2014ലെ തിരഞ്ഞെടുപ്പിലുണ്ടായ മോദി പ്രഭാവത്തില്‍ 282 സീറ്റുകളുമായി അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാരിന് തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഒമ്ബതോളം സീറ്റുകളാണ് നഷ്ടമായത്. വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാന്‍ ആയത്.
അടുത്തിടെ കര്‍ണാടകയിലെ എം.പിമാരായിരുന്ന ബി.എസ്.യെദിയൂരപ്പയും ബി.എസ്.ശ്രീരാമലുവും രാജിവച്ചതും ബി.ജെ.പിക്ക് തിരിച്ചടിയായത്. നിലവില്‍ ലോക്സഭയില്‍ 273 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. എന്നാല്‍ കര്‍ണാടകയില്‍ നിന്ന് മൂന്നും കാശ്മീരില്‍ നിന്ന് ഒന്നും അടക്കം നാല് ലോക്സഭാ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ മാന്ത്രിക സംഖ്യയ്ക്ക് 270 അംഗങ്ങള്‍ മതി. അതേസമയം, ഇനി നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുകയോ സഖ്യകക്ഷികള്‍ ഇടയുകയോ ചെയ്താല്‍ ബി.ജെ.പിയുടെ കാര്യം പരുങ്ങലിലാകും. അങ്ങനെയെങ്കില്‍ ഒരു വര്‍ഷത്തോളം ബാക്കിയുള്ള എന്‍.ഡി.എ സര്‍ക്കാരിന് ഭരണം നിലനിറുത്തണമെങ്കില്‍ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമായി വരുമെന്ന് ഉറപ്പ്.
അതേസമയം, 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. എന്‍.ഡി.എയുടെ ഭാഗമായിരുന്ന തെലുങ്ക് ദേശം പാര്‍ട്ടിയും ശിവസേനയും 2019ല്‍ ഒറ്റയ്ക്കും വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പര ധാരണയോടെയും മത്സരിക്കാന്‍ തീരുമാനിച്ചതും ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണ്. കേന്ദ്രഭരണത്തില്‍ നിര്‍ണായക ഘടകമാകുന്ന ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയും ബി.ജെ.പി നേതാക്കളുടെ ഉറക്കം കെടുത്തുന്നുണ്ട്. മൃഗീയ ഭൂരിപക്ഷത്തില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കേറ്റത് കനത്ത തിരിച്ചടിയായിരുന്നു.