ഒരു പുതിയ ചങ്ങായിയെ കണ്ടു
ചങ്ങായിയുടെ പേര് : മണിയറയിലെ അശോകൻ
ചങ്ങായിയെ കണ്ട സ്ഥലം : എന്റെ സ്വന്തം വീട്
ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : ഞാനും എന്റെ കെട്ടിയോളും മാത്രം
ആദ്യവാക്ക് : ശോകം ഈ മണിയറയിലെ അശോകൻ
കേരളത്തിന്റെ ഒരു തനി നാട്ടിൻപുറം ആണ് സിനിമയുടെ ലൊക്കേഷൻ. നാട്ടിൻ പുറത്തെ അത്യാവശ്യം നല്ല കുടുംബത്തിൽ തന്നെ ജീവിക്കുന്ന വില്ലേജ് ഓഫീസിലെ ക്ലർക്കായ അശോകൻ (ഗ്രിഗറി ) അതെ ആ അശോകന്റെ ജീവിതത്തിലൂടെ ആണ് ഈ സിനിമ കടന്നു പോവുന്നത് . മലയാളികൾക്ക് ഒരു സൗന്ദര്യ സങ്കല്പം ഉണ്ട് അതിനുള്ള ഏറ്റവും വലിയ നെഗറ്റീവ് ആയി നമ്മൾ സിനിമകളിൽ കണ്ടു ശീലിച്ച ഉയരക്കുറവ് അത് , കല്യാണക്കാര്യങ്ങളിൽ കൂടെ ആയാലോ , അത് തന്നെയാണ് ഈ സിനിമയിലെ നായകനെയും വേട്ടയാടുന്നത് . അങ്ങനെയുള്ള അശോകന്റെ ജീവിതത്തിലൂടെ കടന്നുപോവുന്നു കുറച്ചു സ്ത്രീകളിലൂടെയും സുഹൃത്തുക്കളിലൂടെയും അയാളിലെ അപകർഷതാ ബോധത്തിലൂടെയും ഒക്കെ ഉള്ള ഒരു യാത്രയാണ് മണിയറയിലെ അശോകൻ.
നാട്ടിൻ പുറത്തിന്റെ മനോഹാരിതയിലൂടെ കടന്നുപോവുന്ന സിനിമയിലെ ചില രംഗങ്ങൾ ഒക്കെ നല്ല രീതിയിൽ തന്നെ വന്നിട്ടുണ്ട്. പക്ഷെ എന്താ പറയുക കണ്ടുമടുത്ത ക്ളീഷേ സീനുകളുടെ ഘോഷയാത്ര തന്നെ ആയിരുന്നു മിക്കയിടത്തും. വെറും ഒരു നൂറു സിനിമ മാത്രം ജീവിതത്തിൽ മൊത്തം കണ്ട ഒരു പ്രേക്ഷകന് പോലും ഈ സിനിമയിൽ എന്താണ് ഓരോ കഥാപാത്രങ്ങളും അടുത്ത സീനുകളിൽ ചെയ്യാൻ പോവുന്നതെന്നും മറ്റും ഒരു സംശയവും കൂടാതെ ഊഹിച്ചെടുക്കാം. നായകൻറെ സൗന്ദര്യകുറവ് കാണിക്കാൻ ശ്രമിക്കുന്ന ഓരോ അവസരത്തിലും നായികമാരെ വളരെ മനോഹരമായ രീതിയിൽ മേക്ക് ഇടീപ്പിച്ചു നിർത്താൻ സിനിമയുടെ അണിയറ പ്രവർത്തകർ പാടുപെട്ടിട്ടുണ്ട്. ക്ലൈമാക്സ് സീൻ പോലും പഴയ സെയിം വീഞ്ഞ്.
അശോകൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രിഗറി നല്ല പോലെ പെർഫോം ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും മിക്കയിടത്തും അത് പ്രേക്ഷകൻ നിലയ്ക്ക് എനിക്ക് ഒരു ഫീൽ തന്നില്ല. ചിലയിടങ്ങളിൽ ഒക്കെ നാട്ടിൻ പുറത്തെ പഴയകാല ശ്രീനിയേട്ടൻ ആകാനുള്ള പെടാപാട് പെടുകയാണ് എന്ന് തോന്നി പല എക്സ്പ്രഷൻസും കണ്ടപ്പോൾ .
നായികമാർക്ക് ഇത്തിരി പ്രാധാന്യമുള്ളതിനാൽ പുട്ടിനു പീര പോലെ ഒരുപാട് നായികമാർ സിനിമയിൽ കടന്നുവരുന്നുണ്ട് , പക്ഷെ മേക്കപ്പിൽ അല്ലാതെ പ്രകടനത്തിൽ അൽപ്പം എങ്കിലും മെച്ചം എന്ന് പറയാൻ പോലും ആരെയും കണ്ടെത്താൻ ആയില്ല എനിക്ക്.
ഗസ്റ്റ് റോളിൽ വന്ന ദുൽക്കറിനൊന്നും ഒന്നും ചെയ്യാൻ ഇല്ല , രണ്ട് ഉപദേശം കൊടുക്കുക പോവുക അത്രമാത്രം.
വിജയരാഘവൻ ചേട്ടന്റെ റോൾ മിക്ക സിനിമകളിലും കാണുന്ന സ്ഥിരം അച്ഛൻ കഥാപാത്രം മാത്രം .കൃഷ്ണകുമാറിന്റ ചിലയിടങ്ങളിലെ ഓവർ എക്സ്പ്രഷൻസ് ഒഴിച്ചാൽ ഓക്കേ എന്ന രീതിയിൽ പറയാം , അതുപോലെ തന്നെ ഷൈൻ ടോം ചാക്കോയും. സുധീഷും ഇന്ദ്രൻസ് ചേട്ടനും ഒക്കെ ദേ വന്നു ദാ പോയി , കോമഡിക്കുവേണ്ടി കൊണ്ടുവന്ന സണ്ണി വെയിൻ നല്ല ഒന്നാം തരാം വെറുപ്പിക്കൽ ആയിരുന്നു പ്രകടനം കൊണ്ട്.
പുതുമുഖ സംവിധായകൻ ഷംസു സൈബ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കാൻ ശ്രമിച്ചപ്പോൾ പലയിടത്തും പുതിയ കുപ്പിക്ക് ഓട്ട വന്നതുപോലെ ആയി. ക്ളീഷേ രംഗങ്ങളുടെ ഘോഷയാത്രയെങ്കിലും കുറയ്ക്കാം എന്ന് തോന്നി. വിഷ്വൽസ് നല്ല മനോഹരമായി വന്നു എന്ന് മാത്രം പറയാം.
സജാദ് കക്കു തന്റെ ക്യാമറയിലൂടെ ഒപ്പിയെടുത്ത നാട്ടിൻ പുറത്തിന്റെ ഭംഗി അതിഗംഭീരം എന്ന് തന്നെ പറയാം , ഈ സിനിമയിൽ കണ്ട ഏറ്റവും വലിയ പ്ലസ് പോയിന്റ് അതാണ്.
പിന്നെ ശ്രീഹരി കെ നായർ ഒരുക്കിയ ഗാനങ്ങളിൽ ഓള്….ഓള് എന്ന ഗാനം ഒരു വല്ലാത്ത ഫീലിംഗ് തന്നെ എന്ന് നിസംശയം പറയാം. പെയ്യും നിലാവ് എന്ന ഗാനവും കൊള്ളാം എങ്കിലും സിനിമയുടെ പൊട്ടിയ രസച്ചരടിലുള്ള യാത്രയിൽ ആസ്വദിക്കാൻ തോന്നിയില്ല.
സിനിമ ചങ്ങായി റേറ്റിങ് : 3.5/10
NB : ഇനി തൽക്കാലം ഒരിക്കൽകൂടി പഴയകാല ഒരു ശ്രീനിയേട്ടൻ സിനിമ യൂട്യൂബിൽ നിന്നു തപ്പിയെടുത്തു കണ്ടേക്കാം , കാരണം പുതിയത് ഒറ്റതവണയിൽ മുഷിഞ്ഞെങ്കിലും പഴയതിന്റെ മൊഞ്ചു അങ്ങനെ ഒന്നും പോവില്ല മോനെ.