രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഇടവേള ബാബു കോണ്‍ഗ്രസിലേക്കോ അതോ ‘അമ്മ’യുടെ സന്ദേശം കൈമാറാനെത്തിയതോ ?

politics

വയനാട് : കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം സിനിമാ നടനും, അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവുമായി നടത്തിയ കൂടിക്കാഴ്ച ചര്‍ച്ചയാവുന്നു. ഇടവേള ബാബു കോണ്‍ഗ്രസിലേക്ക് വരുന്നതിന്റെ മുന്നോടിയായിട്ടാണോ കൂടിക്കാഴ്ച എന്നാണ് ചര്‍ച്ചകള്‍. കേവലം ആറുമാസത്തിനപ്പുറം കേരളം നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്ബോള്‍ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ മാനം കൈവരുന്നുണ്ട്. കെ. ഗണേശ് കുമാര്‍, മുകേഷ്, ഇന്നസെന്റ് അടക്കം മലയാള സിനിമയിലെ വലിയൊരു താര നിര ഇടത്മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതിനു മറുപടിയായി വലതു പക്ഷത്തും താരങ്ങളെ അണിനിരത്താനുള്ള കോണ്‍ഗ്രസ് നീക്കമാണോ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നും സംശയിക്കുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ കെ സി വേണുഗോപാലും ഇടവേള ബാബുവുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയ സമയത്ത് ഉണ്ടായിരുന്നു. നീണ്ട ഇരുപത്തിയൊന്ന് വര്‍ഷമായി സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി പദത്തില്‍ തുടരുന്ന ഇടവേള ബാബു മികച്ച സംഘാടകനാണ്. സിനിമ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും സന്ദേശം നല്‍കുവാന്‍ വേണ്ടി ഇടവേള ബാബു രാഹുലിനെ കാണാന്‍ എത്തിയതാണെന്നും സംശയിക്കുന്നുണ്ട്.

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖം വിവാദമായിരുന്നു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് ബാബുവിന് തലവേദനയായി മാറിയത്. ഇടവേളയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ നടി പാര്‍വതി അമ്മയില്‍ നിന്ന് രാജി വച്ചിരുന്നു.

അമ്മയിലേക്കുള്ള ബാബുവിന്റെ വരവ്

താരസംഘടനയായ അമ്മ രൂപീകൃതമായ 1994 മുതല്‍ ഇടവേള ബാബു സംഘടനയില്‍ അംഗമാണ്. എം ജി സോമന്‍ പ്രസിഡന്റും, ടി പി മാധവന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു അന്ന്. നടന്‍ ഗണേശ് കുമാറാണ് ഇടവേളയെ ഭരണസമിതിയിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് ക്യാപ്ടന്‍ രാജുവിന്റെ പ്രോത്സാഹനത്തോടെ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെത്തി. മമ്മൂട്ടിയും മോഹന്‍ലാലും ജനറല്‍ സെക്രട്ടറിമാരായി മാറി മാറി എത്തുമ്ബോള്‍, ബാബു ജോയിന്റ് സെക്രട്ടറിയായി തന്നെ തുടര്‍ന്നു. കോടതി വ്യവഹാരങ്ങളിലേക്ക് സംഘടന എത്തപ്പെട്ടതോടെയാണ് സെക്രട്ടറി പദവി ബാബുവില്‍ നിക്ഷിപ്തമായത്.

മധു മുതല്‍ ടൊവിനോയ്ക്ക് വരെ വിശ്വസ്തന്‍

മലയാള സിനിമയിലെ തല മുതിര്‍ന്ന നടനായ മധു മുതല്‍ യുവതാരം ടൊവിനോ തോമസ് വരെ ഇടവേള ബാബുവില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം വെറുതേയല്ല. സാമ്ബത്തികത്തില്‍ തുടങ്ങി വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വരെ ബാബുവിന്റെ കൈയില്‍ സൊല്യൂഷനുണ്ട്. അതു തന്നെയാണ് 21 വര്‍ഷം താരസംഘടനയുടെ തലകളിലൊന്നാകാന്‍ ഇടവേള ബാബുവിന് സാധിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *