കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ സംഘ്പരിവാറിനെ പ്രീണിപ്പിക്കുന്നതിലെ ഒടുവിലത്തെ ഉദാഹരണമാണ് ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെയുള്ള കേസെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വസ്ത്ര ധാരണത്തെ കുറിച്ചും ജീവിത രീതികളെക്കുറിച്ചുമൊക്കെ ഓരോ മതവിഭാഗങ്ങള്‍ക്കും തങ്ങളുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് സാംസ്കാരിക നായകരും സാഹിത്യകാരന്മാരും ഗായകരും ഇതിനു മുമ്ബും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, അത്തരം ഘട്ടങ്ങളിലൊന്നും പൊലീസ് കേസ് എടുക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊലീസ് ഒരു വിഭാഗത്തെ മാത്രം തെരഞ്ഞു പിടിക്കുന്നുവെന്ന ആക്ഷേപത്തിന് പിന്‍ബലം നല്‍കുന്ന നീക്കങ്ങളാണ് ഉണ്ടാകുന്നത്. മത പ്രബോധകരും പ്രവര്‍ത്തകരും നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെ പൊലീസിനെ ഉപയോഗിച്ച് വിരട്ടുക എന്ന ശൈലി തീര്‍ച്ചയായും ഗൗരവത്തോടെ തന്നെ കാണണം. ഇത്തരം വിഷയങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി അതിനെ ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും പ്രോത്സാഹിക്കപ്പെട്ടു കൂടാ. വെടക്കാക്കി തനിക്കാക്കുക എന്ന സംഘ് പരിവാര്‍ ശൈലി തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷം പിന്തുടരുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വസ്ത്രധാരണത്തെക്കുറിച്ച് ആരും ആരെയും ഇവിടെ നിര്‍ബന്ധിക്കുന്നില്ല. തീ തുപ്പുന്ന വര്‍ഗീയത പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയില്ല, മത പണ്ഡിതര്‍ക്കെതിരെ കേസെടുക്കുന്നത് മുസ്ലിം ലീഗ് ശക്തമായി ചെറുക്കും. മാര്‍ച്ച് 29 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേരുന്ന മത നേതാക്കളുടെ യോഗം ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.