പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം ദളിതരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന ബിജെപി നേതാക്കളുടെ പ്രസ്താവന വീണ്ടും വിവാദത്തില്‍. കൊതുകുകടി സഹിച്ചാണ് തങ്ങള്‍ ദളിതരുടെ വീടുകളില്‍ പോകുന്നതെന്ന യുപി വിദ്യാഭ്യാസ മന്ത്രി അനുപമ ജയ്സ്വാളിന്റെ പരാമര്‍ശമാണ് വിവാദത്തിലകപ്പെട്ടത്.
എല്ലാ രാത്രിയിലും കൊതുകുകടി സഹിച്ച് മന്ത്രിമാര്‍ ഇവരുടെ(ദളിതരുടെ) വീടുകളില്‍ പോകുന്നതുകൊണ്ടാണ് അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഈ അനുഭവം അവര്‍ക്കു നല്ലതായി തോന്നുന്നു എന്നതാണ് പ്രധാനം. ആരോടെങ്കിലും രണ്ടുസ്ഥലത്ത് പോകണമെന്നു നിര്‍ദേശിച്ചാല്‍ അവര്‍ അതിനു പകരം നാലു സ്ഥലങ്ങള്‍ ആവശ്യപ്പെടുകയാണ്. പ്രവര്‍ത്തിയില്‍ സംതൃപ്തിയുണ്ടാകുന്പോള് അത് ഞങ്ങളെ ശാക്തീകരിക്കുന്നു. എന്നോട് നിര്‍ദേശിച്ചിട്ടുള്ളതില്‍ കൂടുതല്‍ വീടുകള്‍ ഞാന്‍ സന്ദര്‍ശിക്കുന്നുണ്ട്- അനുപമ പറഞ്ഞു.
നേരത്തെ, രണ്ടു മന്ത്രിമാരുടെ ദളിത് വീടുകളിലെ സന്ദര്‍ശനവും വിവാദമായിരുന്നു. തിങ്കളാഴ്ച ദളിത് ഭവനത്തില്‍ സന്ദര്‍ശനം നടത്തിയ യുപി മന്ത്രി സുരേഷ് റാണ പുറത്ത് പാകം ചെയ്ത ഭക്ഷണവും പാത്രങ്ങളും കൊണ്ടാണ് ദളിതന്റെ വീട്ടിലെത്തിയത്. മിനറല്‍ വാട്ടര്‍ പോലും ഇവര്‍ കൈയില്‍ കരുതി. ദളിതന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നത്, ശ്രീരാമന് ദളിത് വീടുകള്‍ സന്ദര്‍ശിച്ചു ശുദ്ധീകരിക്കുന്നതുപോലെയാണെന്നായിരുന്നു മറ്റൊരു മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിന്റെ പരാമര്‍ശം.
പ്രധാനമന്ത്രിയുടെ ദളിത് സന്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് ബിജെപി നേതാക്കള്‍ ദളിത് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതും ദളിതര്‍ പാചകം ചെയ്ത ആഹാരം കഴിക്കുന്നതും. നിരവധി ബിജെപി നേതാക്കള്‍ പരിപാടിയുടെ ഭാഗമാവുകയും വാര്‍ത്തകളിലിടം പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിഷയത്തിലെ പ്രതികരണം.