സാംപൗളോ: ബ്രസീലിൽ ഫുട്ബോള്‍ മൈതാനം കൂട്ടത്തല്ലിന് വഴിമാറിയപ്പോള്‍ അരങ്ങേറിയത് ഇതുവരെ കണ്ടിട്ടില്ലാത്ത കയ്യാങ്കളി. കളത്തില്‍ അടിയോടടി റഫറിയും നോക്കിനിന്നില്ല, തലങ്ങുംവിലങ്ങും ചുവപ്പുകാര്‍ഡ് വീശി… ഒടുവില്‍ ഒമ്ബതുപേരെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറി, മത്സരം നിര്‍ത്തിവച്ചതായുള്ള ലോംഗ് വിസില്‍ മുഴക്കിയശേഷമാണ് നിർത്തിയത്.
ബ്രസീൽ ഡെര്‍ബി എന്നറിയപ്പെടുന്ന വിക്ടോറിയ-ബഹിയ പോരാട്ടമാണ് വേദി. മത്സരം തീരാന്‍ 11 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബഹിയയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്ക് എടുത്ത വിനീഷ്യസ് പന്ത് വലയിലെത്തിച്ച് അതുവരെ പിന്നിലായിരുന്ന ടീമിനെ 1-1ന് ഒപ്പമെത്തിച്ചു. തുടര്‍ന്ന് വിനീഷ്യസും കൂട്ടരും നടത്തിയ ഗോള്‍ ആഹ്ലാദ നൃത്തമാണ് കൂട്ടത്തല്ലിലേക്കും ചുവപ്പ് കാര്‍ഡ് പ്രളയത്തിലേക്കും കാര്യങ്ങള്‍ എത്തിച്ചത്.
ആതിഥേയ കാണികളെ കളിയാക്കുന്ന തരത്തില്‍ ലൈംഗിക ചുവയുള്ള ബഹിയ താരങ്ങളുടെ നൃത്തം വിക്ടോറിയ താരങ്ങള്‍ തടയുകയും കൈയ്യാങ്കളിയിലെത്തുകയും ചെയ്തു. വിക്ടോറിയയുടെ അഞ്ച് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്കു നടന്നു. ബഹിയയുടെ നാലും. ഒരു ടീമില്‍ ചുരുങ്ങിയത് ഏഴ് കളിക്കാര്‍ കളത്തില്‍ ഉണ്ടെങ്കിലേ ഫുട്ബോള്‍ മത്സരം നടത്താന്‍ പാടുള്ളൂ എന്നാണ് നിയമം. അഞ്ച് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ വിക്ടോറിയയുടെ അംഗബലം ആറായി ചുരുങ്ങി. അതോടെ 11 മിനിറ്റ് ബാക്കിനില്‍ക്കേ മത്സരം റദ്ദാക്കേണ്ടിവന്നു.