വരാപ്പുഴയില്‍ നടന്ന ബിജെപി ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹര്‍ത്താലിനിടെ കൈക്കുഞ്ഞുമായി വന്ന യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച നടപടിയിലാണ് കുമ്മനത്തിന്റെ ഖേദപ്രകടനം. പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്ന യുവാവിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ആലങ്ങാട് സ്വദേശിയായ മുഹമ്മദ് ഷാഫിക്ക് ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്.
ആലങ്ങാടു നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് സുഹൃത്തിന്റെ 15 ദിവസം പ്രായമുള്ള കുഞ്ഞുമായി പോകുയായിരുന്നു ഷാഫി. പിന്നില്‍ നിന്നു മറ്റു വാഹനങ്ങളെ മറികടന്നു വേഗത്തില്‍ എത്തിയ കാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. കാര്‍ ഓടിച്ചിരുന്ന ഷാഫി പുറത്തിറങ്ങിയതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രവര്‍ത്തകരില്‍ ഒരാള്‍ ഇയാളെ തള്ളുകയും മറ്റുള്ളവര്‍ ചേര്‍ന്നു മര്‍ദ്ദിക്കുകയുമായിരുന്നു. കൂടാതെ സ്ത്രീകളോടും പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥിനികളോടും മോശമായ രീതിയിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പെരുമാറിയത്.
പ്രായമുള്ള ബിജെപി പ്രവര്‍ത്തകരടക്കം വളരെ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് കുമ്മനത്തിന്റെ ഖേദം പ്രകടനം.