പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എം.എല്‍.എയും ദലിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മെവാനി. നാലുവര്‍ഷത്തെ സര്‍ക്കാറിന്‍റെ ഭരണനേട്ടങ്ങളെ കുറിച്ച് സംവാദം നടത്താനാണ് മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മോദി കഴിഞ്ഞദിവസം നടത്തിയ പ്രസംഗം പൂര്‍ണ പരാജയമായിരുന്നെന്നും അദ്ദേഹം ഹിമാലയത്തില്‍ പോയി താമസമാക്കുന്നതാണ് നല്ലതെന്നും മെവാനി പരിഹസിച്ചു. മൈസൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയല്‍ മോദി സംസാരിക്കേണ്ട വിഷയങ്ങള്‍ മെവാനി അക്കമിട്ടുനിരത്തി. തൊഴിലില്ലായ്മ, കര്‍ഷക പ്രതിസന്ധി, ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിക്കേണ്ടിയിരുന്നത്. ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രാധാന്യത്തെ കുറിച്ച് വാചാലനാകുന്ന മോദിയുടെ നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. മോദി സത്യസന്ധമായി അംബേദ്കെറ ബഹുമാനിക്കുന്നുണ്ടെങ്കില്‍ എസ്.സി, എസ്.ടി നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ സമരം നടത്തുന്ന പട്ടികവര്‍ഗ, പട്ടിക ജാതിക്കാരില്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ രംഗത്തുവരുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും മെവാനി ആവശ്യപ്പെട്ടു