ബാര്‍ കോഴക്കേസില്‍ രമേശ്‌ ചെന്നിത്തലക്കെതിരെ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍

politics

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലക്കെതിരെ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിന്‌ അനുമതി തേടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌ ഫയല്‍ കൈമാറി. രമേശ്‌ ചെന്നിത്തല, കെ ബാബു, വിഎസ്‌ ശിവകുമാര്‍ എന്നിവര്‍ക്ക്‌ പണം കൈമാറിയിട്ടുണ്ടെന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിലാണ്‌ അന്വഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്‌.

യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിക്കായി മുന്‍ മന്ത്രി കെ ബാബുവിന്റെ നിര്‍ദേശപ്രകാരം ബാറുടമകളില്‍ നിന്നും 10 കോടി രൂപ പിരിച്ചെടുത്തെന്നും ,ഒരു കോടി രൂപ ചെന്നിത്തലക്കും,50ലക്ഷം കെ ബാബുവിനും,25 ലക്ഷം വിസ്‌ ശിവകുമാറിനും കൈമാറിയെന്നുമാണ്‌ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ബിജുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി, പ്രാഥമിക അന്വേഷണത്തിന്‌ അനുമതി തേടി ഫയല്‍ വിജിലന്‍സ്‌ സര്‍ക്കാരിന്‌ കൈമാറി.

പ്രതിപക്ഷ നേതാവ്‌ അന്വേഷണ പരിധിയില്‍ക്കുള്ളില്‍ വരുന്നതിനാലാണ്‌ അന്വേഷണാനുമതി തേടി ഫയല്‍ വിജിലന്‍സിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ചയ്‌ കൗള്‍ ഗവര്‍ണര്‍ക്ക്‌ കൈമാറിയത്‌.

അഴിമതി നിരോധന നിയമത്തിലെ ഭേദഗതി അനുസരിച്ച്‌ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന്‌ സര്‍ക്കാര്‍ അനുമതി ആവശ്യമാണ്‌ . എന്നാല്‍ ആരോപണത്തില്‍ നിന്നും പിന്‍മാറാന്‍ ജോസ്‌ കെ മാണി 10 കോടി വാഗ്‌ദാനം ചെയ്‌തെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ്‌ സൂചന.

തദ്ദേശ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്‌തതിനു പിന്നാലെയാണ്‌ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസുകള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ യുഡിഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഏറെ വിവാദങ്ങള്‍ക്ക്‌ വഴിതെളിച്ച കേസായിരുന്നു ബാര്‍ കോഴക്കേസ്‌ . ബാര്‍ കോഴക്കേസ്‌ ആരോപണത്തെ തുടര്‍ന്ന്‌ അന്ന്‌ യുഡിഎഫ്‌ മന്തിസഭയില്‍ ധനമന്ത്രി ആയിരുന്ന കെ എം മാണി രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *