ദ വയറിന് നല്‍കിയ അഭിമുഖത്തിൽ പാര്‍ട്ടി നിലപാട് തള്ളി ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയുടെ പ്രതികരണം. ഗോവയില്‍ ഹിന്ദുത്വ അജണ്ട നടപ്പിലാവില്ലെ ന്നും ഗോവയ്ക്കും തനതായ സംസ്കാരമുണ്ടെന്നും അവിടെ ഹിന്ദുത്വ അജണ്ട നടപ്പിലാകില്ലെന്നും ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞു. അവര്‍ ഇവിടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗോവയ്ക്ക് തനതായ സംസ്കാരമുള്ളത് കൊണ്ട് അത് നടന്നില്ല-ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞു.
വന്ദേമാതരം ചൊല്ലുന്നതും യോഗ ചെയ്യുന്നതും രാജ്യസ്നേഹത്തിന്റെ ലക്ഷണമാണെന്ന് കരുതുന്നില്ല. ഞങ്ങളിത് സ്കൂളുകളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം ചൊല്ലാറുണ്ട്. മതത്തിന്റേയോ സംസ്കാരത്തിന്റേയോ വികാരങ്ങളുടേയോ പേരില്‍ നിങ്ങള്‍ക്ക് ആളുകളെ ഭയപ്പെടുത്താന്‍ കഴിയില്ല. ബീഫ് നിരോധനം ഗോവയില്‍ നടപ്പിലാകില്ല. ഗോവയിലെ കത്തോലിക്കരും മുസ്ലീങ്ങളും ബീഫ് കഴിക്കുന്നവരാണെന്ന് പരീക്കറിന് അറിയാവുന്നതാണെന്നും ഡിസൂസ പറഞ്ഞു.
ബീഫ് ഞങ്ങളുടെ ഭക്ഷണ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. ഒറ്റരാത്രി കൊണ്ട് ബീഫ് നിരോധിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് ഗോവധ നിരോധനമുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവ ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണമില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യം സംസ്കാരത്തിന്റെ ഭാഗമായതിനാല്‍ മദ്യവും ഗോവയില്‍ നിരോധിക്കാനാകില്ല.
ജന്മദിനാഘോഷം, വിവാഹം, മരണം തുടങ്ങി എല്ലാ ചടങ്ങുകള്‍ക്കും ഗോവക്കാര്‍ മദ്യപിക്കാറുണ്ട്. താന്‍ മദ്യം കഴിക്കാറില്ലെങ്കിലും മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാറില്ല. വാലന്റൈന്‍സ് ഡേ മുതല്‍ മദ്യപാനം വരെ നിരോധിക്കണമെന്ന് പറയുമ്ബോള്‍ ജനങ്ങളെയെല്ലാം സന്യാസിമാരാക്കാനാണോ ശ്രമിക്കുന്നതെന്നും ഫ്രാന്‍സിസ് ഡിസൂസ ചോദിച്ചു.