രാജ്യസഭാംഗമെന്ന നിലയില്‍ തനിക്കു ലഭിച്ച ശമ്ബളവും ആനുകുല്യങ്ങളും സച്ചിന് തെണ്ടുല്‍ക്കര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. 90 ലക്ഷം രൂപയാണ് സച്ചിന് സംഭാവന ചെയ്തത്. 2012ല്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട സച്ചിന് അടുത്തിടെയാണ് കാലാവധി പൂര്‍ത്തിയാക്കിയത്.
സച്ചിന്റെ മഹാമനസ്കതയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ ഈ തുക ഉപകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. രാജ്യസഭാംഗമായിരിക്കേ സഭയിലെത്താത്തതിനു സച്ചിനും ബോളിവുഡ് നടിയായ രേഖയ്ക്കുമെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.
അതേസമയം, എംപി ഫണ്ട് ഉപയോഗത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നു. രാജ്യത്താകമാനം 185 പദ്ധതികള്‍ക്ക് തുടക്കമിട്ടതായും 7.4 കോടി രൂപ ചെലവാക്കിയതായും ഓഫീസ് വിശദമാക്കി.