ലണ്ടന്‍ : രാസായുധാക്രമണത്തിൽ നടുങ്ങി ബ്രിട്ടൺ. കൂറുമാറിയ റഷ്യന്‍ ചാരന് സെര്‍ജി സ്ക്രീപലും മകള്‍ യൂലിയയും രാസായുധാക്രമണത്തിനിരയായ സോള്‍സ്ബ്രിയില്‍ നിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെ അമെസ്ബ്രിയിലാണു പുതിയ സംഭവം. സ്ക്രീപലിനു നേരെ ഉപയോഗിച്ച നെര്‍വ് ഏജന്റായ ‘നൊവിചോക്ക്’ തന്നെയാണ് അമെസ്ബ്രിയില്‍ ചാര്‍ലി റോവ്ലി-ഡോണ്‍ സ്റ്റര്‍ജെസ് ദമ്പതികൾക്കുനേരെ പ്രയോഗിച്ചിട്ടുള്ളതെന്നു പൊലീസ് സ്ഥിരീകരിച്ചു.
ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തതാണ് ഈ രാസായുധം. എന്നാല്‍ ഇതെങ്ങനെയാണ് അമെസ്ബ്രി ദമ്പതികളുടെ ശരീരത്തിലെത്തിയതെന്നു വ്യക്തമായിട്ടില്ല. ദമ്പതികൾ അടുത്തകാലത്തൊന്നും സോള്‍സ്ബ്രി സന്ദര്‍ശിച്ചതായും വിവരമില്ല. ആശുപത്രിയില്‍ കഴിയുന്ന ദമ്പതികൾക്ക് ഇതുവരെ ബോധം വീണ്ടുകിട്ടിയിട്ടില്ല.
പൊതുജനം ഭയക്കേണ്ടതില്ലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ബ്രിട്ടിഷ് പൊലീസിന്റെ നേതൃത്വത്തില്‍ അമെസ്ബ്രിയിലെ അഞ്ചിടത്തു ജനത്തിനു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. രാസായുധ പ്രതിരോധത്തിനുള്ള പ്രത്യേകതരം വസ്ത്രം ധരിച്ച ഉദ്യോഗസ്ഥരെ വരുംനാളുകളില്‍ മേഖലയില്‍ കാണാമെന്നും എന്നാല്‍ ആരും ഭയക്കേണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊതുവേ ശാന്തമായ ഈ സ്ഥലത്ത് വീണ്ടും ഇത്തരമൊരു ആക്രമണം നടന്നതില്‍ നിന്ന് പ്രദേശവാസികള്‍ ഇപ്പോഴും മുക്തരായിട്ടില്ല.