടത്. ഭാവം എന്നത് നിവേദ്യം നിശ്ചയിക്കുന്നത് മുതൽ ഉത്സവം വരെയുള്ള കാര്യങ്ങളിൽ സ്വാധീനം ചെലുത്തുന്ന വിഷയം ആണ്. അല്ലാതെ തന്ത്ര ശാസ്ത്രം സ്ത്രീയോട് വിരോധം വച്ച് സൂക്ഷിക്കുന്നതല്ല. ഒരു പക്ഷെ ലോകത്തു തന്ത്ര ശാസ്ത്രത്തോളം സ്ത്രീകളെ ബഹുമാനിക്കുന്ന മറ്റൊരു ശാഖയും കാണില്ല… ഇതരത്തിലുള്ള അനവധി വസ്തുതകളെ മനസ്സിലാകാതെ വിപ്ലവം വരുത്താനും സ്ത്രീ പുരുഷ സമത്വം സ്ഥാപിക്കാനും ചട്ടങ്ങൾ മാറ്റിക്കളിക്കാനുമുള്ള വേദിയായി ശബരിമലയെ മാറ്റരുത്.

Leave a Reply

Your email address will not be published. Required fields are marked *