പരപ്പ: ഉരുള്‍പൊട്ടലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരണവും സര്‍വ്വനാശവും വിതക്കുമ്ബോള്‍ പരപ്പ മുണ്ടത്തടത്ത് അപകട ഭീഷണിയിലായ കരിങ്കല്‍ ക്വാറക്കെതിരെ ജനരോഷം ഉയരുന്നു. ക്വാറക്ക് മുകളിലെ വലിയ ഭീമാകാരമായ കരിങ്കല്‍ ഏതു നിമിഷവും അടര്ന്നുവീണേക്കുമെന്ന ആശങ്കയിലാണ്.
ഇതോടെ ഭീഷണിയുയര്‍ത്തുന്ന കരിങ്കല്‍ മാറ്റണമെന്നാവശ്യപ്പെട്ട് വില്ലേജ് അധികൃതര്‍ ഉടമക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെയും ഇത് മാറ്റാനും ഉടമ തയ്യാറായിട്ടില്ല. ഫോറസ്റ്റോടു ചേര്‍ന്നു കിടക്കുന്ന കരിങ്കല്ക്വാറ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെങ്കിലും ഇതിന് എല്ലാവിധ അനുമതിയും സമ്ബാദിച്ചിട്ടുണ്ട്.
ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അനിയന്ത്രിതമായ മണ്ണെടുപ്പും കരിങ്കല്ക്വാറയും മൂലമാണ് വന്‍ ഉരുള്‍പൊട്ടലുണ്ടായതെന്ന കണ്ടെത്തല്‍ പരപ്പയിലെ ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കിയിട്ടുണ്ട്. ഇവിടെ ഉരുള്‍പൊട്ടലുണ്ടായാല്‍ വന്‍ ദുരന്തം തന്നെ സംഭവിച്ചേക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. മുണ്ടത്തടത്തെ കരിങ്കല്ക്വാറക്ക് അനുമതി നല്‍കിയതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങി. ഇന്ന് പരപ്പയിലെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.
‘ഒരു നിമിഷം ശ്രദ്ധിക്കൂ, നാളത്തെ ഇടുക്കി, വയനാട് നമ്മുടെ നാടാകണോ. മുണ്ടത്തടം കരിങ്കല്‍ ഖനനത്തിനെതിരെ പ്രതികരിക്കുക’ എന്നാണ് ബോര്‍ഡുകളില്‍ എഴുതിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരപ്പയിലെയും പരിസരങ്ങളിലെയും കരിങ്കല്‍ ക്വാറകള് ഇടിഞ്ഞുവീണ് നിരവധി പേര് മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഇത്തരം കരിങ്കല്ക്വാറകള്ക്ക് ചട്ടങ്ങള്‍ ലംഘിച്ചും അനുമതി നല്‍കിയതിനെതിരെയാണ് ജനങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.