മീശ വിവാദം; ചുളുവില്‍ രാജ്യം മുഴുവന്‍ അറിയപ്പെടാനാണ് ചിലരുടെ ശ്രമമെന്ന് കെ.സുരേന്ദ്രന്‍

home-slider indian kerala news politics

തിരുവനന്തപുരം: എസ്. ഹരീഷിന്റെ മീശ എന്ന നോവല്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

സമൂഹത്തില്‍ അറിയപ്പെടാത്ത പല ലോ പ്രൊഫൈല്‍ സാഹിത്യകാരന്മാരും ഇപ്പോള്‍ തങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ഭീഷണിയുണ്ടെന്ന ആരോപണവുമായി ഇറങ്ങിയിട്ടുണ്ടെന്നും, ഇക്കൂട്ടത്തില്‍ ആദ്യത്തേയാളാണ് പ്രഭാവര്‍മയെന്നും, ചുളുവില്‍ ഒരു പെരുമാള്‍ മുരുകന്‍ പട്ടമൊപ്പിച്ചെടുത്ത് അതുവഴി രാജ്യം മുഴുവന്‍ അറിയപ്പെടാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ആരും തിരിഞ്ഞുനോക്കാതെ മൂലക്കിരിക്കുന്ന പല ലോ പ്രൊഫൈല്‍ സാഹിത്യകാരന്‍മാരും തങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ഭീഷണി എന്നും പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. അടുത്ത കുറച്ചുദിവസം ഇതു തുടരാനാണ് സാധ്യത. അക്കൂട്ടത്തില്‍ ആദ്യത്തേതാണ് പ്രഭാവര്‍മ്മയുടെ വികാരപ്രകടനം. തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നാണ് പുള്ളിയുടെ വീരവാദം. ആരു വിരട്ടിയെന്നാണ് ഇദ്ദേഹം പറയുന്നത്?സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനകവിയായ അദ്ദേഹത്തെ ആരെങ്കിലും വിരട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിനെക്കൊണ്ടൊരു കേസെടുപ്പിച്ചുകൂടെ?സംഘപരിവാര്‍ ഭീകരനെ തൂക്കി എടുത്ത് അകത്തിട്ടുകൂടെ?

ചുളുവില്‍ ഒരു പെരുമാള്‍ മുരുകന്‍ പട്ടം ഒപ്പിച്ചെടുക്കാനാണ് പലരുടെയും ശ്രമം. അതുവഴി രാജ്യം മുഴുവന്‍ അറിയപ്പെടാം. എഴുത്തു നിര്‍ത്തിക്കളയരുതേ എന്നു മാത്രമേ അപേക്ഷയുള്ളൂ. സാംസ്‌കാരിക ലോകത്തിനത് നികത്താനാവാത്ത വിടവായിരിക്കും.

ഇനിയിപ്പോള്‍ എന്തെല്ലാം മലയാളി കാണേണ്ടിവരുമോ ആവോ? അരസികസിനിമാതാരം കുപ്പായം അഴിക്കുന്നു. ലിംഗിണികളുടെ വക വരയോടു വര. സാംസ്‌കാരിക നായകരെപ്പേടിച്ച്‌ രണ്ടാഴ്ച കേരളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമോ ഭഗവാനേ!

വെള്ളപ്പൊക്കം വന്ന് സ്വന്തം പ്രജകള്‍ നെട്ടോട്ടമോടുമ്‌ബോള്‍ മഹാകവി സുധാകരനടക്കം അങ്ങോട്ട് തിരിഞ്ഞുനോക്കാന്‍ നേരം കിട്ടിയില്ലെങ്കിലും മീശ പോയതിലുള്ള സങ്കടം കൊണ്ടിരിക്കാനേ വയ്യപോലും. ഒന്നു നിര്‍ത്തിക്കൂടേ നിങ്ങളുടെ ഈ മൂന്നാംകിട നാടകങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *