രാക്ഷസൻ സിനിമ ശ്രദ്ധിക്കപെടുമ്പോൾ ; നമുക്കിടയിലുമുണ്ടോ ഇതുപോലത്തെ രാക്ഷസന്മാർ ? അവരെ ആ അവസ്ഥയിലെത്തിക്കുന്നതാര് ?.. സിനിമയിൽ ചിന്തിക്കേണ്ട, ഏറെ പ്രസക്തമായ ചില കാര്യങ്ങൾ ; വായിക്കാം ; ഷെയർ ചെയ്യാം ;

blog home-slider kerala movies

🚦 രാക്ഷസനും ഫ്രോയിഡും പിന്നെ നമ്മളും 🚦

യാതൊരു ബന്ധവുമില്ലാത്ത ഈ മൂന്നു കൂട്ടരെയും കുറിച്ചു പറയാനുള്ള കാരണം ഈയിടെ തമിഴിൽ ഇറങ്ങിയ രാക്ഷസൻ ( Raatsasan) എന്ന സൈക്കോ ത്രില്ലർ സിനിമയാണ് .

കേവലമൊരു കുറ്റാന്വേഷണ കഥയോ , സൈക്കോ കില്ലറുടെ കഥയോ ആയി ഒതുക്കാൻ സാധിക്കാത്ത വിധം സമൂഹത്തിനു ഒരുപാട് സന്ദേശങ്ങൾ കൈമാറാൻ രാക്ഷസന് കഴിഞ്ഞിട്ടുണ്ട് .

പെണ്കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും ,സ്‌കൂൾ കുട്ടികൾ അനുഭവിക്കുന്ന Bullying ഉം , അതിലെല്ലാമുപരി ചെറുപ്പകാലത്തെ അനുഭവങ്ങൾ ഒരു മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ എത്രത്തോളം സ്വാധീനം ചെലുത്തും എന്നും കൃത്യമായി അവതരിപ്പിക്കാൻ രാം കുമാർ എന്ന സംവിധായകന് സാധിച്ചിട്ടുണ്ട് .

പ്രത്യേകതരം ജനിതകമായ അസുഖമുള്ള ഒരു ആണ്കുട്ടിയെ , അവന്റെ കഴിവില്ലായ്മയെയും കുറവുകളെയും കാരണമാക്കി സമൂഹ മധ്യത്തിൽ അവഗണിക്കുകയും ആക്ഷേപിക്കുകയും അപമാനത്തിന്റെ മൂർധന്യാവസ്ഥയിലും എത്തിക്കുമ്പോൾ , ഒരുവന്റെ ഉള്ളിൽ സൃഷ്ടിക്കപ്പെടുന്ന പ്രകടിപ്പിക്കപെടാത്ത നിരാശയും അതിലൂടെ ഉണ്ടാകുന്ന കടുത്ത മാനസിക സംഘർഷവും പകയും എങ്ങനെ പിന്നീട് പേഴ്‌സനാലിറ്റിയുടെ സന്തത സഹചാരി ആകുന്നുവെന്നു നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും .

സിഗ്മണ്ട് ഫ്രോയിഡ് എന്ന മഹാന്റെ സൈക്കോ അനലിറ്റിക് തിയറി പ്രകാരം അബോധ മനസ്സ് ( Unconscious ) എങ്ങനെയാണ് മനുഷ്യന്റെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നതെന്നും , ചെറുപ്പകാലത്തെ പൂർത്തീകരിക്കപെടാത്ത ആഗ്രഹങ്ങളും ( Unfulfilled desires ) പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളും ( Unresolved Conflicts ) ഒരു സമുദ്രത്തിലെ മഞ്ഞു മലയിലെ( Iceberg) വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഭാഗത്തെന്ന പോലെ ഒരു മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്നുവെന്നും പറയുന്നുണ്ട് .
നമ്മൾ പുറമെ കാണുന്ന ചെറിയ മഞ്ഞു കഷ്ണം മാത്രമാണ് ബോധമനസ്സെന്നും പുറത്തു കാണാൻ പറ്റാത്ത ഒരു വലിയ ഭാഗം വെള്ളത്തിനടിയിൽ കിടക്കുന്നത് പോലെ മനുഷ്യന്റെ പ്രത്യക്ഷത്തിൽ കാണാത്ത ഒരു വലിയ ലോകം അവന്റെ ഉള്ളിൽ അവനെ നിയന്ത്രിക്കുന്നുമുണ്ട് എന്നാണ് ഫ്രോയിഡ് പറയുന്നത് .

രാക്ഷസനിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ അതി ധാരുണമായി കൊലപ്പെടുത്തുന്ന സൈക്കോ കില്ലറുടെ ചെറുപ്പകാലത്തെ മാനസിക സംഘര്ഷമാണ് സാധാരണ മനുഷ്യന് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ക്രൂരതയിലേക്ക് വഴി തെളിക്കുന്നത് . പെണ്കുട്ടികളുടെ ജനാനേന്ദ്രിയങ്ങൾ വികലമായി നശിപ്പിക്കുന്നതും , ശരീരം വികലമാക്കുന്നതും തന്റെ പൂർത്തീകരിക്കാൻ സാധിക്കാത്ത ആഗ്രഹങ്ങളുടെ സംഘർഷ ഫലമാണ് .

പറഞ്ഞു വന്നതെന്തെന്നാൽ , ഒരു സിനിമയെ കുറിച്ചു എഴുതുക എന്നതിനപ്പുറത് , നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് മറ്റുള്ളവരുടെ കുറവുകളും , കഴിവ് കേടുകളും ചൂണ്ടിക്കാട്ടി അവരെ തമാശയാക്കുന്നതും , പരിഹസിക്കുന്നതും, കളിയാക്കുന്നതും അയാളെന്ന മനുഷ്യനിൽ സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് കാരണമാവും എന്നത്.

നമുക്ക് ഒരുപക്ഷേ ഒരു നേരത്തെ കൂട്ടച്ചിരിയോ ,രസമോ ആയിരിക്കും ഒരു ഇരട്ടപ്പെരു വിളിക്കലും, കുടുംബത്തെ മെൻഷൻ ചെയ്തോണ്ടുള്ള കളിയാക്കലും, ആക്കലുകളും , പരിഹസിക്കലും . ചിലപ്പോൾ കൂട്ടമായി ഒരാളെ കളിയക്കാൻ തുടക്കമിട്ടു എന്നതിൽ അറിയാതെ ഉള്ളിൽ അഭിമാനവും തോന്നിയേക്കാം … അവസാനം ചിലപ്പോൾ “എടാ, നിനക്ക് പ്രശ്നോന്നുല്ലാലോ , നീയിതൊക്കെ തമാശയായി എടുത്തു എന്നു നിന്റെ ചിരി കണ്ടപ്പോൾ തന്നെ മനസ്സിലായി” എന്നും നമ്മൾ അയാളോട് പറയറുണ്ടായിരിക്കും.. അല്ലേൽ ചിലപ്പോൾ “എടീ സോറി , ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതാട്ടോ, ഒന്നും മനസ്സിൽ വച്ചേക്കല്ലേ” എന്നും പറഞ്ഞു നമ്മൾ ആ സീൻ വിട്ട് അടുത്തിലേക്ക് പോയിട്ടുണ്ടാകാം .. ഉള്ളിൽ ഒരു പൊടി കുറ്റബോധം പോലും നമുക്ക് തോന്നാൻ ഒരു സാധ്യതയുമുണ്ടാകുകയില്ല … എന്നാൽ ” ഹേയ്, അതൊന്നും കുഴപ്പല്യ” എന്നു പറഞ്ഞ എല്ലാ ആക്കലുകളും പരിഹാസങ്ങളും ഏറ്റു വാങ്ങിയ കുട്ടിയുടെ മനസ്സിൽ ആ സീൻ ഡിലീറ്റ് ആകണം എന്നു യാതൊരു നിര്ബന്ധവുമില്ല .

ഓർക്കുക, മനസ്സിനെക്കാൾ ദുരൂഹമായ മറ്റൊന്നും ഈ ലോകത്തില്ല . നിങ്ങളുടെ അടുത്തിരിക്കുന്നവർ , കൂടെയുള്ളവർ നിങ്ങൾ അറിയാത്ത ഒരുപാട് സീനുകളുടെ കഥകളുടെ തുറക്കാത്ത പുസ്തകങ്ങളുള്ള മനസ്സുമായി ജീവിക്കുന്നവരാണ്‌ . വരികൾ മാഞ്ഞു പോയാലും പുസ്തകത്തിലെ പേജുകൾ പൊടി പിടിച്ചു കിടപ്പുണ്ടാകും . ചെറിയ തീപ്പൊരി മതിയാകും ആ പേജുകൾ ആളിപ്പടരാൻ .

പുഴയിൽ ചെറിയ കല്ലെറിയുന്നത് പോലെയാണ് നമ്മുടെ വാക്കുകളും , ചെയ്തികളും മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റം, പുറത്ത് ചെറിയൊരു ശബ്ദവും ഓളവും മാത്രമായിരിക്കും, എന്നാൽ ആ കല്ല് എവിടെ എത്ര ആഴത്തിൽ എത്തുന്നു എന്നതിനെക്കുറിച്ചു നമുക്ക് ചിന്തിക്കാൻ പോലും സാധിച്ചെന്നു വരില്ല.

 

സയ്യിദ് ഷഹീർ 🖋
സൈക്കോളജിസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *