അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസിലെ 16 പ്രതികളുടെയും ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതി തള്ളി. പ്രതികള്‍ മനുഷ്യത്വ രഹിതമായ കൊലപാതകമാണ് നടത്തിയതെന്നും സോഷ്യല്‍ മീഡിയയിലെ സദാചാര പൊലീസ് ചമയല്‍ അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രാഥമികാന്വേഷണത്തിലും വനം വകുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങളിലും പ്രതികളുടെ പങ്ക് വ്യക്തമാണ്. മധു കള്ളനാണെന്ന പ്രതികളുടെ വാദം കോടതി തള്ളി. കള്ളനാണെങ്കില്‍ തന്നെയും സമൂഹ വിചാരണ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ പാവപ്പെട്ട ആദിവാസി കുടുംബത്തിന് നീതി നിഷേധിക്കപ്പെടുകയും ജീവിതത്തിന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുമെന്ന വാദിഭാഗം വാദം കോടതി അംഗീകരിച്ചു.
ഇക്കഴിഞ്ഞ ഫെബ്രവരി 22ന് മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം വനത്തില്‍ കയറി മധുവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പൊലീസ് ജീപ്പില്‍ വച്ച് മരിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്.