ടര്‍ക്കിഷ് വിമാനത്തിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യ.
എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ സന്ദേശം കിട്ടിയ യാത്രക്കാര്‍ ശരിക്കും ഞെട്ടി. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും അവസാന നിമിഷം റദ്ദാക്കിയിരിക്കുന്നുവെന്നും ഇപ്പോള്‍ മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ചേര്‍ന്ന് തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു സന്ദേശം. എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത ടര്‍ക്കിഷ് ഹാക്കേഴ്സ് ഒപ്പിച്ച പണിയായിരുന്നു അത്. എയര്‍ ഇന്ത്യയ്ക്കു നേരെ നടന്നത് സൈബര്‍ ആക്രമണമാണെന്ന് തിരിച്ചറിഞ്ഞതോടെ യാത്രക്കാര്‍ക്കും ആശ്വാസം.
ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് എയര്‍ ഇന്ത്യയുടെ ട്വിറ്ററിന് ഉള്ളത് . ടര്‍ക്കിഷ് സൈപ്രിയോട്ട് ആര്‍മി എന്നറിയപ്പെടുന്ന I ayyıldızt എന്ന സംഘടനയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. പിന്നീട് തുര്‍ക്കി അനുകൂല സന്ദേശങ്ങളാണ് അക്കൗണ്ടില്‍ നിറഞ്ഞത്. അക്കൗണ്ട് ടര്‍ക്കിഷ് സൈബര്‍ ആര്‍മിയായ Ayyildiz Tim ഹാക്ക് ചെയ്തുവെന്നും എല്ലാ രേഖകളും അടിച്ചുമാറ്റിയെന്നും സന്ദേശവും നല്‍കിയിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ഈ മാരക ഹാക്കിങ്ങിനെക്കുറിച്ചു യാതൊരു പ്രതികരണവും എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല .