ബ്ലൂ ബ്ലഡ് സൂപ്പർ മൂൺ!!! 152 വർഷങ്ങൾക്കു ശേഷം.

home-slider other sports

ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങൾ ഒരുമിച്ച് ഇന്നത്തെ സന്ധ്യാമാനത്തു കാണാൻ സാധിക്കും ഇന്നു സന്ധ്യയ്ക്ക് 6.21ന് ചന്ദ്രൻ ഉദിക്കുന്നതു മുതൽ 7.37 വരെ കേരളത്തിൽ പൂർണചന്ദ്രഗ്രഹണം (ബ്ലഡ്മൂൺ) . ആകാശം മേഘാവൃതമാണെങ്കിൽ ഈ പ്രതിഭാസം കാണാൻ കഴിയില്ല. ഇവ മൂന്നും അപൂർവ പ്രതിഭാസങ്ങളല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് 152 വർഷങ്ങൾക്കു ശേഷമാണ്. ഇതിനു മുൻപ് ഇങ്ങനെ ഒരുമിച്ചു വന്നത് 1866 മാർച്ച് 31ന്.ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വർധിക്കും….

ബ്ലൂമൂൺ
ഒരു കലണ്ടർ മാസത്തിൽ കാണുന്ന രണ്ടാമത്ത പൂർണചന്ദ്രന് പറയുന്ന പേരാണ് പൗർണമി അഥവാ ബ്ലൂ മൂൺ. ചന്ദ്രന്റെ പ്രകാശിത ഭാഗം മുഴുവൻ ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാണ് പൗർണമി(പൂർണചന്ദ്രൻ). പൗർണമി നാളിൽ മാത്രമേ ചന്ദ്രഗ്രഹണം ഉണ്ടാവൂ.

ബ്ലഡ് മൂൺ
പൂർണ ചന്ദ്രഗ്രഹണ ദിവസം ചന്ദ്രനെ ഓറഞ്ച് കലർന്ന ചുവപ്പ് നിറത്തിൽ കാണുന്നു. ഇതാണ് ബ്ലഡ് മൂൺ. ഇന്നു സന്ധ്യയ്ക്ക് 6.21ന് ചന്ദ്രൻ ഉദിക്കുന്നതു മുതൽ 7.37 വരെ കേരളത്തിൽ പൂർണ ചന്ദ്രഗ്രഹണം (ബ്ലഡ്മൂൺ) അനുഭവപ്പെടും.

എന്തുകൊണ്ട് ബ്ലഡ്മൂൺ?
ചന്ദ്രഗ്രഹണ സമയത്തും സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകും. അന്തരീക്ഷത്തിൽ വച്ച് അപവർത്തനം സംഭവിക്കുന്ന ഇവയിൽ തരംഗദൈർഘ്യം കൂടുതലുള്ള ചുവപ്പ്, ഓറഞ്ച് രശ്മികൾ മാത്രം ചന്ദ്രനിലെത്തും. മറ്റു വർണരശ്മികൾ വായുവിൽ വിസരണം നടന്ന് നഷ്ടപ്പെടും.

സൂപ്പർ മൂൺ
ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന പഥത്തിന്റെ ആകൃതി ദീർഘ വൃത്തമായതിനാൽ ഭൂമിയുമായുള്ള അകലം സ്ഥിരമല്ല. ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്ത്(perigee) വരുമ്പോൾ പൗർണമി ‌സംഭവിച്ചാൽ ചന്ദ്രന്റെ ശോഭ 30 ശതമാനവും വലുപ്പം 14 ശതമാനവും കൂടി കാണപ്പെടുന്നു. ഇതാണ് സൂപ്പർ മൂൺ

ഗ്രഹണം
ഒരു പ്രകാശസ്രോതസിന് മുന്നിൽ വരുന്ന ഏതൊരു ‌അതാര്യവസ്തുവും നിഴൽ സൃഷ്ടിക്കുന്നു. ഇതാണ് ഗ്രഹണത്തിന്റെ അടിസ്ഥാനം. ഒരു ആകാശഗോളത്തിന്റെ നിഴൽ മറ്റൊരു ഗോളത്തിൽ വീണാൽ ഗ്രഹണമായി.

സൂര്യഗ്രഹണം
സൂര്യനും ഭൂമിക്കും ഇടയ്ക്ക് ചന്ദ്രൻ വരുമ്പോൾ സൂര്യപ്രകാശം ഭൂമിയിൽവീഴാതെ ചന്ദ്രൻ മറയ്ക്കുന്നു.

ചന്ദ്രഗ്രഹണം
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ സൂര്യപ്രകാശം ചന്ദ്രനിൽവീഴാതെ ഭൂമി മറയ്ക്കുന്നു. വലിയ പ്രകാശ സ്രോതസ്സുകൾ രണ്ടിനം നിഴലുകൾ ഉണ്ടാകുന്നു. പൂർണ നിഴലായ ഛായയും (Umbra) ഭാഗിക നിഴലായ ഉപഛായയും (Penumbra). പൂർണ–ഭാഗിക ഗ്രഹണങ്ങൾക്ക് കാരണം ഇതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *