പ്രീയപ്പെട്ടവനേ കാത്തിരിക്കുക, ചില കണക്കുതീര്‍ക്കലുകള്‍ ബാക്കിയുണ്ട് ; അതിനു ശേഷമാകാം ഒന്നിച്ചുള്ള യാത്രയെന്ന് അഭിമന്യുവിനോട് ടി പത്മനാഭന്‍

home-slider kerala local news

‘പ്രിയപ്പെട്ടവനേ, നീ മരിച്ചിട്ടില്ല. നീ അമരനാണ്. നീ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. നിന്റെ കൂടെ ഞങ്ങളെല്ലാവരുമുണ്ട്. പക്ഷേ ഇത്തിരി നേരം കൂടി നീ ഞങ്ങള്‍ക്കു വേണ്ടി കാത്തു നില്‍ക്കണം. ഒഴിച്ചുകൂടാത്ത ചില ജോലികള്‍ ഇവിടെ ഞങ്ങള്‍ക്കുണ്ട്. ചില കണക്കുതീര്‍ക്കലുകള്‍. അതിനു ശേഷമാകാം ഒന്നിച്ചുള്ള യാത്ര’. മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിനായ് എഴുത്തുകാരന്‍ ടി പത്മനാഭന്‍ കുറിച്ച വരികളാണിത്.

‘എന്റെ പ്രിയപ്പെട്ട കുട്ടീ, നിന്നെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്നിട്ടും നീ നിന്റെ നിഷ്‌കളങ്കമായ സ്‌നേഹത്താല്‍ എന്നെ പിടിച്ചു കെട്ടിക്കളഞ്ഞല്ലോ. ഒരു കുട്ടിയുടെ, ചെറുപ്പക്കാരന്റെ പുഞ്ചിരി ഇത്രമാത്രം മനോഹരമാകുമെന്ന് എനിക്ക് ഇപ്പോഴല്ലേ മനസിലായത്. നിന്നെക്കുറിച്ച്‌ എല്ലാം ഞാന്‍ അറിയുന്നു. നീ നിസ്വനായിരുന്നു. എന്നിട്ടും നീ എല്ലാവരെയും സ്‌നേഹിച്ചു. സഹായിച്ചു.

നിന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. ശുദ്ധമായ സ്‌നേഹമൊഴിച്ച്‌. എന്നിട്ടും നീ ആ സ്‌നേഹം എല്ലാവര്‍ക്കും വാരിക്കൊടുത്തു. നീയുമായി പെരുമാറിയവരെ മാത്രമല്ല, നിന്നെക്കുറിച്ച്‌ കേട്ടറിവുള്ളവരെക്കൂടി നീ നിന്റെ സ്‌നേഹത്തിന്റെ നനുത്ത നൂലുകളാല്‍ വരിഞ്ഞുകെട്ടി. നിന്റെ കൂടെ പ്രവര്‍ത്തിച്ചവരെ, പഠിച്ചവരെ, പഠിപ്പിച്ചവരെ എല്ലാവരെയും.

പ്രീയപ്പെട്ടവനേ, ഞങ്ങളെല്ലാവരും ഉറങ്ങിക്കിടന്നപ്പോള്‍ നീ ഉറങ്ങാതെ ജോലി ചെയ്യുകയായിരുന്നു. നീ ഹോട്ടലിലെ എച്ചില്‍ പാത്രങ്ങള്‍ കഴുകി. രാത്രി ഏറെ നേരം പട്ടണത്തിലെ ചുമരുകളില്‍ സിനിമാ പോസ്റ്ററുകള്‍ ഒട്ടിച്ചുനടന്നു. ഇതില്‍ നിന്നൊക്കെ കിട്ടുന്ന കാശുകൊണ്ടു വേണമായിരുന്നു നിനക്ക് പഠിക്കാനും ജീവിക്കാനും.

ഞങ്ങള്‍ക്ക് കുറ്റബോധമുണ്ട്, നാന്‍ പെറ്റ മകനേ ഈ നിലവിളി ദിഗന്തങ്ങളില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു. പ്രീയപ്പെട്ടവനേ നീ മരിച്ചിട്ടില്ല. നീ അമരനാണ്.’

Leave a Reply

Your email address will not be published. Required fields are marked *