ലക്നൗ : ഉത്തർപ്രദേശിൽ യോഗി സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ മുന്നേറ്റം. രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേഠിയിലുൾപ്പെടെ വൻ ഭൂരിപക്ഷമാണ് ബിജെപി നേടിയത്.
ഗുജറാത്ത് പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ രാഹുൽ ഗാന്ധിക്ക് സ്വന്തം തട്ടകത്തിൽ നിന്നു തന്നെയാണ് തിരിച്ചടി കിട്ടിയത്.അമേഠിയിൽ ബിജെപിയുടെ സ്ഥാനാർഥിയായ ചന്ദ്രമാ ദേവി 1035 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ സമയത്ത് സ്വന്തം മണ്ഡലത്തിൽ പോലും കോൺഗ്രസ്സ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ കഴിയാത്ത രാഹുൽ ഗാന്ധി കോൺഗ്രസ്സ് അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നതിലും പാർട്ടിക്കുള്ളിൽ ആശങ്കയുണ്ട്.
വർഷങ്ങളായി കോൺഗ്രസ്സിന്റെ കൈകളിലായിരുന്ന അമേഠി മാത്രമല്ല ടില്ലോയ്,ജഗദീഷ്പൂർ,ഗൗരീഗഞ്ജ്,സലോൺ എന്നീ മണ്ഡലങ്ങളും കോൺഗ്രസ്സിനെ കൈവിട്ടു.
കോൺഗ്രസ്സിനെതിരെയുള്ള ജനവികാരമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് ബിജെപി പ്രതികരിച്ചു.