വിവാദം കത്തുന്നു ; സീറ്റ് നല്‍കിയതില്‍ ദുരൂഹതയും അട്ടിമറിയുമുണ്ടെന്ന് സുധീരന്‍ ;

home-slider kerala politics Uncategorized

മാണിയുടെ കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ പി സി സി അധ്യക്ഷനുമായ വി എം സുധീരന്‍. നേരത്തെ തന്നെ കോണ്‍ഗ്രസിലെ യുവനിര ഒന്നടങ്കം സീറ്റ് ദാനത്തിനെതിരെ രംഗത്തുണ്ട്. മാണിക്ക് സീറ്റ് നല്‍കിയതിനെ ന്യായീകരിച്ച്‌ കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ രംഗത്തെത്തിയതിന് പിന്നാലെ അദ്ദേഹത്തിന് മറുപടിയുമായാണ് സുധീരന്‍ രംഗത്തെത്തിയത്. യു ഡി എഫിന്റെ കെട്ടുറപ്പിന് വേണ്ടിയാണ് കോണ്‍ഗ്രസ് ത്യാഗം സഹിച്ചതെന്നാണ് ഹസന്റെ വാദം.

കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഡല്‍ഹിയില്‍ നടന്ന അട്ടിമറിയുടെ ഫലത്തിലാണെന്നും സുധീരന്‍ ആരോപിച്ചു. കേരള കോണ്‍ഗ്രസ് സീറ്റ് ചോദിച്ചിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി. കേണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്മാറിയോ എന്ന് കെ എം മാണി വ്യക്തമാക്കണം. യുഡിഎഫ് ബന്ധം ഉപേക്ഷിക്കാനുള്ള മുന്‍ നിലപാടില്‍ ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ആര്‍എസ്പിക്ക് കൊല്ലം ലോക്‌സഭാ സീറ്റ് നല്‍കിയത് ചര്‍ച്ചക്ക് ശേഷമാണ്. കെപിസിസി എക്‌സിക്യുട്ടീവിലും വിഷയം ചര്‍ച്ച ചെയ്തു. ആര്‍എസ്പിക്ക് അഞ്ചു മിനിട്ട് കൊണ്ട് സീറ്റ് നല്‍കിയെന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വാദം തെറ്റാണ്. ആര്‍എസ്പിക്ക് സീറ്റ് നല്‍കിയപ്പോള്‍ പ്രതിഷേധം ഉണ്ടായില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി മുന്നണിയെ എങ്ങനെ ശക്തിപ്പെടുത്തുമെന്ന് സുധീരന്‍ ചോദിച്ചു. കോണ്‍ഗ്രസില്‍ അര്‍ഹരായവരെ ഒഴിവാക്കാനുള്ള ഗൂഢശ്രമം നടന്നു. പാര്‍ട്ടിയുടെ ഉത്തമ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നടപടിയല്ലിത്. യുപിഎയില്‍ പാര്‍ലമെന്റിലെ വിലപ്പെട്ട ഒരു അംഗത്വം നഷ്ടമാക്കി.

തന്റേത് വ്യക്തിപരമായ അഭിപ്രായമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും വ്യക്തമാക്കിയ സുധീരന്‍ ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിക്ക് ശാപമാണെന്നും കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ യുവ എംഎല്‍എമാരായ വി ടി ബല്‍റാം, ഹൈബി ഈഡന്‍, അനില്‍ അക്കര, ഷാഫി പറമ്ബില്‍, റോജി ജോണ്‍, ശബരീനാഥ് തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. കെ സുധാകരനും സീറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *