ബിസിനസ് എന്ന വിദ്യാഭ്യാസം ; ലക്ഷങ്ങള്‍ കോഴ വാങ്ങി അധ്യാപകനിയമനം ;അതിനു വേണ്ടി വ്യാജ ഐഡികാർഡ് കാണിച്ചു ഇല്ലാത്ത വിദ്യാത്ഥികൾ ;കേരളത്തിലെ 70 എയ്‌ഡഡ്‌ സ്‌കൂളുകള്‍ പ്രതിക്കൂട്ടിൽ ;

home-slider kerala

വ്യാജരേഖകളിലൂടെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി അനധികൃതമായി പുതിയ ഡിവിഷനുകള്‍ നേടിയെടുത്ത്‌ 70 എയ്‌ഡഡ്‌ സ്‌കൂളുകള്‍ അധ്യാപക നിയമനം നടത്തിയെന്നു കണ്ടെത്തി. ലക്ഷങ്ങള്‍ കോഴ വാങ്ങി അധ്യാപകനിയമനം നടത്താനായാണു വ്യാജരേഖകളിലൂടെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയത്‌.

കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ തട്ടിപ്പിന്റെ പേരില്‍ മൂന്നു സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്കും ക്ലാസ്‌ ടീച്ചര്‍മാര്‍ക്കും എതിരേ ക്രിമിനല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. മറ്റു സ്‌കൂളുകളില്‍ തട്ടിപ്പു നടത്തിയവര്‍ക്കെതിരേ വിശദമായ പരിശോധനയ്‌ക്കു ശേഷം കേസെടുക്കും. സ്‌കൂള്‍ മാനേജര്‍മാരെ അയോഗ്യരാക്കും.

അധിക തസ്‌തികയ്‌ക്ക്‌ അര്‍ഹതയില്ലാത്ത സ്‌കൂളുകളില്‍നിന്നും അതേ മാനേജ്‌മെന്റിനു കീഴിലുള്ള മറ്റു സ്‌കൂളുകളില്‍നിന്നും ടി.സി. വാങ്ങി കുട്ടികളുടെ പേര്‌ ഹാജര്‍ബുക്കില്‍ ചേര്‍ക്കും. ആറാം പ്രവൃത്തിദിനത്തില്‍ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ്‌ കഴിയുന്നതോടെ ടി.സി. പഴയ സ്‌കൂളിലേക്കു തിരിച്ചുനല്‍കും. ബുക്ക്‌ അഡ്‌ജസ്‌റ്റ്‌മെന്റ്‌ എന്ന പേരിലറിയപ്പെടുന്ന ഈ തട്ടിപ്പിലൂടെ തങ്ങളുടെ “സ്‌കൂള്‍ മാറിയത്‌” വിദ്യാര്‍ഥികളും രക്ഷിതാക്കളും അറിയില്ല.
കുട്ടികളുടെ എണ്ണം നല്‍കാനുള്ള സമ്ബൂര്‍ണ സോഫ്‌റ്റ്‌വേര്‍ ഒഴിവാക്കിയാണു തട്ടിപ്പ്‌. അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ പേരും യു.ഐ.ഡി. നമ്ബറും ഉപയോഗിച്ചും ടി.സി. ഇല്ലാതെ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയും തട്ടിപ്പ്‌ നടത്തി അനധികൃത ഡിവിഷനുകള്‍ നേടിയെന്നാണ്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ കണ്ടെത്തിയത്‌. അധികമായുണ്ടായ എല്ലാ തസ്‌തികയിലും മാനേജ്‌മെന്റുകള്‍ അധ്യാപകരെ നിയമിക്കുകയും ചെയ്‌തു.

തസ്‌തിക നിര്‍ണയത്തിനുശേഷം സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതു കണ്ടതിനെത്തുടര്‍ന്നാണ്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റ്‌ പരിശോധന നടത്തിയത്‌. തട്ടിപ്പിനുവേണ്ടി വന്‍തോതില്‍ ടി.സി. സംഘടിപ്പിക്കുകയും പിന്നീട്‌ ടി.സി. തിരിച്ചുനല്‍കുകയും ചെയ്‌തതാണു കാരണമെന്നാണു കണ്ടെത്തല്‍. മൂന്നു സ്‌കൂളുകളില്‍ വലിയ തോതിലുള്ള ക്രമക്കേടാണു നടന്നതെന്നു വ്യക്‌തമായി. ഈ സ്‌കൂളിലെ പ്രഥമാധ്യാപകന്‍, കുട്ടികളെ വ്യാജമായി ചേര്‍ത്ത ക്ലാസിലെ അധ്യാപകര്‍ എന്നിവര്‍ക്കെതിരേയാണു കേസെടുത്തത്‌. ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നിവയാണു കുറ്റങ്ങള്‍.

ക്രമക്കേടിനു പിന്നില്‍ പ്രവര്‍ത്തിച്ച മാനേജര്‍മാരെ അയോഗ്യരാക്കും. ഇവര്‍ക്കെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ പോലീസിന്‌ ഉചിതമായ തീരുമാനമെടുക്കാം. ടി.സി. നല്‍കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താനും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *