പ്രളയ ദുരന്തത്തിനും നീണ്ട അവധിക്കും ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്ന 29 ന് അധ്യാപകരും രക്ഷിതാക്കളും അറിയാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറും സ്പെഷല്‍ സെക്രട്ടറിയുമായ കെ വി മോഹന്‍കുമാര്‍ പുറപ്പെടുവിക്കുന്ന അഭ്യര്‍ത്ഥന ശ്രദ്ധിക്കൂ.
പ്രിയമുള്ളവരേ,
ഓണാവധി കഴിഞ്ഞ് ഈ 29 നു സ്കൂള്‍ തുറക്കുകയാണല്ലോ? നാം ഇതുവരെ അനുഭവിച്ചറിയാത്ത പ്രളയ ദുരന്തമാണ് ഇക്കുറി കേരളം നേരിട്ടത്. അതുകൊണ്ട് തന്നെ പ്രളയ ബാധിത മേഖലകളില്‍ വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്ബോള്‍ നാം ഒട്ടേറെ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ദുരന്തം നേരിട്ടും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞും വിഹ്വലമായ മനസ്സോടെയായിരിക്കും ബഹു ഭൂരിപക്ഷം കുട്ടികളും സ്കൂളിലെത്തുക.ജീവിതം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്ക അവരില്‍ പലര്‍ക്കുമുണ്ടാകാം. സ്വന്തം വീടുകള്‍ തകര്‍ന്നും ഉറ്റവര്‍ ഇല്ലാതായും വളര്‍ത്തു മൃഗങ്ങള്‍ അടക്കം പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ടും ആഘാതമേറ്റ മനസ്സുമായി വരുന്നവരാവും അവരില്‍ പലരും.അവര്‍ക്ക് സന്തോഷവും ആശ്വാസവും ആത്മവിശ്വാസവും പകരുന്നതിലാവണം ആദ്യ ദിവസങ്ങളില്‍ നമ്മുടെ ശ്രദ്ധ.മധുരം നല്‍കിയും ഒത്തൊരുമിച്ച് പാട്ടുകള്‍ പാടിയും സ്നേഹപൂര്‍വ്വം സാന്ത്വനിപ്പിച്ചും അവരുടെ മനസ്സിനെ ദീപ്തമാക്കാന്‍ നമുക്കാവണം.അതിനായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സദയം പാലിച്ചാലും.
1. പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 29,30 തീയ്യതികളില്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ മാനസികോല്ലാസവും ആത്മ വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2. എല്ലാ സ്കൂളുകളിലും പി ടി എ കമ്മിറ്റികള്‍ കഴിയുന്നതും 29 നു തന്നെ യോഗം ചേര്‍ന്ന് പരിസര ശുചിത്വവും കുട്ടികളുടെ ആരോഗ്യവും ഉറപ്പു വരുത്തുന്നതിനും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും സ്കൂളുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരും ഹെഡ് മാസ്റ്റര്‍മാരും ഈ അവസരത്തില്‍ ഒരേ മനസ്സോടെ, ഒത്തൊരുമയോടെ മാതൃകാപരമായി പ്രവര്‍ത്തിക്കണം.
3. ആദ്യ ദിവസം തന്നെ സ്കൂള്‍ അസംബ്ലി വിളിച്ചു ചേര്‍ത്ത് കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ നല്‍കണം.ഇതു സംബന്ധിച്ച് നമ്മുടെ പൊതു വിദ്യാഭ്യാസ മന്ത്രി നല്കിയ സന്ദേശം അസംബ്ലിയില്‍ വായിക്കേണ്ടതാണ്. (ഈ സന്ദേശം വാട്ട്സ് ആപ്പ് മുഖേനയും ഇ മെയില്‍ വഴിയും ലഭ്യമാകും. എ.ഇ.ഒമാരും ഡി ഇ ഒ മാരും ഡി ഡി മാരും ഇതര വിഭാഗങ്ങളുടെ ജില്ലാ/മേഖലാതലത്തിലുള്ള മേലുദ്യോഗസ്ഥന്മാരും തങ്ങളുടെ പരിധിയിലുള്ള പ്രഥമ അധ്യാപകരുമായി ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പു വരുത്തണം.)
4. സ്കൂള്‍ കിണറിലെ വെള്ളം ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം ജലശുദ്ധീകരണത്തിനുള്ള ബ്ലീച്ചിംഗ് പൗഡറിട്ട് അണു വിമുക്തമാക്കേണ്ടതാണ്.
5. സ്കൂള്‍ ജലസംഭരണികള്‍ വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്. കുടിവെള്ള വിതരണ പൈപ്പ് ലൈനുകള്‍ മലിന ജലവുമായി സമ്ബര്ക്കമുണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
6. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. ഓര്‍ക്കുക, പകര്‍ച്ച വ്യാധികളുടെ മുഖ്യ സ്രോതസ്സുകളില്‍ ഒന്നാണ് കുടിവെള്ളം.
7. പാചകത്തിന് ഉപയോഗിക്കുന്നതും കഴിക്കാന്‍ ഉപയോഗിക്കുന്നതുമായ പാത്രങ്ങളുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടതാണ്. മാലിന്യം കലര്‍ന്ന വെള്ളത്തിലാവും അവ കഴുകി വച്ചിരിക്കുക. അതുകൊണ്ട് തിളച്ച വെള്ളത്തില്‍ മുക്കി വച്ച് അണു വിമുക്തമാകിയ ശേഷമേ അവ ഉപയോഗിക്കാവൂ. കുട്ടികള്‍ക്കും നിര്‍ദേശം നല്‍കുക.
8. ഓട് മേഞ്ഞ കെട്ടിടങ്ങളുടെ കഴുക്കോലിലും പട്ടികയിലും ഓടുകള്‍ക്കിടയിലും തകര്‍ന്നു വീണ മതിലുകളുടേയും കെട്ടിടങ്ങളുടേയും കല്ലുകള്‍ക്കിടയിലും ബഞ്ചുകളുടേയും ഡസ്കുകളുടേയും ഇടയിലും ഇഴ ജന്തുക്കള്‍ ഇല്ലായെന്ന് ഉറപ്പു വരുത്തേണ്ടതാണു.ആരോഗ്യവകുപ്പ് അധികൃതരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതാണു.
9. സ്കൂള്‍ മുറ്റത്ത് വന്‍ തോതില്‍ ചെളി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ അത് വെയിലേറ്റ് ഉണങ്ങി പൊടിയായി പറക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടാല്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ആലോചിച്ച് ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കേണ്ടതാണ്.
10. ടോയ്ലറ്റുകളുടെ ശുചിത്വം എല്ലാ ദിവസവും ഉറപ്പു വരുത്തേണ്ടതാണ്.
11. സ്കൂള്‍ മതിലുകള്‍ക്ക് വെള്ളം കയറി ബലക്ഷയം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതാണു.കുട്ടികള്‍ അത്തരം മതിലുകളില്‍ ചാടിക്കയറാനോ മതിലുകളോട് ചേര്‍ന്ന് കളിക്കാനോ അനുവദിക്കരുത്.
12. വെള്ളം കയറി ഉപയോഗശൂന്യമായ അരിയും പയറും മറ്റും ഫംഗസ് ബാധയുള്ളതിനാല്‍ ഉണക്കിയെടുത്ത് ഉപയോഗിക്കരുത്.അവ ഉടന്‍ തന്നെ നശിപ്പിക്കണം.
13. പ്രളയബാധക്കിരയായ സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷിത്വം എല്‍.എസ്.ജി.ഡി എഞ്ചിനിയര്‍മാരെ കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പ് വരുത്തണം.
14. വെള്ളപ്പൊക്കത്തില്‍ അടിഞ്ഞു കൂടിയ ചെളി,മാലിന്യങ്ങള്‍,ജീവികളുടെ അവശിഷ്ടങ്ങള്‍ എന്നിവ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതാണു.വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ ദുര്‍ഗ്ഗന്ധം വമിക്കുന്ന ചെളി പിന്നീട് വെയിലേറ്റ് ഉണങ്ങി അന്തരീക്ഷ വായുവിനെ മലിനപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ഇപ്പോഴേ സുരക്ഷിതമായ ഏതെങ്കിലും ഭാഗത്ത് കുഴിയെടുത്ത് മൂടുന്നത് നല്ലതായിരിക്കും.
15. പല സ്കൂളുകളിലും വെള്ളപ്പൊക്കത്തില്‍ നശിച്ച ലൈബ്രറി പുസ്തകങ്ങള്‍ വാരിക്കൂട്ടി ഇട്ടിരിക്കുന്നതായി കണ്ടു.കുട്ടികളെ ഉപയോഗിച്ച് ഇവ വെയിലത്ത് ഉണക്കാന്‍ വയ്പ്പിക്കുകയോ അടുക്കി വയ്പ്പിക്കുകയോ ചെയ്യരുത്.മാരകമായ അണുക്കളുടെ സ്രോതസ്സായിരിക്കും നനവാര്‍ന്ന ഈ പുസ്തകങ്ങള്‍.ഉപയോഗ യോഗ്യമല്ലെങ്കില്‍ അവ നശിപ്പിച്ചേക്കുക.അപകട സാധ്യതയുള്ളതോ രോഗബാധയുണ്ടാവാനിടയുള്ളതോ ആയ യാതൊരു പ്രവര്‍ത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയോ അവരുടെ സേവനം നിര്‍ബന്ധിക്കുകയോ ചെയ്യരുത്.
16. പ്രളയ ബാധയില്‍ നാശം നേരിട്ട സ്കൂള്‍ ലാബുകളിലെ രാസ വസ്തുക്കളും മറ്റും അപകടകരമായ നിലയില്‍ അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
17. പാഠ പുസ്തകങ്ങള്‍,യൂണിഫോം എന്നിവ നഷ്ടപ്പെട്ട കുട്ടികള്‍ നേരത്തേ നിര്‍ദ്ദേശിച്ച പ്രകാരം ഈ മാസം 31 നു മുന്‍പ് സ്കൂളില്‍ വിവരം റിപ്പോര്‍ട്ട് ചെയ്യണം. 29 ന് തുറക്കാന്‍ കഴിയാത്ത സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അതാത് സ്കൂള്‍ തുറന്ന് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാവും.
18. നോട്ട് ബുക്കുകള്‍,ഇന്‍സ് ട്ര മെന്റ് ബോക്സ്,സ്കൂള്‍ ബാഗ്,ഷൂസ് എന്നിവ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രാദേശികതലത്തിലോ ജില്ലാതലത്തിലോ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ / സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സ്പോണ്‍സര്‍ഷിപ്പിലൂടെ അവ ലഭ്യമാക്കാന്‍ ഡിഡി,ഡി ഇ ഒ,എ ഇ ഒ ,ഡി പി ഒ തുടങ്ങിയ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥന്മാര് ശ്രമിക്കേണ്ടതാണ്.
19. വിദ്യാഭ്യാസ വകുപ്പ് സ്പോണ്സര് ഷിപ്പിലൂടെ സമാഹരിച്ച് ജില്ലയില്‍ എത്തിക്കുന്ന നോട്ട് ബുക്കുകള്‍,ഷൂസ്,മറ്റ് പഠനോപകരണങ്ങള്‍ എന്നിവ പ്രളയ ബാധിത പ്രദേശങ്ങളിലെ എല്ലാ വിദ്യാലയങ്ങളിലും ആവശ്യക്കാരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കാന്‍ ഡി ഡി മാര്‍ ഡി ഇ ഒ മാര്‍ എ ഇ ഒ മാര്‍ തുടങ്ങിയവര്‍ നടപടി സ്വീകരിക്കേണ്ടതാണു.
20. മേല്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തേണ്ടതാണ്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍, ഫെയ്സ് ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പരമാവധി പ്രചാരണം നല്‍കേണ്ടതാണു.