കോട്ടയം: കെഎം മാണിയുടെ കേരളാ കോണ്‍ഗ്രസ് യുഡിഎഫിലെത്തിയതോടെ ചില തദ്ദേശസ്ഥാപനങ്ങളില്‍ വീണ്ടും ഭരണമാറ്റത്തിന് വഴിയൊരുങ്ങുന്നു. ആദ്യഘട്ടമെന്ന നിലയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സഖറിയാസ് കുതിരവേലി രാജിവയ്ക്കും. ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് സഖറിയാസ് പഞ്ചായത്ത് പ്രസിഡന്റായിരിക്കുന്നത്.
പാര്‍ട്ടി ചെയര്മാന് കെഎം മാണിക്ക് ഇന്ന് തന്നെ രാജിക്കത്ത് കൈമാറുമെന്ന് സഖറിയാസ് കുതിരവേലി പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത പാലിക്കുന്നതിനും മുന്നണി ബന്ധത്തിലെ മര്യാദകള്‍ കാത്തുസൂക്ഷിക്കുന്നതിനുമാണ് ഉടനടി രാജി പ്രഖ്യാച്ചത്. ഇതുവരെ പിന്തുണ നല്കിയ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. സഖറിയാസ് പറഞ്ഞു.
സഖറിയാസ് രാജിവയ്ക്കുന്നതോടെ ജില്ലാ പ്രസിഡന്റ് സ്ഥാനം വീണ്ടും കോണ്‍ഗ്രസിന് ലഭിക്കും. എല്‍ഡിഎഫിനൊപ്പം ഭരണം നടത്തുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഉടനടി ഭരണമാറ്റം വരും. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അതാത് ജില്ലാക്കമ്മറ്റികള്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതെ സമയം കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്ത തീരുമാനം പുനഃപരിശോധിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുന്നണി മര്യാദ പാലിച്ചാണ് തീരുമാനമെടുത്തത്. ഘടകകക്ഷികള്‍ക്ക് നല്കിയ ഉറപ്പ് ലംഘിച്ചാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ഹൈക്കമാന്‍ഡ് പ്രതികരിച്ചു. തീരുമാനം പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്കി. പ്രതിഷേധം ഗുരുതരമായാല്‍ ഇടപെടുമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.ഇന്നത്തെ യു.ഡി.എഫ് യോഗത്തില്‍ കെ.എം മാണി പങ്കെടുത്തു. അതേസമയം തീരുമാനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് യു.ഡി.എഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.