തിരുവനന്തപുരം: സ്ത്രീകളും ആദിവാസികളുമടക്കം മുപ്പതോളം പേരെ വെടിവെച്ച് കൊന്നതും ഇപ്പോഴും തുടരുന്നതുമായ മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയില്‍ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു . ശത്രുവിനെ ഉന്മൂലനം ചെയ്യുക എന്ന തെറ്റായ രീതിയിൽ പ്രവര്‍ത്തിക്കുന്ന നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ശൈലിയെ തീര്‍ത്തും തള്ളിപ്പറയുമ്പോൾത്തന്നെ , അതേ നാണയത്തില്‍ ജനങ്ങളെ വെടിവെച്ച് കൊല്ലുന്ന ഭരണകൂട രീതിയെയും അംഗീകരിക്കാനാവില്ലെന്ന് വിഎസ് പറഞ്ഞു.
എല്ലാം ഏറ്റുമുട്ടലുകളാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടാക്കുന്ന സാഹചര്യങ്ങളിലാണ് മൃതദേഹങ്ങള്‍ കാണപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുഴയില്‍ ഒഴുകി നടക്കുന്നതായി കണ്ട, അര്‍ധനഗ്‌നരായ സ്ത്രീകളുടെ മൃതദേഹങ്ങള്‍ സര്‍ക്കാരിന്റെ ഏറ്റുമുട്ടല്‍ വാദവുമായി പൊരുത്തപ്പെടുന്നില്ല, അവിടെ ആദിവാസികളും ദളിതരും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കുന്നതിനു പകരം, പ്രശ്‌നമുന്നയിക്കുന്നവരെയടക്കം തോക്കുകൊണ്ട് നേരിടുന്നത് ജനാധിപത്യ രീതിയല്ലെന്നും വിഎസ് ചൂണ്ടിക്കാട്ടി.