മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ട് ഞാന്‍ ഓഡിറ്റ് നടത്തി, പുറത്തുപോകേണ്ടവര്‍ ഇടവേള ബാബുവും ഇന്നസെന്റും’: പാര്‍വതിയ‌്ക്ക് ‘അമ്മ’യില്‍ നിന്ന് ആദ്യ പിന്തുണയുമായി ഷമ്മി തിലകന്‍

film news kerala

ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ രാജിവച്ച പാര്‍വതി തിരുവോത്തിന് പിന്തുണയുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. പാര്‍വതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെണ്‍കുട്ടി. അവര്‍ പുറത്തുപോകേണ്ട കാര്യമില്ല. അവര്‍ പറഞ്ഞതുപോലെ അയാള്‍ തന്നെയാണ് പുറത്തുപോകേണ്ടത്. പാര്‍വതി ചെയ്‌തത് അവരുടെ ശരിയാണ്. അത് ശരിയാണെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകന്‍ പറയുന്നു. സംഭവത്തില്‍ പാര്‍വതിയെ പിന്തുണയ്‌ക്കുന്ന അമ്മ സംഘടയിലെ ആദ്യ അംഗമാണ് ഷമ്മി തിലകന്‍. ഏഷ്യാവില്ലേയ‌്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇടവേള ബാബുവിനും ഇന്നസെന്റിനുമെതിരെ കടുത്ത വിമര്‍ശമാണ് ഷമ്മി തിലകന്‍ ഉന്നയിച്ചത്. ‘പുറത്താക്കാനായിട്ട് ആര്‍ക്കും തന്നെ അമ്മ സംഘടനയില്‍ അധികാരമില്ല. അമ്മ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ചാരിറ്റബിള്‍ ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയാണത്. അതില്‍ പറയുന്ന നിയമാവലികള്‍ പ്രകാരം ആരെയും പുറത്താക്കാനുള്ള അധികാരം ആര്‍ക്കും തന്നെയില്ല. അല്ലാത്തപക്ഷം അതിനകത്ത് നിന്നും പുറത്താക്കപ്പെടേണ്ടത് തിലകനോ, പാര്‍വ്വതിയോ ഒന്നുമല്ല. ഇടവേള ബാബു എന്ന വ്യക്തിയാണ് പുറത്താക്കപ്പെടേണ്ടത്. കൂടെ ഇന്നസെന്റും പുറത്തുപോകേണ്ടതാണ്. അദ്ദേഹം സംഘടനയുടെ പ്രസിഡന്റ് അല്ലാത്തതുകൊണ്ടാണ് ഞാനത് പറയാത്തത്’-ഷമ്മി തിലകന്‍ പറയുന്നു .

സംഘടനയ്ക്ക് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് ഇടവേള ബാബു ആ അഭിമുഖത്തില്‍ പറയുന്നത് കണ്ടു. രേഖാ മൂലം കിട്ടിയ പരാതികള്‍ക്കൊക്കെ അവര്‍ എന്ത് നടപടിയാണ് എടുത്തത് എന്നൊരു ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്. സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ എന്നെ ഏല്‍പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ അമ്മ അസോസിയേഷന്റെ രേഖകളും കാര്യങ്ങളുമെല്ലാം നോക്കിയൊരു ഓഡിറ്റിംഗ് നടത്തി. ഒരു റിസര്‍ച്ച്‌ പോലെ ഞാന്‍ നടത്തിയ ഓഡിറ്റില്‍ നിന്നും എനിക്ക് കിട്ടിയ വിവരങ്ങള്‍ കാണിച്ച്‌ മോഹന്‍ലാലിന് ഞാനൊരു കത്ത് കൊടുത്തിട്ടുണ്ട്. (മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ട് ഒരു കമ്മീഷനെ പോലെ ഞാന്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. ഔദ്യോഗികമായിട്ടല്ല അദ്ദേഹമെന്നോട് ആവശ്യപ്പെട്ടത് ).

‘ആ കത്തിനകത്ത് ഈ കാര്യങ്ങള്‍ എല്ലാം ഞാന്‍ വിശദമാക്കിയിട്ടുണ്ട്. ഇതിലൊരു 12 കാര്യങ്ങള്‍ ഞാന്‍ നോട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഒരു പോയിന്റ് ഇടവേള ബാബുവിന്റെ രാജി ആവിശ്യപ്പെട്ടുളളതാണ്. അയാളെ പോലെയുള്ള ഒരാള്‍ പുറത്തു പോകണം എന്ന് തന്നെയാണ് ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രസിഡന്റിനെ അഡ്രസ് ചെയ്തു കൊണ്ടാണ് ഞാനത് എഴുതിയത്. അതിന്റെ മുകളില്‍ എന്ത് നടപടിയാണ് ഇതുവരെ എടുത്തിട്ടുള്ളത്?’. വേണ്ട സമയത്ത് കൃത്യമായി നടപടി എടുത്തിരുന്നു എങ്കില്‍ പാര്‍വതിയൊക്കെ പുറത്തുപോകേണ്ടി വരുമായിരുന്നോ എന്നും ഷമ്മി തിലകന്‍ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *