കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ദുരഭിമാന കൊലയുടെ ഇരയായി സോനു സിങ് .ഇന്നലെ പുലര്‍ച്ചെ പോഷ് പീല്‍-ഘാന പോലീസ് സ്‌റ്റേഷനില്‍ നിന്നും 500 വാരയകലത്തു വച്ച് ബീര്‍ഹാന റോഡിന് സമീപത്താണ് സംഭവമുണ്ടായത്.ദളിത് യുവതിയെ വിവാഹം ചെയ്തുവെന്ന് ആരോപിച്ചാണ് 19കാരനായ സവര്‍ണ യുവാവിനെ വെടിവച്ച് കൊന്നത് .രണ്ട് ബൈക്കുകളിലായി എത്തിയവര്‍ സോനുവിന്റെ തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ചോരയില്‍ കുളിച്ച് കിടന്നിരുന്ന സോനുവിനെ പോലീസ് എത്തിയതിനു ശേഷമാണു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ ഇയാള്‍ മരിച്ചിരുന്നുവെന്നും കോട്വാലി സിഐ അജയ്കുമാര്‍ അറിയിച്ചു.
മാസങ്ങളായി സോനു സിങ്ങും ദളിത് യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചെങ്കിലും ഇവര്‍ വകവച്ചില്ല ഇതാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്നാണ് സൂചന. കാണ്‍പൂരില്‍ സിര്‍കി മോഹലില്‍ താമസിക്കുന്ന സോനു സിങ്ങാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.യുവതിയുടെ അമ്മാവന്‍ ആശിഷ് കുമാര്‍ അടക്കം അഞ്ചുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.