ന്യൂഡല്‍ഹി: പ്രണയം മൂലം മറ്റൊരു കൊലപാതകം , മുസ്ലിം യുവതിയുമായി പ്രണയത്തിലായിരുന്ന 23കാരനായ ഫോട്ടാഗ്രാഫറെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ, അച്ഛന്‍, അമ്മാവന്‍ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇരുപത് വയസുള്ള യുവതിയുമായി കൊല്ലപ്പെട്ട അങ്കിത് മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് പെണ്‍കുട്ടിയുടെ കുടുംബം എതിരായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്ബതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അങ്കിതിനെ പെണ്‍കുട്ടിയുടെ കുടുംബം ആക്രമിക്കുകയായിരുന്നു. അങ്കിതിന്റെ വീട്ടിന് തൊട്ടടുത്തായി ഒളിച്ച് നിന്ന സംഘം മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് അങ്കിതിന്റെ അമ്മ പുറത്ത് വന്നപ്പോള്‍ മകന്‍ കുത്തേറ്റ് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് അങ്കിതിന്റെ അയല്‍വാസി ആയിരുന്നപ്പോഴാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ യുവതി ഇയാളുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ കുടുംബം ഇവിടെ നിന്നും മാറി താമസിച്ചെങ്കിലും ഇരുവരും തങ്ങളുടെ പ്രണയ ബന്ധം തുടര്‍ന്നു. ഇതേച്ചൊല്ലി പലപ്രാവശ്യം അങ്കിതും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ വിജയ് കുമാര്‍ വ്യക്തമാക്കി.