വാട്സാപ്പിൽ കണ്ട ഒരു കുറിപ്പായിരുന്നു ഇത്:-
അധികമാരും ശ്രദ്ധിക്കാത്ത ഒരു മരണവാർത്ത കഴിഞ്ഞ ദിവസം കടന്നുപോയി. ആരും ചരമക്കുറിപ്പെഴുതിയില്ല. ഒരു വിവാദവുമുണ്ടായില്ല.
കോടിക്കണക്കിനു മലയാളികളുടെ കണ്ണിൻ തുമ്പിൽ ഒരു കണ്ണീർക്കണം അർഹിക്കുന്ന ഒരു മരണമായിരുന്നത്. പക്ഷേ അവഗണിക്കപ്പെട്ട് കിടക്കുന്നവരുടെ സ്വഭാവിക അന്ത്യം പോലെയായെന്നത് മാത്രം.. ആ ജീവിതം പോലെ തന്നെ മരണവും ബഹളങ്ങളുണ്ടാക്കിയില്ല.
മറ്റൊന്നുമല്ല. ഫെബ്രുവരി 28ന് ദൂരദർശൻ്റെ കുടപ്പനക്കുന്നിലെ കേന്ദ്രം ഭൂതലസമ്പ്രേഷണം അവസാനിപ്പിച്ചു.
ആരുമറിഞ്ഞില്ല..ഔപചാരിക അനൗൺസ്മെൻ്റ് പോലുമുണ്ടായില്ല ജസ്റ്റ് സ്വിച്ച്ഡ് ഓഫ്
എല്ലിൻ കൂട് പോലെ വീടുകൾക്ക് മുകളിൽ ഉയർന്നു നിൽക്കുന്ന ആൻ്റിനകൾ ഇനി ഒരു കാലത്തെ അടയാളപ്പെടുത്താനുള്ള ഓർമക്കുറിപ്പുകളിലെ ചിത്രം മാത്രമാണ്..കേബിൾ നെറ്റ്വർക്കുകളുടെയും ഡി.ടി.എച്ച് നെറ്റ്വർക്കുകളുടെയും അതിപ്രസരമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇനി ദൂരദർശൻ ലഭിക്കാനും ഡി.ടി.എച്ച് സംവിധാനമോ കേബിൾ നെറ്റ്വർക്കോ ആവശ്യമായിവരും.
ഒരു തലമുറയുടെ നൊസ്റ്റാൾജിയയാണ് കഴിഞ്ഞുപോകുന്നത്…
ഓർമയിലെ ആദ്യത്തെ ടി.വി ഒരു ബ്ലാക് ആൻഡ് വൈറ്റ് ടി.വിയാണ്. ആദ്യ ടി.വി പരിപാടി ഞായറാഴ്ച നാലുമണിക്കാരംഭിക്കുന്ന ദൂരദർശൻ സമ്പ്രേഷണവും. . വൃത്തിയായി, ഒരു സാധാരണ സാരി ഉടുത്ത് വരുന്ന ഒരു വനിത…
” ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം. ഇൻസാറ്റ് 2സിയുടെ സീരിയൽ ട്രാൻസ്പോണ്ടറിൽ നിന്നുള്ള ഇന്നത്തെ സായാഹ്നസമ്പ്രേഷണം ആരംഭിക്കുന്നു. ഇന്ന് സമ്പ്രേഷണം ചെയ്യുന്ന പരിപാടികൾ…നാലു മണിക്ക് മലയാള ചലച്ചിത്രം…”
എന്ന് തുടങ്ങുന്ന ഒരു അനൗൺസ്മെൻ്റ്. അതുകഴിഞ്ഞ് കണ്ണുനട്ട് കാത്തിരുന്ന ആഴ്ചയിലൊരിക്കലുള്ള മലയാളം സിനിമ…പക്ഷേ പിള്ളേർക്ക്, ഞങ്ങൾക്ക്, സിനിമയല്ലായിരുന്നു ആകർഷണം…
ജംഗിൾ ബുക്ക്….ഓർമയിലെ ആദ്യത്തെ വില്ലൻ, ലക്ഷണമൊത്ത വില്ലൻ രാജൻ പി. ദേവും നരേന്ദ്രപ്രസാദുമൊന്നുമല്ല. ജംഗിൾ ബുക്കിലെ കിടിലൻ ബാക് ഗ്രൗണ്ട് സ്കോറോടൊപ്പം വരുന്ന ഷേർ ഖാനാണ്. മൗഗ്ലിയും ബഗീരയും അക്രുവും സുരയും ബാലുവും കിച്ചിയും കൂടി ചന്ദ്രനു കുറുകെ ചാടുന്ന ഒരു ഷോട്ടിലവസാനിക്കുന്ന പാട്ടും…
” ചെപ്പടിക്കുന്നിൽ മിന്നിത്തിളങ്ങും ചക്കരപ്പൂവേ..
ചെന്നായമമ്മി അങ്കിൾ ബഗീര തേടുന്നു നിന്നെ..”
അതുകഴിഞ്ഞ് ഡോട് സീരിസ് വന്നു, ഡെന്വർ ദി ലാസ്റ്റ് ഡൈനോസർ വന്നു, ഹീ മാൻ വന്നു ഏറ്റവും അവസാനം കാട്ടിലെ കണ്ണനാണ് കണ്ടത്. അപ്പൊഴേക്ക് ക്വാളിറ്റി പോയിരുന്നു..അതോ നമ്മൾ വളർന്നതോ 🙁
ഇതിനൊക്കെ വിലയുണ്ടായിരുന്നത് അതോടൊപ്പം വരുന്ന അനിശ്ചിതത്വമായിരുന്നു. ഒരു കാറ്റടിച്ചാലോ കാക്ക വന്ന് ഇരുന്നാലോ പോകുന്ന സിഗ്നൽ. ഒരു ചെറിയ ഗ്രെയിൻസ് പോലും ഇല്ലാതെ ഫൈൻ ട്യൂൺ ചെയ്യാൻ കഴിയുന്നവർക്ക് നല്ല ഡിമാൻ്റായിരുന്നു നാട്ടുമ്പുറത്തെ വായനശാലകളിൽ. മഴയും കാറ്റും കൂടെ സഹായിച്ച് കളയുന്ന കരൻ്റ് കൂടിയാകുമ്പൊ പൂർത്തിയായി.വിശിഷ്ടവ്യക്തികളു
അതുകഴിഞ്ഞ് ഞായറാഴ്ച രാവിലെയും പരിപാടികൾ തുടങ്ങി…
എട്ടരയ്ക്ക് ദയാസാഗർ..ഇന്നത്തെ പാഷൻ ഓഫ് ദ ക്രൈസ്റ്റിൻ്റെ വേറൊരു രൂപം. അതുകഴിഞ്ഞ് രാമാനന്ദ് സാഗർ ശ്രീകൃഷ്ണ. വേദപാഠം പഠിക്കാൻ പള്ളിയിലേക്ക് പോകുന്ന വഴി പല സ്റ്റോപ്പുകളിലായാണ് ശ്രീകൃഷ്ണ സീര്യൽ കാണുന്നത്. ഒരു പരസ്യത്തിൻ്റെ സമയത്ത് അടുത്ത വീട്ടിലേക്കുളള വഴി പിന്നിടും..പിന്നെ ഇന്ദ്രനീലം സീരിയൽ വന്നു…
” ഇന്ദ്രനീല മണിപതിച്ച മന്ത്രവാളിതാ…ചന്ദ്രഗുപ്തനു
അലാവുദ്ദീൻ്റെ അദ്ഭുതപ്പുകൾ വിളക്കുപോൽ, അഖിലദുരിതശമനമരുളും ചിത്രവാൾ ഇതാ…”
ഉച്ചയ്ക്ക് തിരിച്ച് ഓടുന്നത് രണ്ട് പരിപാടികൾ കാണാനാണ്… ഒന്ന് ജഗതിച്ചേട്ടൻ്റെ ഒരു കോമഡി പ്രോഗ്രാമായിരുന്നു. പുള്ളിതന്നെ ട്യൂൺ ചെയ്ത് പാടിയ ഒരു പാട്ട് മാത്രമേ ഓർക്കുന്നുള്ളു..((തിരുത്ത് : വരികൾ വേലുത്തമ്പി ദളവയെന്ന ചിത്രത്തിലേതായിരുന്നു)
” ബെല്ലടിച്ചു, നീ ചെല്ല് ചെല്ല് , നിൻ്റെ എല്ലൊടിച്ചു കൊല്ലുമിന്ന് മെക്കാളെ..നാളെയാട്ടെ മെക്കാള പോട്ടെ, ഞാൻ കോൾ ചെയ്തിടാം മൈ ഡാർലിങ്ങ്…”
എന്നുള്ള രണ്ട് വരികൾ…
പിന്നെ നമ്മുടെ ” പാർലെ ജി ” – ശക്തിമാൻ..ഗംഗാധർ വിദ്യാധർ മായാധർ ഓംകാർനാഥ് ശാസ്ത്രിയെന്ന് ഫുൾ നെയിം പെട്ടിയിൽ എഴുതിവച്ച് വെപ്പുപല്ലും വച്ച് നടക്കുന്ന ഒരു മണ്ടനായ രൂപം എല്ലാ സൂപ്പർഹീറോസിനും വേണമെന്ന് ആദ്യം പഠിപ്പിച്ചത് സൂപ്പർമാനും ഹൾക്കുമൊന്നുമല്ല. ശക്തിമാനായ ഗംഗാധറാണ്. (സംരാജ് കിൽ വിഷ്….അന്ധേരാ കായം രഹേ…).സീരിയലുകൾ ഉച്ചയ്ക്ക് മാത്രമല്ല.രാത്രിയിലുമുണ്ട്… ” വീൽ ഭക്തിവന്ദൻ ഓം നമശിവായ ” ” ബ്രിട്ടാനിയ അവതരിപ്പിക്കുന്ന ജയ് ഹനുമാൻ “(മംഗളമീ ജന്മം മംഗളം നൽകും, മംഗളമിയഭഗവാൻ…) പിന്നെ ആപ് ബീതി…(സംഭവങ്ങൾ)..ജാസൂസ് വിജയ്…(അതിൻ്റെ ട്വിസ്റ്റ് അന്നത്തെ….ഇന്നത്തെ ലെവലിലും കൊടൂരമായിരുന്നു…അത്യന്തം പുരോഗമനാത്മകവും..)
മധു മോഹൻ…
മലയാള സീരിയൽ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു പേരാണത്..മെഗാസീരിയലെന്ന സങ്കല്പം..ഇന്നത്തെ ചവറുകൾ വച്ച് നോക്കിയാൽ അന്നത്തെ മധുമോഹൻ്റെ ” മാനസി ” യും ” സ്നേഹസീമ ” യുമൊക്കെ തങ്കമായിരുന്നു ..തങ്കം..രാത്രിയിലെ ” ചന്ദ്രകാന്ത ” ഒരിക്കലും മറക്കാത്ത മറ്റൊരു സീരിയൽ….ടൈറ്റിൽ സോങ്ങിൽ കുതിരപ്പുറത്ത് വരുന്ന രാജകുമാരനും അമ്പെയ്ത് വീഴ്ത്താൻ ശ്രമിക്കുന്ന വില്ലത്തിയും….
അന്നത്തെ വാർത്തയ്ക്ക് പോലും ഒരു ക്വാളിറ്റിയുണ്ടായിരുന്നു. മനസ് മടുപ്പിക്കുന്ന ശബ്ദകോലാഹലമോ അന്തിച്ചർച്ചയോ ഇല്ലാതെ ശാന്തമായ വാർത്തവായന. തുടർന്ന് പ്രതികരണം..ശ്രോതാക്കളുടെ കത്തുകളും അവയ്ക്കുള്ള മറുപടിയും…ചേട്ടനും ചേച്ചിയുമെന്ന് പറഞ്ഞാൽ ഇപ്പൊഴും അവരാണ് മനസിൽ..
ഇത് നാഷണൽ, ഡി.ഡി. മെട്രോ വല്ലപ്പോഴുമേ കിട്ടാറുണ്ടായിരുന്നുള്ളു. അതാണെങ്കിൽ ഒടുക്കത്തെ ഗ്രെയിൻസും. ബൂസ്റ്റർ വേണമത്രേ……ഉള്ളതുകൊണ്ട് ഓണം പോലെ..ആ, ഓണത്തിൻ്റെയും ക്രിസ്മസിൻ്റെയും കാര്യം പറഞ്ഞപ്പൊഴാ റോജയെ ഓർമവന്നത്…” കാതൽ റോജാവേ , എങ്കെ നീയെങ്കെ ” / ” റോജ ജാനേമൻ…തു ഹീ..” മലയാളത്തിലും ഹിന്ദിയിലും തമിഴിലും കണ്ട ഒരേ പടം അന്ന് അതായിരുന്നു…പിന്നെ തിരംഗ എന്ന സിനിമ…ഒരു പാക് റോക്കറ്റ് നിർവീര്യമാക്കുന്നതോ മറ്റോ ആണ് കഥ..റോജയിലെ ത്രിവർണപതാകയിലെ തീ കെടുത്തുന്ന സീനൊക്കെക്കണ്ട് എത്ര രോമാഞ്ചിച്ചിരിക്കുന്നു..
അന്നത്തെ ടി.വിയിൽ ഈ പരിപാടികൾ മാത്രമല്ല…പാട്ടുകളും പരസ്യങ്ങളും വരെ നൊസ്റ്റാണ്..
” മിലേ സുർ മേരാ തുമാരാ….” ഇന്നത്തെ ഇന്ത്യയ്ക്ക് വേണ്ടി അന്നേ ആരോ എഴുതിയ പാട്ടാണത്…അതിൽ ആനപ്പുറത്തിരുന്ന് പാടുന്ന മലയാളിച്ചേട്ടനെയും ഓർക്കുന്നു..
ഗോൾഡ് സ്പോട്ടിൻ്റെ പരസ്യം…
നിർമ ( വാഷിങ്ങ് പൗഡർ നിർമ…)
പിന്നെ ” അരേ യഹീ തോ ഹെ ദേശ് കി ഥഡ്കൻ…”
” ഹൂഡിബാബാ…” ”
റോട്ടോമാക്..(ലിഖ്തേ ലിഖ്തേ ലവ് ഹോ ജായെ..)
പെപ്സിയുടെ സച്ചിനും ഷെയ്ന് വോണും അക്തറും അഭിനയിച്ച പരസ്യം….
” കമോൺ ഇൻഡിയാ..ദിഖാദോ… ലോകകപ്പിൻ്റെ പരസ്യം…”
മലയാളത്തിൽ ” ജോൺസ്, പോപ്പി കുടകളുടെ പരസ്യം…”
വനമാല വന്നല്ലോ വനമാലവന്നല്ലോ..കാവ്യ മാധവനായിരുന്നെന്ന് തോന്നുന്നു മോഡൽ..
ഒരു കാലഘട്ടമാണ് ചുവട് മാറിയത്….
ഒരു തുള്ളി കണ്ണീർ ഇവിടെ സമർപ്പിക്കുന്നു..
ഓർക്കാനിഷ്ടമുള്ള ഒരു കുട്ടിക്കാലം തന്നതിന്…..
ഓർമകളുള്ള കാലത്തോളമുണ്ടാവും…ആ പഴയ ടി,വിയും ആൻ്റിനയും….
പുതിയ ഡിജിറ്റൽ യുഗത്തിൽ പിടിച്ചുനിൽക്കാൻ, കച്ചവടവൽക്കരണവും പ്രൊപ്പഗാണ്ടയുമില്ലാതെ , സ്ലോഗനായ സത്യമേവ ജയതേയോട് നീതിപുലർത്തി പിടിച്ച് നിൽക്കാൻ കഴിയട്ടെ..