തിരുവനന്തപുരം: വര്‍ക്കലയിലെ ഭൂമി കൈമാറ്റ വിവാദത്തില്‍ തിരുവനന്തപുരം ജില്ല സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ വകുപ്പ് തല നടപടി ആരംഭിക്കുന്നു . വര്‍ക്കല അയിരൂര്‍ വില്ലേജിലെ കോടികള്‍ വിലവരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് നിയമവിരുദ്ധമായി പതിച്ച് നല്‍കിയെന്നതാണ് ദിവ്യ എസ് അയ്യര്‍ക്ക് നേരെയുള്ള ആരോപണം. 27 സെന്റ് ഭൂമി നേരത്തെ സ്വകാര്യ വ്യക്തിയില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചു പിടിച്ചതായിരുന്നു. ഇത് കൈവശം വെച്ചിരുന്ന വ്യക്തിക്ക് തന്നെ കൊടുക്കുകയാണ് സബ് കളക്ടർ ചെയ്തത്.
സബ് കളക്ടറുടെ നടപടി വിവാദമായതോടെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വിഷയത്തില്‍ ഇടപ്പെട്ടു . ഇതിനുശേഷം ജില്ലാ കളക്ടര്‍ യു വാസുകി ഭൂമി കൈമാറിയ സബ് കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തു. ദിവ്യ എസ് അയ്യര്‍ക്കെതിരായ ആരോപണം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് ലഭിക്കുന്നത്തിന്റെ അടിസ്ഥാനത്തിൽ സബ് കളക്ടര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം.
വിശദമായ ഹിയറിംഗിന് വേണ്ടി ദിവ്യ എസ് അയ്യരോട് എത്തിച്ചേരാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പറഞ്ഞിട്ടുണ്ട്. വിവാദ ഭൂമി കൈമാറ്റത്തില്‍ വേഗത്തില്‍ നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു . അതിനിടെ ദിവ്യ എസ് അയ്യര്‍ക്കെതിരെ മറ്റൊരു നിയമവിരുദ്ധ ഭൂമി കൈമാറ്റ ആരോപണവും നിലവിലുണ്ട്. കൈരളി പീപ്പിള്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. കാട്ടാക്കടയിലെ മണ്ണൂര്‍ക്കര പഞ്ചായത്തില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കി എന്നാണ് ആരോപണം. ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവും ജനപ്രതിനിധിയുമായ കെഎസ് ശബരീനാഥന്റെ മണ്ഡലത്തിലാണ് ഈ ഭൂമി കൈമാറ്റം നടന്നിരിക്കുന്നതെന്ന് കൈരളി വാര്‍ത്തയില്‍ പറയുന്നു.