ലാ ലിഗ കിരീടം സ്വന്തമാക്കി ബാഴ്സ. ഡിപോര്‍ടീവോ കൊറൂണക്കെതിരെ 4-2നായിരുന്നു ബാഴ്സയുടെ വിജയം. ഹാട്രിക്ക് നേട്ടവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സിയും മത്സരത്തില്‍ തിളങ്ങി. 30ാം കിങ്സ് കപ്പ് നേട്ടത്തിനു പിന്നാലെ ലാ ലിഗയിലെ 25ാം കിരീട നേട്ടമാണിത്.
ഏഴാം മിനിറ്റില്‍ കൗട്ടീന്യോയാണ് ബാഴ്സയുടെ ആദ്യ ഗോള്‍ നേടിയത്. 38ാം മിനിറ്റില്‍ സുവാരസിന്‍റെ ക്രോസില്‍ മെസ്സി ലീഡ് വര്‍ധിപ്പിച്ചു. എന്നാല്‍ രണ്ട് മിനിറ്റിനകം ലൂക്കാസ് പെരസ് ബാഴ്സ വല കുലുക്കി. 64ാം മിനിറ്റില്‍ ഒരിക്കല്‍ എമ്രി കൊലാക് ബാഴ്സയെ ഞെട്ടിച്ച് സ്കോര്‍ തുല്യനിലയിലാക്കി. പിന്നീട് 82ാം മിനിറ്റില്‍ മെസ്സി രണ്ടാം ഗോളുമായി ബാഴ്സയുടെ രക്ഷക്കെത്തി. മൂന്ന് മിനിറ്റിനകം സൂപ്പര്‍ താരം ഹാട്രിക്കടിച്ച് ബാഴ്സയുടെ വിജയം ഉറപ്പിച്ചു. കോച്ച് എണസ്റ്റോ വാല്‍വഡെക്കു കീഴില്‍ ബാഴ്സയുടെ ആദ്യ സ്പാനിഷ് ലീഗ് നേട്ടമാണിത്.ലീഗ് സമാപിക്കാന്‍ മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഫൈനല്‍ ലാപ്പിലെ ഉദ്വേഗങ്ങളിലേക്ക് കളിയെത്തിക്കാതെ വിജയത്തിലെത്താന്‍ മെസ്സിപ്പടക്കായി. ബാഴ്സയില്‍ നിന്നും വിടപറയുന്ന ഇനിയേസ്റ്റക്കുള്ള ആദരമായിരുന്നു ഗ്യാലറിയിലെങ്ങും. 22 വര്‍ഷം കാറ്റലോണിയക്കാരുടെ നെടുന്തൂണായി നിലയുറപ്പിച്ച താരം വിടപറയുന്നതിെന്റ വേദന ബാഴ്സ ആരാധകരിലുണ്ടായിരുന്നു.